ന്യൂഡൽഹി : ഉത്തർപ്രദേശിലെ കസ്‌ഗഞ്ചിൽ ഉണ്ടായ അപകടത്തിൽ മരിച്ചവരുടെ ബന്ധുക്കൾക്കും പരിക്ക് പറ്റിയവർക്കും പ്രധാനമന്ത്രി ധനസഹായം പ്രഖ്യാപിച്ചു. മരണപ്പെട്ടവരുടെ ബന്ധുക്കൾക്ക് 2 ലക്ഷം രൂപ വീതവും പരിക്ക് പറ്റിയവർക്ക് 50,000 രൂപ വീതവുമാണ് പ്രഖ്യാപിച്ചത്. ധനസഹായം പ്രഖ്യാപിച്ചതായി പ്രധാനമന്ത്രിയുടെ ഓഫിസ് എക്‌സിൽ പോസ്‌റ്റ് ചെയ്‌തു. പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ (Prime Minister National Relief Fund) നിന്നാണ് ധനസഹായം നൽകുക.
ഇന്നലെയാണ് (24-02-2024) കസ്‌ഗഞ്ചിൽ തീർഥാടകരുമായി പോയ ട്രാക്‌ടർ ട്രോളി നിയന്ത്രണം നഷ്‌ടപ്പെട്ട് കുളത്തിലേക്ക് മറിഞ്ഞ് വലിയ അപകടം ഉണ്ടായത്. 24 പേരാണ് അപകടത്തിൽ മരണപ്പെട്ടത്. അതിൽ 13 സ്ത്രീകളും 8 കുട്ടികളുമാണ്. 15 പേർക്ക് ഗുരുതരമായ പരിക്കുണ്ട്.
രാവിലെ പത്ത് മണിയോടെയാണ് യുപിയിലെ ഇറ്റാഹ് ജില്ലയിലെ ജയ്‌താര ഗ്രാമത്തിൽ നിന്നുള്ള നാൽപതോളം തീർഥാടകരെയും കൊണ്ട് ഗംഗയിൽ പുണ്യസ്‌നാനം ചെയ്യാൻ കസ്‌ഗഞ്ചിലേക്ക് പോകുകയായിരുന്ന ട്രാക്‌ടറിന്‍റെ നിയന്ത്രണം വിട്ടത്. ട്രാക്‌ടർ പതിച്ച കുളത്തിന് എട്ട് അടിയോളം താഴ്‌ചയുണ്ട്. മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുമ്പോയാണ് ട്രാക്‌ടറിന്‍റെ നിയന്ത്രണം വിട്ട് അപകടം ഉണ്ടായത് എന്ന് ദൃസാക്ഷികൾ പൊലീസിനോട് പറഞ്ഞു.
പരിക്കേറ്റവരിൽ എട്ട് പേർ ജില്ല ആശുപത്രിയിലും മറ്റുള്ളവരെ അലിഗഡിലേക്കും റഫർ ചെയ്‌തതായി പൊലീസ് അറിയിച്ചു. അപകടത്തിൽ മരിച്ചവരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങൾക്ക് സർക്കാർ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ടെന്ന് കുടുംബാംഗങ്ങളെ കാണാൻ എത്തിയ റവന്യൂ സഹമന്ത്രി അനുപ് പ്രധാൻ പറഞ്ഞു.
സംഭവത്തിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ദുഃഖം രേഖപ്പെടുത്തി. അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് 2 ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപ വീതവും സർക്കർ വക നഷ്‌ടപരിഹാരം നൽകുമെന്നും പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് സൗജന്യ ചികിത്സ ഉറപ്പാക്കണമെന്ന് ജില്ല ഭരണകൂടത്തിന് നിർദേശം നൽകിയിട്ടുണ്ടെന്ന് യോഗി ആദിത്യനാഥ് അറിയിച്ചു.