ഹൈദരാബാദ്: തിരുവനന്തപുരത്ത് നിന്നും ന്യൂഡല്‍ഹിയിലേക്ക് പോകുകയായിരുന്ന കേരള എക്‌സ്‌പ്രസ് ട്രെയിൻ ബൈക്ക് യാത്രക്കാരന്‍റെ അശ്രദ്ധയെ തുടര്‍ന്ന് വൻ അപകടത്തില്‍പ്പെടാതെ രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്. തെലങ്കാന ഖമ്മം ജില്ലയിലെ പപ്പടപ്പള്ളി റെയിൽവേ സ്റ്റേഷന് സമീപത്തായി ഇന്നലെയാണ് (ഓഗസ്റ്റ് 26) സംഭവം. ട്രെയിൻ എത്തുന്നതിന് മുന്‍പ് ബൈക്കില്‍ പാളം മുറിച്ച് കടക്കാനായിരുന്നു യുവാവിന്‍റെ ശ്രമം.
എന്നാല്‍, അതിവേഗം ട്രെയിൻ വരുന്നത് കണ്ട് തനിക്ക് ബൈക്കുമായി പോകാൻ സാധിക്കില്ലെന്ന് മനസിലാക്കിയ യുവാവ് വാഹനം റെയില്‍ പാളത്തില്‍ ഉപേക്ഷിച്ചിറങ്ങി ഓടിമാറി. തലനാരിഴയ്‌ക്കാണ് ഇയാളും രക്ഷപ്പെട്ടത്. പിന്നാലെ, ട്രാക്കിലുണ്ടായിരുന്ന ഇരുചക്രവാഹനത്തെ ട്രെയിൻ ഇടിച്ചുതെറിപ്പിച്ചു.
ട്രെയിന് അടിയില്‍പ്പെട്ട ബൈക്ക് പൂര്‍ണമായും തകര്‍ന്നിരുന്നു. ട്രെയിന്‍റെ വേഗതയില്‍ പെട്രോള്‍ കത്താതിരുന്നത് കൊണ്ട് വൻ ദുരന്തം ഒഴിവായി. ലോക്കോ പൈലറ്റ് വിവരമറിയിച്ചതിനെ തുടര്‍ന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി ട്രാക്കില്‍ പരിശോധന നടത്തി. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു.
Also Read: ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെ സുഹൃത്തുക്കള്‍ ട്രെയിന്‍ തട്ടി മരിച്ചു