ന്യൂഡല്‍ഹി : രാജ്യത്തെ ന്യായാധിപന്‍മാരുടെ അംഗസംഖ്യയില്‍ ആശങ്ക പ്രകടിപ്പിച്ച് സുപ്രീം കോടതി ബാര്‍ അസോസിയേഷന്‍ അധ്യക്ഷന്‍ കപില്‍ സിബല്‍. ജഡ്‌ജിമാരുടെ അനുപാതം രാജ്യത്ത് വളരെ കുറവാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ജില്ല ജുഡീഷ്യറിയുടെ രണ്ട് ദിവസത്തെ ദേശീയ കോണ്‍ഫറന്‍സിന്‍റെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാരത് മണ്ഡപത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആയിരുന്നു പരിപാടിയുടെ ഉദ്ഘാടകന്‍. സുപ്രീം കോടതിയുടെ എഴുപത്തിയഞ്ചാം വാര്‍ഷികത്തോട് അനുബന്ധിച്ചുള്ള സ്‌മാരക നാണയവും സ്റ്റാമ്പും പ്രധാനമന്ത്രി പുറത്തിറക്കി. വിചാരണ കോടതി, ജില്ല-സെഷന്‍സ് എന്നീ തലങ്ങളില്‍ വന്‍തോതില്‍ കേസുകള്‍ കെട്ടിക്കിടക്കുന്നു. ഭയമോ പക്ഷപാതമോ കൂടാതെ നീതി നിര്‍വഹിക്കുന്നതിന് വിചാരണക്കോടതികളും, ജില്ലാ- സെഷന്‍ കോടതികളും കൂടുതല്‍ ശാക്തികരിക്കപ്പെടേണ്ടതുണ്ട്.
തന്‍റെ തൊഴില്‍ ജീവിതത്തിനിടയില്‍ വളരെ ചുരുങ്ങിയ സമയത്ത് മാത്രമാണ് താഴെത്തട്ടില്‍ പ്രതികള്‍ക്ക് ജാമ്യം കിട്ടിയിട്ടുള്ളത്. ഇത് തന്‍റെ മാത്രം അനുഭവമല്ല, മറിച്ച് സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് പോലും ഇതേ അനുഭവം തന്നെയാകും ഉണ്ടായിട്ടുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സുപ്രീം കോടതി രണ്ട് ദിവസത്തെ സമ്മേളനമാണ് സംഘടിപ്പിച്ചിരിക്കുന്നത്. കേന്ദ്രമന്ത്രി അര്‍ജുന്‍ രാം മെഗ്വാള്‍, ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് തുടങ്ങിയവര്‍ പരിപാടിയില്‍ സന്നിഹിതരായിരുന്നു.
Also Read: കടംവാങ്ങല്‍ പരിധി ഉയര്‍ത്താന്‍ സംസ്ഥാനത്തിന് അവകാശമുണ്ടോ?; സുപ്രീം കോടതിയില്‍ ചോദ്യവുമായി കേരളം