കർണാടക: 2024-25 വർഷത്തെ ബജറ്റ് അവതരിപ്പിക്കാൻ ഒരുങ്ങി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. 8-ാം തവണയും മുഖ്യമന്ത്രി സ്ഥാനത്തെത്തിയ സിദ്ധരാമയ്യയുടെ 15-ാമത് ബജറ്റ് അവതരണമാണ് ഇത്. രാവിലെ 10.15നാണ് നിയമസഭയിൽ ബജറ്റ് അവതരിപ്പിക്കുക (CM Siddaramaiah to present Budget today).
3.80 ലക്ഷം കോടി രൂപയുടെ ബജറ്റായിരിക്കും അവതരിപ്പിക്കുകയെന്നാണ് പ്രതീക്ഷ. ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ കോൺഗ്രസ് സർക്കാരിന് ഇത് നിർണായക ബജറ്റാണ്. സംസ്ഥാനത്തെ ജനങ്ങൾക്ക് നികുതി ഭാരമേല്‍പ്പിക്കാതെ വികസനത്തിന് മാത്രം ഊന്നൽ നൽകുന്ന സന്തുലിത ബജറ്റാണ് ഇത്തവണ അവതരിപ്പിക്കുകയെന്നാണ് സൂചന.
നിലവിലെ സാമ്പത്തിക സ്ഥിതി, സർക്കാർ ചെലവിന്‍റെ പരമാവധി തുക, വലിയ അഞ്ച് ഗ്യാരണ്ടി ഭാരം എന്നിവ കൂടുതൽ വായ്‌പകളിലേക്ക് കടക്കാനുള്ള സാധ്യത വർദ്ധിപ്പിച്ചിട്ടുണ്ട്. 2024-25 വർഷത്തിൽ കർണാടക ഒരു ലക്ഷം കോടി രൂപ കടം വാങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നാണ് നിലവില്‍ റിപ്പോര്‍ട്ടുകള്‍. ഗ്യാരണ്ടികൾ കൂടാതെ, വിവിധ മേഖലകളിൽ നിക്ഷേപം ആകർഷിക്കാൻ ലക്ഷ്യമിട്ടുള്ള ചില പ്രധാന നയങ്ങൾ സിദ്ധരാമയ്യ പ്രഖ്യാപിച്ചേക്കും.
ബംഗളൂരുവിന് ബജറ്റിൽ കൂടുതൽ പ്രാധാന്യം ലഭിച്ചേക്കും. പ്രത്യേകിച്ച് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്‍റെ 'ബ്രാൻഡ് ബെംഗളൂരു' സംരംഭവും ബജറ്റിൽ ഇടംപിടിക്കുമെന്നാണ് പ്രതീക്ഷ. ബ്രാൻഡ് ബംഗളൂരുവിരിന് അടിത്തറ പാകാൻ കൂടുതൽ ഗ്രാന്‍റുകൾ നൽകാനുള്ള സാധ്യതയുണ്ട്. പ്രധാനമായും ടണൽ റോഡ് പദ്ധതിക്കായിരിക്കും ഗ്രാന്‍റ് നീക്കിവെക്കുകയെന്നാണ് സൂചന. ഇതുകൂടാതെ, മെട്രോ ലൈൻ നീട്ടൽ, മേൽപ്പാലം, റോഡ് വൈറ്റ് ടാപ്പിംഗ് എന്നിവയ്ക്ക് കൂടുതൽ ഫണ്ട് ലഭിക്കാൻ സാധ്യതയുണ്ട്.