റായ്ച്ചൂർ (കർണാടക): പാവപെട്ട വിദ്യാർത്ഥികളുടെ പഠനം മുടങ്ങാതിരിക്കാൻ സൈക്കിൾ സമ്മാനിച്ച് കൂലിപ്പണിക്കാരനായ യുവാവ്. കർണാടകയിലെ റായ്ച്ചൂർ ജില്ലയിലെ തന്‍റെ ഗ്രാമത്തിലെ പാവപെട്ട വിദ്യാർത്ഥികൾക്കാണ് യുവാവ് സൈക്കിൾ സമ്മാനിച്ചത്. മൽക്കണ്ടിന്നി ഗ്രാമത്തിലെ നിർധന കുടുംബത്തിലെ വിദ്യാർത്ഥികൾക്ക് സൈക്കിൾ വാങ്ങുന്നതിനായി കഠിനാധ്വാനം ചെയ്‌ത് പണം സ്വരൂപിക്കുകയായിരുന്നു അഞ്ജനേയ യാദവ് എന്ന യുവാവ്.
ഗ്രാമത്തിലെ കുട്ടികൾക്ക് സ്‌കൂളിൽ എത്തണമെകിൽ മൂന്ന്, നാല് കിലോമീറ്റർ നടക്കണം. ഒന്ന് മുതൽ അഞ്ചാം ക്ലാസ് വരെയുള്ള കുട്ടികളും ഇത്രയും ദൂരം നടന്നാണ് ദിവസവും സ്‌കൂളിൽ എത്തുന്നത്. എന്നാൽ ഈ കാഴച ദിവസവേതനക്കാരനായ യാദവിന്‍റെ മനസിന് വലിയ വിഷമമുണ്ടാക്കുന്ന ഒന്നായിരുന്നു. കൂലിപ്പണിയെടുത്ത് താൻ അധ്വാനിച്ചുണ്ടാക്കിയ 40000 രൂപ വിദ്യാർത്ഥികൾക്ക് സൈക്കൾ വാങ്ങാനായി ഈ യുവാവ് സമ്മാനിച്ചു. 11 സൈക്കളുകളാണ് വാങ്ങിയത്. ഗ്രാമത്തിലെ വിദ്യാത്ഥികളെ സംബന്ധിച്ച് ഇത് വലിയൊരു ആസ്വാശം തന്നെയാണ്.
"എന്‍റ ഗ്രാമത്തിലെ കുട്ടികൾ സ്‌കൂളിലേക്ക് പോകുന്നത് ഞാൻ ശ്രദ്ധിച്ചിരുന്നു. സഹായിക്കണമെന്ന് ആദ്യം തന്നെ തോന്നി. തുടർന്നാണ് വിദ്യാർത്ഥികൾക്ക് സൈക്കിൾ നൽകാൻ ഞാൻ തീരുമാനിച്ചത്. അതിനായി ജോലി ചെയ്‌തു കിട്ടുന്ന പണത്തിൽ നിന്ന് ചെറിയൊരു തുക ദിവസവും മാറ്റിവയ്ക്കാൻ ആരംഭിച്ചു. അങ്ങനെ 40000 രൂപയിൽ അധികം ഞാൻ സ്വരൂപിച്ചു. പണം സ്വരൂപിച്ച ശേഷം 11 സൈക്കിളുകൾ വാങ്ങി എൻ്റെ ഗ്രാമത്തിലെ 11 വിദ്യാർത്ഥികൾക്ക് വിതരണം ചെയ്‌തു" - അഞ്ജനേയ യാദവ് പറഞ്ഞു.
"ഗതാഗത സൗകര്യങ്ങൾ ഇല്ലാത്ത ഗ്രാമങ്ങളിലെ കുട്ടികൾ ഏറെ ബുദ്ധിമുട്ടിയാണ് സർക്കാർ സ്‌കൂളുകളിൽ എത്തുന്നത്. ദിവസവും സ്‌കൂളിൽ പോകുന്ന വിദ്യാർത്ഥികളുടെ അവസ്ഥ ദയനീയമാണ്. സംസ്ഥാനത്തെ ദശലക്ഷം കുട്ടികൾക്കാണ് ഗതാഗത സൗകര്യങ്ങൾ ഇല്ലാത്തതിനാൽ വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്നത്. എന്‍റെ ഗ്രാമത്തിലെ സ്‌കൂൾ വിദ്യാർത്ഥികൾക്ക് ഞാൻ സൗജന്യമായി സൈക്കിൾ നൽകിയിട്ടുണ്ട്" യാദവ് കൂട്ടിച്ചേർത്തു