ബെംഗളൂരു: സംസ്ഥാനത്തെ 28 ലോക്‌സഭ സീറ്റുകളിൽ 15-20 സീറ്റുകളും കോൺഗ്രസ് നേടുമെന്ന് ഉറപ്പിച്ച് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാധ്യമ സർവേയാണ് എക്‌സിറ്റ് പോളുകളെന്നും സിദ്ധരാമയ്യ വിമർശിച്ചു. ശനിയാഴ്‌ച പുറത്തുവന്ന എക്‌സിറ്റ് പോൾ ഫലങ്ങളിൽ മോദി തുടർച്ചയായി മൂന്നാം തവണയും അധികാരം നിലനിർത്തുമെന്നായിരുന്നു പ്രവചനം.
ലോക്‌സഭ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ വൻ ഭൂരിപക്ഷം നേടുമെന്നാണ് മിക്ക പോളുകളും പ്രവചിക്കുന്നത്. കർണാടക ബിജെപി-ജെഡി(എസ്) സഖ്യം തൂത്തുവാരുമെന്നും ഫലങ്ങൾ പറയുന്നു. ഭരണകക്ഷിയായ കോൺഗ്രസ് രണ്ടക്കം കടക്കില്ലെന്നുമാണ് പ്രവചനം.
എന്നാൽ കർണാടകയിൽ തങ്ങൾ കൂടുതൽ സീറ്റുകൾ നേടുമെന്നാണ് സിദ്ധരാമയ്യ അവകാശപ്പെടുന്നത്. 'മോദി മീഡിയ പോൾ' എന്ന് എക്‌സിറ്റ് പോളുകളെ രാഹുൽ ഗാന്ധി ഞായറാഴ്‌ച വിശേഷിപ്പിച്ചിരുന്നു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പ്രസ്‌താവനയോട് യോജിക്കുകയാണ് കർണാടക മുഖ്യമന്ത്രിയും.
''നരേന്ദ്ര മോദിയുടെ മാധ്യമ സർവേയാണെന്നാണ് എക്‌സിറ്റ് പോളുകളോട് രാഹുൽ ഗാന്ധി പ്രതികരിച്ചത്. കർണാടകയിൽ ഞങ്ങൾ കൂടുതൽ സീറ്റുകൾ നേടും. 15-20 സീറ്റുകളിൽ വിജയിക്കും" സിദ്ധരാമയ്യ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. രാജ്യത്തുടനീളം ഇന്ത്യ ബ്ലോക്ക് 295 സീറ്റുകൾ നേടുമെന്നാണ് കോൺഗ്രസ് പ്രസിഡൻ്റ് മല്ലികാർജുൻ ഖാർഗെ പറഞ്ഞതെന്നും താൻ അതിനെ പിന്തുണക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം 2019-ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ബിജെപി വമ്പന്‍ നേട്ടം കൊയ്‌തിരുന്നു. അന്നത്തെ ഭരണകക്ഷിയായ കോൺഗ്രസ്-ജെഡിഎസ് സഖ്യത്തിന് ഓരോ സീറ്റ് വീതമായിരുന്നു വിജയിക്കാന്‍ കഴിഞ്ഞത്. ബിജെപിയാവട്ടെ 25 സീറ്റുകള്‍ നേടി. ഇത്തവണ സംസ്ഥാനത്ത് ജെഡി(എസ്) ബിജെപിയുമായി സഖ്യത്തിലാണ്. ഹാസൻ, മാണ്ഡ്യ, കോലാർ എന്നീ മൂന്ന് സീറ്റുകളില്‍ അവരാണ് മത്സരിക്കുന്നത്.