ബെംഗളൂരു: കർണാടക ലോക്‌സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ പരാജയപ്പെടുത്തിയെങ്കിലും ബിജെപി-ജെഡിഎസ് സഖ്യം നേടിയ വോട്ടിൽ ഇടിവ്. ആകെ 28 പാർലമെന്‍റ് സീറ്റുകളിൽ 19 സീറ്റുകളാണ് ബിജെപി-ജെഡിഎസ് സഖ്യം വിജയിച്ചത്. ബിജെപിക്ക് 17 സീറ്റും ജെഡിഎസിന് 2 സീറ്റുമാണ് ലഭിച്ചത്. 9 സീറ്റുകൾ നേടിയ കോൺഗ്രസിന്‍റെ വോട്ട് വിഹിതത്തിൽ 45.43 ശതമാനമാണ് വർധനവ് രേഖപ്പെടുത്തിയത്.
അതേസമയം 2019-ലെ ലോക്‌സഭ തെരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോൾ കോൺഗ്രസിന് വലിയ മുന്നേറ്റമാണ് ഉണ്ടായത്. കോൺഗ്രസ്-ജെഡിഎസ് സഖ്യം രൂപീകരിച്ചിരുന്ന 2019ൽ കോൺഗ്രസിന് നേടാനായത് ഒരു സീറ്റ് മാത്രമായിരുന്നു. ബിജെപി 25 സീറ്റുകളും നേടിയിരുന്നു. എന്നാൽ ഇത്തവണത്തെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് 8 സീറ്റ് കൂടി നേടാനായി. കർണാടകയിൽ കോൺഗ്രസ് വോട്ട് വിഹിതം വർധിപ്പിച്ചിരിക്കുകയാണ്.
ഇത്തവണ കോൺഗ്രസിൻ്റെ വോട്ട് വിഹിതം 45.43 ശതമാനമായി ഉയർന്നു. 2019 ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ 1 സീറ്റ് നേടിയ കോൺഗ്രസിന് 32 ശതമാനം വോട്ട് മാത്രമാണ് ലഭിച്ചിരുന്നത്. 1,75,54,381 വോട്ടുകളാണ് ഇത്തവണ കോൺഗ്രസിന് സംസ്ഥാനത്ത് ലഭിച്ചത്. നേരത്തെ രണ്ടക്ക സീറ്റിലേക്ക് എത്താന്‍ കഴിയുമെന്ന് കോണ്‍ഗ്രസ് അവകാശപ്പെട്ടിരുന്നു. ഇതിന് കഴിഞ്ഞില്ലെങ്കിലും സംസ്ഥാനത്ത് വോട്ട് വിഹിതം വര്‍ധിപ്പിക്കാന്‍ കഴിഞ്ഞത് പാര്‍ട്ടിക്ക് ആത്മവിശ്വാസമാവും.
ബിജെപി വോട്ട് വിഹിതത്തിൽ കുറവ്: കഴിഞ്ഞ തവണ 25 സീറ്റിൽ വിജയിച്ച ബിജെപിക്ക് ഇത്തവണ നേടാനായത് 17 സീറ്റുകളാണ്. 51 ശതമാനമായിരുന്നു 2019 ലെ ബിജെപിയുടെ വോട്ട് വിഹിതം. എന്നാൽ ഇത്തവണ വോട്ട് വിഹിതം 46.04 ശതമാനമായി കുറഞ്ഞു. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് ഇത്തവണ ബിജെപിയുടെ വോട്ട് വിഹിതത്തിൽ അഞ്ച് ശതമാനത്തോളം കുറവുണ്ടായിട്ടുണ്ട്. ഇത്തവണ ബിജെപിയും കോൺഗ്രസും തമ്മിലുള്ള വ്യത്യാസം ഒരു ശതമാനത്തിൽ താഴെയാണ്. ബിജെപിക്ക് ആകെ ലഭിച്ചത് 1,77,97,699 വോട്ടുകളാണ്.
ജെഡിഎസ് വോട്ട് വിഹിതത്തിലും കുറവ്: അതേസമയം ബിജെപിയുമായി സഖ്യമുണ്ടാക്കിയ ജെഡിഎസിന് ഇത്തവണത്തേത് തൃപ്‌തികരമായ ഫലമാണ്. മത്സരിച്ച മൂന്ന് മണ്ഡലങ്ങളിൽ 2 എണ്ണത്തിലും സീറ്റ് നേടി. കഴിഞ്ഞ തവണ ജെഡിഎസ് വിജയിച്ച ഹാസൻ മണ്ഡലത്തിലാണ് ഇത്തവണ പരാജയം ഏറ്റുവാങ്ങിയത്.
മാണ്ഡ്യയിലും കോലാറിലുമാണ് ജെഡിഎസ് വിജയിച്ചത്. ഇത്തവണ 5.60 ശതമാനം വോട്ടുകളാണ് ജെഡിഎസിന് ലഭിച്ചത്. എന്നാൽ കഴിഞ്ഞ തവണ 10 ശതമാനത്തോളം വോട്ടുകൾ നേടിയിരുന്നു. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് ഇത്തവണ വോട്ടുകളുടെ എണ്ണത്തിൽ കുറവുണ്ടായിട്ടുണ്ട്. 21,63,203 വോട്ടുകളാണ് ഇത്തവണ ജെഡിഎസിന് ലഭിച്ചത്.
Also Read: കർണാടകയിൽ കോൺഗ്രസ് 15-20 സീറ്റുകൾ നേടും; എക്‌സിറ്റ് പോളുകൾ തള്ളി സിദ്ധരാമയ്യ