ബെംഗളൂരു: 15 വർഷം മുമ്പ് കാണാതായ കർണാടക സ്വദേശിയെ കണ്ടെത്തി കുടുംബത്തിന് കൈമാറി. കർണാടകയിലെ ബാഗൽകോട്ട് ജില്ലയിലെ കണ്ടക്കൽ സ്വദേശി ആയിരുന്ന രാജ് മുഹമ്മദ് (46) ആണ് നീണ്ട 15 വർഷങ്ങൾക്ക് ശേഷം തന്‍റെ കുടുംബത്തിനരികെ എത്തുന്നത്. തമിഴ്‌നാട്ടിലെ തിരുപ്പട്ടൂർ ജില്ലയിലെത്തിയാണ് കുടുംബം രാജ് മുഹമ്മദിനെ സ്വീകരിച്ചത്. തിരുപ്പട്ടൂർ ജില്ല കലക്‌ടർ ദർപഖരാജ് ഐഎഎസ് ആണ് രാജ് മുഹമ്മദിനെ കുടുംബത്തിന് കൈമാറിയത്.
മുപ്പത്തിയൊന്നാം വയസിലാണ് ഇയാൾ നാടുവിടുന്നത്. തുടർന്ന് കേസ് രജിസ്‌റ്റർ ചെയ്യുകയും ജില്ല പൊലീസ് തെരച്ചിൽ നടത്തുകയും ചെയ്‌തിരുന്നു. 2020 ജൂണിലെ ലോക്‌ഡൗൺ ആണ് മാനസികനില തെറ്റിയ രാജിന് വീട്ടുകാരിലേക്കുള്ള വഴി തുറന്നത്. വാലാജയ്ക്ക് സമീപം അലഞ്ഞു നടക്കുന്ന ഇയാളെ മെഡിക്കൽ സംഘം കൊവിഡ് പരിശോധനയ്‌ക്ക് വിധേയനാക്കിയിരുന്നു. രാജിന് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് മനസിലാക്കിയ ഡോക്‌ടർമാർ ഇയാളെ തിരുപ്പട്ടൂരിലെ മാനസിക വൈകല്യമുള്ളവരുടെ പുനരധിവാസ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു.
പിന്നീടുള്ള വർഷങ്ങളിൽ രാജ് മുഹമ്മദ് ചികിത്സയിലായിരുന്നു. അവിടത്തെ ചികിത്സയിലും പരിചരണത്തിലും സുഖം പ്രാപിച്ച ശേഷം രാജ് തന്‍റെ നാടിനെക്കുറിച്ചുള്ള വിവരങ്ങൾ പുനരധിവാസ കേന്ദ്രത്തിലെ പ്രവർത്തകർക്ക് നൽകി. തുടർന്ന് രാജ് നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പ്രവർത്തകർ ഇയാളുടെ കുടുംബത്തെ കണ്ടെത്തുകയായിരുന്നു. പ്രദേശത്ത് കാണാതായവരുടെ വിവരങ്ങൾ ശേഖരിച്ച് വോട്ടർ രേഖകളിലെ പേരുകളുമായി ചേർത്തുവച്ച് പരിശോധിച്ചാണ് രാജ് മുഹമ്മദിൻ്റെ വിലാസം കണ്ടെത്തിയത്.
കണ്ടക്കൽ പോളിങ് സ്റ്റേഷൻ ഓഫിസർ ബിലാക്കി രാജ് മുഹമ്മദിൻ്റെ കുടുംബത്തെ വിവരമറിയിക്കുകയായിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ രാജ് മുഹമ്മദിൻ്റെ കുടുംബം തിരുപ്പത്തൂർ ജില്ലയിലെത്തി രേഖകൾ സമർപ്പിക്കുകയും, തുടർന്ന് ഇയാളെ സ്വീകരിക്കുകയുമായിരുന്നു.