ബെംഗളൂരു : കര്‍ണാടകയിലെ പ്രൈവറ്റ് കമ്പനികളിലെ ഗ്രൂപ്പ് സി, ഗ്രൂപ്പ് ഡി ജോലികള്‍ കന്നഡികര്‍ക്ക് 100 ശതമാനം സംവരണം നിർബന്ധമാക്കുന്ന ബില്ലിന് കർണാടക മന്ത്രിസഭ അംഗീകാരം നൽകി. തിങ്കളാഴ്‌ച ചേര്‍ന്ന മന്ത്രിസഭ യോഗത്തിലാണ് തീരുമാനം.
മുഖ്യമന്ത്രി സിദ്ധരാമയ്യ എക്‌സ് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. 'സംസ്ഥാനത്തെ എല്ലാ സ്വകാര്യ വ്യവസായങ്ങളിലും 'സി, ഡി' ഗ്രേഡ് തസ്‌തികകളിലേക്ക് 100 ശതമാനം കന്നഡികരെ നിയമിക്കുന്നതിനുള്ള ബില്ലിന് മന്ത്രിസഭ യോഗം അംഗീകാരം നൽകി. ഞങ്ങൾ കന്നഡ അനുകൂലികളാണ്. കന്നഡികരുടെ ക്ഷേമം സംരക്ഷിക്കുന്നതിനാണ് സർക്കാർ മുൻഗണന നല്‍കുന്നത്.' -സിദ്ധരാമയ്യ എക്‌സില്‍ കുറിച്ചു.
ബിൽ വ്യാഴാഴ്‌ച നിയമസഭയിൽ അവതരിപ്പിക്കുമെന്നാണ് നിയമവകുപ്പ് വൃത്തങ്ങൾ അറിയിക്കുന്നത്. വ്യവസായമോ ഫാക്‌ടറിയോ മറ്റ് സ്ഥാപനങ്ങളോ മാനേജ്‌മെന്‍റ് വിഭാഗങ്ങളില്‍ 50 ശതമാനം പ്രാദേശികരെയും നോൺ-മാനേജ്‌മെന്‍റ് വിഭാഗങ്ങളില്‍ 70 ശതമാമനം പ്രാദേശികരെയും നിയമിക്കണമെന്ന് ബില്ലില്‍ പറയുന്നതായി വാര്‍ത്ത ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്‌തു.
ഉദ്യോഗാർഥികൾ കന്നഡ ഒരു ഭാഷയായി തെരഞ്ഞെടുത്ത സെക്കൻഡറി സ്‌കൂൾ സർട്ടിഫിക്കറ്റോ നോഡൽ ഏജൻസി വ്യക്തമാക്കിയിട്ടുള്ള കന്നഡ പ്രാവീണ്യ പരീക്ഷ വിജയിക്കുകയോ ചെയ്യണം. യോഗ്യതയുള്ള പ്രാദേശിക ഉദ്യോഗാർഥികളെ ലഭിച്ചില്ലെങ്കിൽ, സർക്കാരോ ബന്ധപ്പെട്ട ഏജൻസികളോ മൂന്ന് വർഷത്തിനുള്ളിൽ പ്രാദേശികര്‍ക്ക് പരിശീലനം നല്‍കണമെന്നും ബില്ലില്‍ പറയുന്നു.
മതിയായ പ്രാദേശിക ഉദ്യോഗാർഥികളെ ലഭിച്ചില്ലെങ്കിൽ നിയമത്തിലെ വ്യവസ്ഥകളിൽ നിന്ന് ഇളവ് ലഭിക്കുന്നതിന് സർക്കാരിനോട് അപേക്ഷിക്കാവുന്നതാണ്. നിയമത്തിലെ വ്യവസ്ഥകൾ പാലിക്കുന്നതിനായി അസിസ്റ്റന്‍റ് ലേബർ കമ്മിഷണർ റാങ്കിൽ കുറയാത്ത ഒരു ഉദ്യോഗസ്ഥനെ അംഗീകൃത ഓഫിസറായി സർക്കാർ നിയമിക്കും. വ്യവസ്ഥകൾ ലംഘിക്കുന്ന സ്ഥാപനത്തിന് 10,000 രൂപ മുതൽ 25,000 രൂപ വരെ പിഴ ഈടാക്കണമെന്നും ബില്ലില്‍ പറയുന്നു. പിഴ ചുമത്തിയിട്ടും ലംഘനം തുടരുകയാണെങ്കിൽ ഓരോ ദിവസവും നൂറ് രൂപ വരെ പിഴ നീട്ടിയേക്കാവുന്ന ശിക്ഷ നല്‍കണമെന്നും ബില്‍ നിര്‍ദേശിക്കുന്നു.