ബെംഗളൂരു : വിവാഹമോചിതയായ യുവതിക്കും മാനസിക വെല്ലുവിളി നേരിടുന്ന മകനും ജീവനാംശം നല്‍കാത്തയാളുടെ സ്വത്ത് കണ്ടുകെട്ടാന്‍ ഉത്തരവിട്ട് കര്‍ണാടക ഹൈക്കോടതി. ഉത്തരഹള്ളി സ്വദേശിയുടെ സ്വത്താണ് കണ്ടുകെട്ടാന്‍ ഉത്തരവിട്ടത്. സ്വത്ത് കണ്ടുകെട്ടുന്നതിനൊപ്പം 2012 ഏപ്രില്‍ മുതല്‍ മാസംതോറും നല്‍കേണ്ട 5000 രൂപ ജീവനാംശം നല്‍കാനും കോടതി നിര്‍ദേശിച്ചു.
വിവാഹമോചിതയായ തനിക്കും മകനും ജീവനാംശം നല്‍കുന്നില്ലെന്ന് കാണിച്ച് യുവതി നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ നിരീക്ഷണം. ജസ്റ്റിസുമാരായ അനു ശിവരാമൻ, അനന്ത് രാമനാഥ് ഹെഗ്‌ഡെ എന്നിവരടങ്ങിയ ബെഞ്ചിന്‍റേതാണ് ഉത്തരവ്. ഇയാളുടെ സ്വത്തില്‍ മുന്‍ ഭാര്യക്കും മകനും അവകാശമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സ്വത്ത് കണ്ടുകെട്ടാന്‍ കോടതി ആവശ്യപ്പെട്ടത്.
സ്വന്തം താത്‌പര്യത്തില്‍ യുവാവ് ഏതാനും വസ്‌തു വില്‍പ്പന നടത്തിയതായി യുവതി നല്‍കിയ പരാതിയിലുണ്ട്. അതും കൂടി കണക്കിലെടുത്താണ് നടപടിയെടുക്കാന്‍ കോടതി ഉത്തരവിട്ടത്. വിവാഹമോചിതയോടും മകനോടുമുണ്ടായ യുവാവിന്‍റെ പെരുമാറ്റത്തില്‍ കോടതി ഖേദം പ്രകടിപ്പിച്ചു. 2002ലാണ് ഇരുവരും വിവാഹമോചിതരായത്. തുടര്‍ന്ന് ഏതാനും വര്‍ഷം മാസം തോറും 1000, 2000 എന്നിങ്ങനെ നല്‍കിയിരുന്നു.
Also Read: 'ഭര്‍ത്താവിന്‍റെ ചെലവുകള്‍ കാരണം ഭാര്യയ്‌ക്കുള്ള ജീവനാംശം കുറയ്‌ക്കാനാകില്ല'; കര്‍ണാടക ഹൈക്കോടതി
എന്നാല്‍ പിന്നീട് ഈ തുക 5000 ആക്കി ഉയര്‍ത്തണമെന്ന് യുവതി ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് യുവാവ് ജീവനാംശം നല്‍കുന്നത് നിര്‍ത്തിയത്. ജീവനാംശ തുക ലഭിക്കാതെ പ്രയാസത്തിലായ യുവതി കോടതിയെ സമീപിക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് കോടതിയുടെ നടപടി.