ബെംഗളൂരു : പതിനാറാം ധനകാര്യ കമ്മിഷൻ ഗ്രാന്‍റ് വിഹിതം സന്തുലിതവും സുതാര്യവുമാകുമെന്നാണ് സംസ്ഥാനത്തിന്‍റെ പ്രതീക്ഷയെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. പതിനാറാം ധനകാര്യ കമ്മിഷൻ ചെയർമാൻ ഡോ. അരവിന്ദ് പനഗരിയയുമായും മറ്റ് അംഗങ്ങളുമായും സിദ്ധരാമയ്യ ഇന്ന് നടത്തിയ കൂടിക്കാഴ്‌ചയിലാണ് ആവശ്യം ഉന്നയിച്ചത്. മന്ത്രിസഭാംഗങ്ങൾ, സർക്കാർ ചീഫ് സെക്രട്ടറി ഡോ. ശാലിനി രജനീഷ്, ധനകാര്യ വകുപ്പ് ഡെപ്യൂട്ടി ചീഫ് സെക്രട്ടറി എൽ.കെ അതിഖ്, മുതിർന്ന സർക്കാർ ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു. ആമുഖ പ്രസംഗത്തിലാണ് മുഖ്യമന്ത്രിയുടെ പരാമര്‍ശം.
നല്ല രീതിയിൽ മുന്നേറുന്ന സംസ്ഥാനങ്ങൾക്ക് നിതി ആയോഗ് തുല്യ പരിഗണന നൽകണമെന്ന് സിദ്ധരാമയ്യ കമ്മിറ്റിയില്‍ നിര്‍ദേശിച്ചു. തങ്ങളുടെ നികുതിപ്പണത്തിൽ നിന്ന് സംസ്ഥാനത്തിന് നേട്ടമുണ്ടാക്കുമെന്ന്, പുരോഗമിക്കുന്ന സംസ്ഥാനങ്ങളിലെ ജനങ്ങൾ പ്രതീക്ഷിക്കുന്നുണ്ട് എന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തിന്‍റെ പുരോഗതിയുടെ കേന്ദ്ര ബിന്ദുവാണ് കർണാടക. ദേശീയ ജിഡിപിയിൽ കർണാടകയുടെ സംഭാവന ഏകദേശം 8.4% ആണ്. രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ ജിഎസ്‌ടി കലക്ഷനുള്ള സംസ്ഥാനമാണിത്. ഏകദേശം 4 ലക്ഷം കോടിയോളം നികുതിപ്പണമാണ് സംസ്ഥാനത്ത് നിന്ന് നികുതിയായി കേന്ദ്രത്തിലേക്ക് വർഷംതോറും പോകുന്നത്. സംസ്ഥാനത്തിന് പ്രതിവർഷം നികുതി വിഹിതമായി 45,000 കോടി രൂപയും കേന്ദ്ര ഗ്രാന്‍റായി 15,000 കോടി രൂപയും ലഭിക്കുന്നു. കേന്ദ്രത്തിന് നൽകുന്ന ഓരോ രൂപയ്ക്കും 15 പൈസ മാത്രമാണ് സംസ്ഥാനത്തിന് തിരികെ ലഭിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.
14-ാം ധനകാര്യ കമ്മിഷനിൽ കേന്ദ്രത്തിൽ നിന്ന് സംസ്ഥാനത്തിനുള്ള നികുതി വിഹിതം 4.71% ആയിരുന്നു. എന്നാൽ 15-ാം ധനകാര്യ കമ്മിഷന്‍റെ കാലത്ത് ഇത് 3.64% ആയി കുറഞ്ഞു. നികുതി വിഹിതത്തിൽ 25% കുറവുണ്ടായി. ഇതുവഴി 2021-2026 വരെയുള്ള അഞ്ച് വർഷത്തിനിടെ സംസ്ഥാനത്തിന് 68,275 കോടി രൂപയുടെ നഷ്‌ടമുണ്ടായി.
സംസ്ഥാനത്തിന് 11,495 കോടി രൂപയുടെ പ്രത്യേക ഗ്രാന്‍റായി ധനകാര്യ കമ്മിഷൻ ശുപാർശ ചെയ്‌തിരുന്നു. എന്നാൽ ഈ ശുപാർശ കേന്ദ്ര സർക്കാർ അംഗീകരിച്ചിട്ടില്ല. 15-ാം ധനകാര്യ കമ്മിഷനുശേഷം സംസ്ഥാനത്തിന് ഏകദേശം 79,770 കോടി രൂപയുടെ നഷ്‌ടമുണ്ടായെന്നും സിദ്ധരാമയ്യ വ്യക്തമാക്കി.
കർണാടക സാമ്പത്തികമായി നല്ല നിലയിലാണെന്ന് തോന്നുമെങ്കിലും ഫണ്ട് ലഭ്യതയുടെ അഭാവം മൂലം പ്രതിസന്ധിയിലാണ്. സംസ്ഥാനങ്ങൾക്കുള്ള കേന്ദ്രത്തിന്‍റെ നികുതി വിഹിതത്തിന്‍റെ ഭാഗമല്ല സെസും സർചാർജുകളും. വർഷങ്ങളായി കേന്ദ്ര സർക്കാർ സെസിനും സർചാർജിനും കൂടുതൽ പ്രാധാന്യം നൽകുന്നുണ്ട്.
ഇത് സംസ്ഥാനങ്ങൾക്ക് വലിയ നഷ്‌ടമാണ് ഉണ്ടാക്കുന്നത്. ഇതുമൂലം 2017-18 മുതൽ 2024-25 വരെ ഏകദേശം 53,359 കോടി രൂപയാണ് കർണാടകയ്ക്ക് നഷ്‌ടമായത്. കേന്ദ്ര ധനസഹായത്തിൽ വൻ കുറവുണ്ടായിട്ടും അഞ്ച് ഗ്യാരണ്ടികൾ പോലെയുള്ള പദ്ധതികൾ നടപ്പാക്കി സംസ്ഥാന സർക്കാർ പ്രതിബദ്ധത പ്രകടിപ്പിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.
അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 55,586 കോടി രൂപയുടെ നിക്ഷേപം ബെംഗളൂരുവിന് ആവശ്യമുണ്ടെന്നും ഇതിൽ 27,793 കോടി രൂപയാണ് കേന്ദ്ര ഗ്രാന്‍റായി ആവശ്യപ്പെടന്നതായും സിദ്ധരാമയ്യ പറഞ്ഞു. സെസും സർചാർജും മൊത്തം നികുതി വരുമാനത്തിന്‍റെ 5% ആയി പരിമിതപ്പെടുത്തണം. സംസ്ഥാനങ്ങളുടെ നികുതി വിതരണ വിഹിതത്തിൽ കേന്ദ്രത്തിന്‍റെ നികുതിയേതര റോയൽറ്റിയും ഉൾപ്പെടുത്താൻ ഭേദഗതി വരുത്തണം. സംസ്ഥാനങ്ങളുടെ നികുതി വിഹിതത്തിന്‍റെ 60% ആ സംസ്ഥാനത്തിന് നൽകണം തുടങ്ങിയ ശുപാർശകളും സിദ്ധരാമയ്യ യോഗത്തിന് മുന്നില്‍വച്ചു.
Also Read : ഭൂമി കുംഭകോണ കേസില്‍ സിദ്ധരാമയ്യക്ക് 'പൂട്ട്'; പ്രോസിക്യൂട്ട് ചെയ്യാൻ ഗവര്‍ണറുടെ അനുമതി