ബെംഗളൂരു: ലോക്‌സഭ തെരഞ്ഞെടുപ്പിന് ഏതാനും ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ മാതൃ പാർട്ടി വിട്ട് കർണാടകയിലെ രണ്ട് നേതാക്കൾ. മുൻ ബിജെപി നേതാവും കൊപ്പൽ എംപിയുമായ കരദി സംഗണ്ണ ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്നു. അതേസമയം കോൺഗ്രസ് നേതാവായിരുന്നു അഖണ്ഡ് ശ്രീനിവാസ് മൂർത്തി എംഎൽഎ ബിജെപിയില്‍ ചേര്‍ന്നു.
മുൻ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയുടെ സാന്നിധ്യത്തിൽ വച്ചാണ് ശ്രീനിവാസ് മൂർത്തി തന്‍റെ അനുയായികൾക്കൊപ്പം ബിജെപി അംഗത്വം സ്വീകരിച്ചത്. കോൺഗ്രസ് വിട്ട് ബിഎസ്‌പിയിൽ ചേർന്ന അദ്ദേഹം ഇന്നാണ് പാർട്ടി അംഗത്വം രാജിവച്ച് ഭാരതീയ ജനതാ പാർട്ടിയിൽ ചേർന്നത്.
അതേസമയം കെപിസിസി ഓഫീസിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ, ഡിസിഎം ഡി.കെ. ശിവകുമാർ തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് കരദി സംഗണ്ണ കോൺഗ്രസിൽ ചേർന്നത്. കൊപ്പൽ സിറ്റിങ് എംപി കരദി സംഗണ്ണയ്ക്ക് ഇത്തവണ ബിജെപി സീറ്റ് നിഷേധിച്ചിരുന്നു. തുടർന്ന് പാർട്ടിയിൽ നിന്നും രാജിവക്കുകയായിരുന്നു അദ്ദേഹം.
ദാസറഹള്ളി കൃഷ്‌ണ മൂർത്തി, വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥൻ എ എസ് പുട്ടസ്വാമി, മാധ്യമപ്രവർത്തക സ്വാതി ചന്ദ്രശേഖർ തുടങ്ങിയവരും കോൺഗ്രസിൽ ചേർന്നു. മന്ത്രി ശിവരാജ് തങ്കഡഗി, മുൻ ഡിസിഎം ലക്ഷ്‌മൺ സവാദി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.