ശ്രീനഗർ : വടക്കൻ കശ്‌മീരിലെ കുപ്‌വാരയിൽ നിന്ന് ആയുധങ്ങളുമായി പിടിയിലായ ഭീകരസംഘത്തിന് പിന്നിലെ പ്രധാന കണ്ണിയായ മുൻ സൈനികൻ അറസ്റ്റിലായതായി ഡൽഹി പൊലീസ്. 2023 ജനുവരി 31 ന് ഇന്ത്യൻ സൈന്യത്തിൽ നിന്ന് വിരമിച്ച റിയാസ് അഹമ്മദ് എന്നയാളാണ് വെള്ളിയാഴ്‌ച (04-02-24) അറസ്‌റ്റിലായത്. ന്യൂഡൽഹി റെയിൽവേ സ്‌റ്റേഷനിൽ നിന്ന് റെയിൽവേ പൊലീസാണ് ഇയാളെ കസ്‌റ്റഡിയിലെടുത്തത് (Key Conspirator Of Kupwara Terror Module).
വെള്ളിയാഴ്‌ച പുലർച്ചെ ഒന്നാം എക്‌സിറ്റ് ഗേറ്റ് വഴി രക്ഷപ്പെടാൻ ശ്രമിച്ച റിയാസ് അഹമ്മദിനെ തിരിച്ചറിഞ്ഞ പൊലീസ് ഉദ്യോഗസ്ഥർ ഇയാളെ സാഹസികമായി പിടികൂടുകയായിരുന്നെന്ന് ഡൽഹി പൊലീസ് പ്രസ്‌താവനയിൽ പറഞ്ഞു. ഈ സമയം ഇയാൾക്കൊപ്പം സുഹൃത്തായ മറ്റൊരു മുൻ സൈനികൻ കൂടിയുണ്ടായിരുന്നതായും ഡൽഹി പൊലീസ് അറിയിച്ചു.
ജനുവരി അവസാന വാരമാണ് നിയന്ത്രണ രേഖയ്‌ക്കപ്പുറത്തുനിന്ന് ഇന്ത്യയിലേക്ക് ആയുധങ്ങളും വെടിക്കോപ്പുകളും കടത്തുന്ന തീവ്രവാദ മൊഡ്യൂള്‍ കുപ്‌വാര പൊലീസ് തകർത്തത്. കുപ്‍വാരയിലെ കർണാ മേഖലയിൽ നിന്നാണ് വെടിക്കോപ്പുകളും ആയുധങ്ങളും സഹിതം അഞ്ചംഗ ഭീകരസംഘത്തെ പിടികൂടിയത്. ഇതുമായി ബന്ധപ്പെട്ട മുഖ്യ കണ്ണിയാണ് ഇപ്പോൾ അറസ്‌റ്റിലായ റിയാസ് അഹമ്മദ് എന്നാണ് വിവരം.
നിയന്ത്രണ രേഖയ്ക്ക് അപ്പുറത്തുനിന്ന് തീവ്രവാദികൾ എത്തിക്കുന്ന ആയുധങ്ങളും വെടിക്കോപ്പുകളും സ്വീകരിക്കാൻ ഖുർഷിദ് അഹമ്മദ് റാഥർ, ഗുലാം സർവാർ റാഥർ എന്നിവരുമായി ചേർന്ന് റിയാസ് അഹമ്മദ് ഗൂഢാലോചനയിൽ പങ്കെടുത്തതായി പൊലീസ് സംശയിക്കുന്നു.
Also Read: ജമ്മു കശ്‌മീരില്‍ ഭീകരാക്രമണം; മൂന്ന് സൈനികര്‍ക്ക് വീരമൃത്യു, മൂന്ന് പേര്‍ക്ക് പരിക്ക്
റിയാസ് അഹമ്മദിൻ്റെ പക്കൽ നിന്ന് പൊലീസ് മൊബൈൽ ഫോണും സിം കാർഡും കണ്ടെടുത്തു. കൂടുതൽ നടപടികൾക്കായി ജമ്മു കശ്‌മീരിലെ പൊലീസ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചിട്ടുണ്ട്. ഇയാൾക്കെതിരെ ഇന്ത്യൻ ശിക്ഷാനിയമത്തിലെ ഐപിസി 120 ബി, ഇന്ത്യൻ ആയുധ നിയമത്തിലെ 7/25, യുഎപിഎ നിയമത്തിലെ 13, 18, 20, 23, 38, 39 വകുപ്പുകളും ചുമത്തിയിട്ടുണ്ട്. ഇയാൾ ഉൾപ്പെട്ട ഗൂഢാലോചനയുടെ കൂടുതൽ വിവരങ്ങൾ കണ്ടെത്താൻ വിശദമായ അന്വേഷണത്തിനൊരുങ്ങുകയാണ് പൊലീസ്.