ന്യൂഡൽഹി: 2024 ലോക്‌സഭ തെരഞ്ഞെടുപ്പിന് ശേഷം ഇന്ത്യ സംഘം അധികാരത്തിൽ വരുമെന്നും എഎപി ഡല്‍ഹിക്ക് പൂർണ സംസ്ഥാന പദവി ഉറപ്പാക്കുമെന്നും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. പാർട്ടിയുടെ സൗത്ത് ഡൽഹി ലോക്‌സഭ സ്ഥാനാർഥി സാഹി റാം പഹൽവാന് വേണ്ടി കൽക്കാജിയിൽ നടത്തിയ യോഗത്തെ അഭിസംബോധന ചെയ്‌ത് സംസാരിക്കുകയായിരുന്നു കെജ്‌രിവാള്‍.
'ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലം ജൂൺ 4 ന് പ്രഖ്യാപിക്കുമ്പോൾ തങ്ങൾ പരാജയപ്പെടുമെന്ന വസ്‌തുതയാണ് ബിജെപിയെ അലട്ടുന്നത്. മോദിജി അധിക്ഷേപകരമായ വാക്കുകൾ ഉപയോഗിക്കുകയാണ്. ശരദ് പവാറിനെ അദ്ദേഹം വിശ്രമമില്ലാത്ത ആത്മാവ് എന്ന് വിശേഷിപ്പിച്ചു. മോദിജിക്ക് 74 വയസും പവാർ ജിക്ക് 84 വയസ്സുമാണ് പ്രായം. പ്രായമായ ഒരാളോട് ഇത്തരം ഭാഷ ഉപയോഗിക്കുന്നത് ശരിയാണോ?- കെജ്‌രിവാള്‍ ചോദിച്ചു.
'ജൂണ്‍ നാലിന് ഇന്ത്യ സഖ്യം അധികാരത്തില്‍ വരും. എഎപി പാര്‍ട്ടി സർക്കാരിന്‍റെ ഭാഗമാകും. ഡൽഹിക്ക് പൂർണ സംസ്ഥാന പദവി ഞങ്ങൾ ഉറപ്പാക്കും. ഡൽഹിയിൽ നല്ല സർക്കാർ സ്‌കൂളുകളും ആശുപത്രികളും ഉണ്ട്. എന്നാൽ ക്രമസമാധാനത്തില്‍ കാര്യമായ പ്രശ്‌നമുണ്ട്'- കെജ്‌രിവാള്‍ കൂട്ടിച്ചേർത്തു.