ബെംഗളുരു: മുന്‍ഭര്‍ത്താവില്‍ നിന്ന് പ്രതിമാസം ആറ് ലക്ഷം രൂപ ജീവനാംശം വേണമെന്ന യുവതിയുടെ ആവശ്യം നിരാകരിച്ച് കര്‍ണാടക ഹൈക്കോടതി. ഇത്രയും പണം ചെലവാക്കണമെങ്കില്‍ സ്വന്തമായി അധ്വാനിച്ച് ഉണ്ടാക്കാനും കോടതി നിര്‍ദേശിച്ചു. കുടുംബ കോടതി അനുവദിച്ച ജീവനാംശ തുക വര്‍ധിപ്പിക്കണമെന്ന ആവശ്യവുമായാണ് യുവതി ജസ്റ്റിസ് ലളിത കന്നെഘന്‍റി അധ്യക്ഷയായ ബഞ്ചിന് മുന്നിലെത്തിയത്.
കോടതി നടപടികളും നിയമവും ദുരുപയോഗം ചെയ്യരുതെന്ന കൃത്യമായ സന്ദേശം കൂടിയാണ് ഈ നടപടിയിലൂടെ കോടതി നല്‍കിയിരിക്കുന്നത്. ഭര്‍ത്താവിന്‍റെ വരുമാനത്തിനനുസരിച്ച് ജീവനാംശം നല്‍കേണ്ടതില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. അവര്‍ക്ക് ആവശ്യമുള്ളത് മാത്രം നല്‍കിയാല്‍ മതിയാകും.
ഭര്‍ത്താവിന് പത്ത് കോടി രൂപയുണ്ടാക്കാന്‍ സാധിക്കുന്നുണ്ടാകാം. എന്ന് കരുതി അഞ്ച് കോടി രൂപ ഭാര്യയ്ക്ക് നല്‍കണമെന്ന് ഉത്തരവിടാനാകുമോ എന്നും കോടതി ആരാഞ്ഞു. ഒരു സ്‌ത്രീക്ക് ഇത്രയും പണം ചെലവിടണമെങ്കില്‍ സ്വന്തമായി തന്നെ ഉണ്ടാക്കണമെന്നും കോടതി കടുത്ത ഭാഷയില്‍ ചൂണ്ടിക്കാട്ടി.
A Must watch for all Men & Women.
— Joker of India (@JokerOf_India) August 21, 2024
Wife asked 6,16,300/ month as Maintenance, Honorable Judge said that this is exploitation & beyond tolerance. pic.twitter.com/TFjpJ61MHA
യഥാര്‍ഥ ചെലവുകള്‍ വ്യക്തമാക്കാന്‍ യുവതിക്ക് ഒരവസരം കൂടി നല്‍കുന്നുവെന്നും അതിനായി കോടതി അടുത്ത മാസം ഒന്‍പതിന് കേസ് വീണ്ടും പരിഗണിക്കുമെന്നും അറിയിച്ചു.
യുവതിക്ക് പോഷകാഹാരങ്ങള്‍ കഴിക്കേണ്ടതുണ്ട്. പുറത്ത് നിന്നാണ് ഭക്ഷണമെന്നും ഇതിനായി പ്രതിമാസം നാല്‍പ്പതിനായിരം രൂപ വേണമെന്നും യുവതിക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ അറിയിച്ചു. യുവതിയെ ഉപേക്ഷിച്ച് പോയ ഭര്‍ത്താവ് നിത്യവും വന്‍കിട ബ്രാന്‍ഡുകളുടെ തുണിത്തരങ്ങളാണ് ഉപയോഗിക്കുന്നത്.
അദ്ദേഹത്തിന്‍റെ ഷര്‍ട്ടിന് പതിനായിരങ്ങള്‍ വിലവരും. അതേസമയം യുവതി ധരിക്കുന്നത് പഴയ വസ്‌ത്രങ്ങളാണെന്നും അഭിഭാഷകന്‍ കോടതിയില്‍ ബോധിപ്പിച്ചു. വസ്‌ത്രത്തിന്‍റെ ചെലവ്, സൗന്ദര്യവര്‍ധക വസ്‌തുക്കള്‍, മരുന്ന് എന്നിവയും വേണം. മറ്റ് വസ്‌തുക്കള്‍ വാങ്ങാന്‍ അറുപതിനായിരം രൂപ വേണമെന്നും അഭിഭാഷകന്‍ കോടതിയില്‍ വ്യക്തമാക്കി.
കക്ഷികള്‍ക്ക് തര്‍ക്കിക്കാനുള്ള ചന്തയല്ല കോടതി. നിങ്ങളുടെ കക്ഷിക്ക് അത് മനസിലായിട്ടില്ല. അത് അവരെ ബോധ്യപ്പെടുത്തൂ എന്നും കോടതി അഭിഭാഷകനോട് പറഞ്ഞു. അവരുടെ യഥാര്‍ഥ ചെലവുകള്‍ വ്യക്തമാക്കാന്‍ അവസാനമായി ഒരു അവസരം കൂടി നല്‍കുകയാണെന്നും കോടതി പറഞ്ഞു.
ബാങ്ക് വിവരങ്ങള്‍ പ്രകാരം ഇവര്‍ക്ക് വിവിധ അക്കൗണ്ടുകളിലായി 63 ലക്ഷം രൂപയുടെ നിക്ഷേപമുണ്ടെന്ന് മുന്‍ഭര്‍ത്താവിന്‍റെ അഭിഭാഷകന്‍ അദിനാത് നാര്‍ദെ ചൂണ്ടിക്കാട്ടി. എന്നാല്‍, ഭാര്യയുടെ അഭിഭാഷകന്‍ ഇക്കാര്യം തള്ളിക്കളഞ്ഞു. ജീവനാംശം യഥാര്‍ഥ ചെലവല്ലെന്നും അതൊരു പ്രതീക്ഷിത ചെലവാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Also Read: 'വിവാഹമോചനം നിരാകരിക്കുന്നത് ക്രൂരത, തകർന്ന ബന്ധം തുടരാൻ നിർബന്ധിക്കരുത്': ഹൈക്കോടതി