ബെംഗളുരു: മൈസുരു നഗര വികസന അതോറിറ്റി( മുഡ-MUDA) അഴിമതി ആരോപണവുമായി ബിജെപി നടത്തുന്ന പദയാത്രയ്‌ക്കെതിരെ കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ രംഗത്ത്. പ്രശ്‌നമില്ലായ്‌മയില്‍ നിന്ന് പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കാനാണ് അവരുടെ ശ്രമമെന്നും ശിവകുമാര്‍ ആരോപിച്ചു.
അവരുടെ ഭരണകാലത്ത് എന്ത് ചെയ്‌തു എന്ന് കോണ്‍ഗ്രസ് ചോദിക്കാന്‍ ആഗ്രഹിക്കുന്നു. ബിജെപിയുടെ ഏറ്റവും അഴിമതി നിറഞ്ഞ ഭരണമായിരുന്നു അത്. വെറുതെ പദയാത്ര നടത്തുകയാണ് അവര്‍.
മുഡ അഴിമതിയില്‍ മുഖ്യമന്ത്രിസിദ്ധരാമയ്യയ്ക്ക് ഗവര്‍ണര്‍ തവര്‍ ചന്ദ് ഗെഹ്‌ലോട്ട് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. ഇത് പിന്‍വലിക്കണമെന്ന് മന്ത്രിസഭ യോഗം ആവശ്യപ്പെട്ടിട്ടുണ്ട്. ഈ മാസം 27നാണ് മുഖ്യമന്ത്രിക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. വിവരങ്ങള്‍ മന്ത്രിസഭ നേരത്തെ നല്‍കിയിട്ടുണ്ടെന്നും നോട്ടീസ് അതിനാല്‍ പിന്‍വലിക്കണമെന്നുമാണ് ആവശ്യം.
നാളെ മുതല്‍ ഏഴ് ദിവസമാണ് ബിജെപി പദയാത്രയ്ക്ക് ആഹ്വാനം ചെയ്‌തിരിക്കുന്നത്. നേരത്തെ സാമൂഹ്യ പ്രവര്‍ത്തക സ്നേഹമയി കൃഷ്‌ണയും കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കും മറ്റ് ഒന്‍പതുപേര്‍ക്കുമെതിരെ പരാതി നല്‍കിയിരുന്നു. മൈസുരു അര്‍ബന്‍ വികസന അതോറിറ്റിയില്‍ നിന്ന് നഷ്‌ടപരിഹാരം നേടാനായി വ്യാജ രേഖ ചമച്ചെന്ന് ആരോപിച്ചായിരുന്നു പരാതി.
സിദ്ധരാമയ്യ, ഭാര്യ പാര്‍വതി, ഭൂ ഉടമയെന്ന് അവകാശപ്പെട്ട ഭാര്യാസഹോദരന്‍ മലികാര്‍ജുന സ്വാമി ദേവരാജ്, അയാളുടെ കുടുംബം എന്നിവര്‍ക്കെതിരെ ആയിരുന്നു സ്നേഹമയിയുടെ പരാതി. വ്യാജ രേഖകള്‍ കാട്ടി കോടികള്‍ വിലയുള്ള ഭൂമി തട്ടിയെടുത്തെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. പരാതിയില്‍ നിരവധി ചോദ്യങ്ങള്‍ സ്നേഹമയി കൃഷ്‌ണ ഉയര്‍ത്തിയിട്ടുണ്ട്.