ബെംഗളൂരു : ഹിന്ദുവിരുദ്ധ പരാമര്‍ശം നടത്തിയെന്ന ആരോപണത്തെ തുടര്‍ന്ന് കര്‍ണാടകയില്‍ സ്‌കൂള്‍ അധ്യാപികയെ ജോലിയില്‍ നിന്ന് പുറത്താക്കി. മംഗളൂരുവിലെ സെൻ്റ് ജേറോസ സ്‌കൂളിലെ അധ്യാപികയെ ആണ് പിരിച്ചുവിട്ടത്. സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥികളുടെ മാതാപിതാക്കളുടെയും ബിജെപി നേതാക്കളുടെയും പരാതിയെ തുടര്‍ന്നാണ് നടപടി.
മഹാഭാരതവും രാമായണവും സാങ്കൽപ്പികമാണെന്ന് പറഞ്ഞ് അധ്യാപിക കുട്ടികളില്‍ ഹിന്ദു വിരുദ്ധ വികാരം വളര്‍ത്താന്‍ ശ്രമിച്ചതായാണ് ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടി വിദ്യാര്‍ഥികളുടെ മാതാപിതാക്കള്‍ മംഗളൂരു സൗത്ത് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. ആരോപണ വിധേയയായ അധ്യാപികയെ സ്ഥാനത്ത് നിന്നും നീക്കി പുതിയ ആളെ നിയമിക്കുന്ന കാര്യം കത്തിലൂടെയാണ് വിദ്യാര്‍ഥികളുടെ മാതാപിതാക്കളെ സ്‌കൂള്‍ മാനേജ്‌മെന്‍റ് അറിയിച്ചത്.
വിഷയത്തില്‍ ഇടപെട്ട ബിജെപി എംഎല്‍എമാരായ ഭരത് വൈ ഷെട്ടിയും വേദവ്യാസ് കാമത്തും അധ്യാപികയ്‌ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. ചില സ്‌കൂളുകള്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ ഹിന്ദു വിരുദ്ധ വികാരം പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നത് ആദ്യത്തെ സംഭവമല്ല. ക്രിസ്‌ത്യൻ മാനേജ്‌മെന്‍റ് സ്‌കൂളുകളില്‍ കുട്ടികളെ അയക്കുന്ന കാര്യം ഹിന്ദുക്കള്‍ പുനരാലോചിക്കണമെന്നും എംഎല്‍എ ഭരത് വൈ ഷെട്ടി അഭിപ്രായപ്പെട്ടു.