ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് ചട്ടലംഘനത്തിന്‍റെ പേരില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് ഇതുവരെ ലഭിച്ചത് 1,25,939 പരാതികള്‍. മാര്‍ച്ച് പതിനാറ് മുതല്‍ ഇന്നലെ (3-4-2024) വരെ സി വിജില്‍ ആപ്പ് വഴി ലഭിച്ച പരാതികളുടെ കണക്കാണിത്. ഈ പരാതികളില്‍ 1,25,551 എണ്ണവും തീര്‍പ്പാക്കിക്കഴിഞ്ഞു. 1,13481 എണ്ണം നൂറ് മിനിറ്റിനുള്ളില്‍ തന്നെ പരിഹരിച്ചു. 388 പരാതികളില്‍ നടപടികള്‍ തുടരുകയാണ്.
കേരളത്തില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ തെരഞ്ഞെടുപ്പ് ചട്ടലംഘന പരാതികള്‍ കിട്ടിയത്. 71,168 പരാതികളാണ് കേരളത്തില്‍ നിന്ന് കിട്ടിയത്. 14,684 പരാതികള്‍ കിട്ടിയ ഉത്തരാഖണ്ഡാണ് രണ്ടാം സ്ഥാനത്തുള്ളത്. കര്‍ണാടകയില്‍ നിന്ന് 13,959 പരാതികളും ആന്ധ്രയില്‍ നിന്ന് 7,055 പരാതികളും കിട്ടി. പശ്ചിമബംഗാളില്‍ നിന്ന് 3,126 പരാതികളാണ് ലഭിച്ചത്.
രാജസ്ഥാനില്‍ നിന്ന് 2,575 പരാതികളും തമിഴ്‌നാട്ടില്‍ നിന്ന് 2,168 പരാതികളുമുണ്ട്. മധ്യപ്രദേശില്‍ നിന്ന് 1,837 പരാതികളാണ് വന്നത്. ഒഡിഷയില്‍ നിന്ന് 1,829 പരാതികളും ഉത്തര്‍പ്രദേശ് അടക്കമുള്ള മറ്റ് സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും നിന്ന് 1,801 പരാതികളും കിട്ടി.
കേരളത്തിലെ ആകെ പരാതികളില്‍ 70929 എണ്ണവും തീര്‍പ്പാക്കിക്കഴിഞ്ഞു. 67,128 എണ്ണം നൂറ് മിനിറ്റിനുള്ളില്‍ പരിഹരിച്ചു. ആന്ധ്രാപ്രദേശില്‍ 7,052 എണ്ണം പരിഹരിച്ചു. ഇതില്‍ 6,308 എണ്ണം 100 മിനിറ്റിനുള്ളില്‍ തന്നെ പരിഹരിച്ചു.
മിസോറം, നാഗാലാന്‍ഡ്, ലഡാക്ക് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്ന് ഒറ്റ പരാതി പോലും ഉണ്ടായിട്ടില്ല. മേഘാലയയില്‍ നിന്ന് ആറും ദാദ്ര നാഗര്‍ഹവേലി, ദാമന്‍ ആന്‍ഡ് ദ്യുവില്‍ നിന്ന് പത്തും പരാതികള്‍ കിട്ടി. മണിപ്പൂരില്‍ നിന്ന് 12 പരാതികളാണ് ഉണ്ടായത്. ജമ്മു കശ്‌മീരില്‍ നിന്ന് 13 പരാതികളും പുതുച്ചേരിയില്‍ നിന്ന് പതിനാല് പരാതികളും ത്രിപുരയില്‍ നിന്ന് 19 പരാതികളും കിട്ടി.
കേരളത്തിലെ പരാതികളാണ് തീര്‍പ്പ് കല്‍പ്പിക്കാനുള്ളവയിൽ കൂടുതല്‍. 239 പരാതികളാണ് ഇനി പരിഹരിക്കാനുള്ളത്. കര്‍ണാടകത്തിലെ 38 ഉം പശ്ചിമ ബംഗാളിലെ 31ഉം, തമിഴ്‌നാട്ടിലെ 29 ഉം, ഉത്തരാഖണ്ഡിലെ 17 ഉം പരാതികളും പരിഹരിക്കാനുണ്ട്.
സിവിജില്‍ ഉപയോക്‌തൃ സൗഹൃദമായ ഒരു ആപ്പാണ്. ഇത് പൗരന്‍മാരെ ജില്ലാ കണ്‍ട്രോള്‍ റൂമുമായി ബന്ധിപ്പിക്കുന്നു. ഇതിന് പുറമെ റിട്ടേണിങ്ങ് ഓഫീസര്‍, ഫ്ലൈയിങ്ങ് സ്ക്വാഡുകള്‍ എന്നിവയുമായും ഇവരെ ബന്ധിപ്പിക്കുന്നുണ്ട്. ഈ ആപ്പ് ഉപയോഗിച്ച് വളരെ വേഗത്തില്‍ തന്നെ പെരുമാറ്റച്ചട്ട ലംഘനം റിപ്പോര്‍ട്ട് ചെയ്യാനാകുന്നു. റിട്ടേണിങ്ങ് ഓഫീസറുടെ ഓഫീസിലേക്ക് ചെല്ലേണ്ട ആവശ്യമില്ല. സിവിജില്‍ ആപ്പ് വഴി പരാതി നല്‍കുമ്പോള്‍ തന്നെ പരാതിക്കാരന് ഒരു യൂണിക് ഐഡി ലഭിക്കുന്നു. ഇതിലൂടെ പരാതിയുടെ സ്ഥിതി പരിശോധിക്കാനാകും.