ചെന്നൈ (തമിഴ്‌നാട്): തൂത്തുക്കുടി ലോക്‌സഭ മണ്ഡലത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ഡിഎംകെ എംപി കനിമൊഴിയെ പാർട്ടിയുടെ പാർലമെന്‍ററി നേതാവായി നിയമിച്ചതായി ഡിഎംകെ അറിയിച്ചു. ശ്രീപെരുമ്പത്തൂർ എംപി ടിആർ ബാലുവിന് പകരമാണ് കനിമൊഴി ഇപ്പോൾ ലോക്‌സഭയിൽ ഡിഎംകെയുടെ അധ്യക്ഷയാകുന്നത്. ഏഴു തവണ എംപിയായ ടിആർ ബാലുവിന് പകരം അവർ ഇനി ലോക്‌സഭയിൽ പാർട്ടിയെ നയിക്കും.
ചെന്നൈ സെൻട്രൽ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ദയാനിധി മാരൻ ലോക്‌സഭയിലെ പാർട്ടിയുടെ ഉപനേതാവായിരിക്കുമെന്ന് ഡിഎംകെ അധ്യക്ഷനും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ എംകെ സ്‌റ്റാലിൻ പ്രസ്‌താവനയിൽ പറഞ്ഞു. നീലഗിരി മണ്ഡലത്തിൽ നിന്നുള്ള മുൻ കേന്ദ്രമന്ത്രി എ രാജയെ ലോക്‌സഭയിലെ വിപ്പായും തിരുച്ചി എൻ ശിവയെ ഡിഎംകെ രാജ്യസഭ നേതാവായും നിയമിച്ചു.
ഡിഎംകെ ട്രേഡ് യൂണിയൻ എൽപിഎഫ് ജനറൽ സെക്രട്ടറി എം ഷൺമുഖം രാജ്യസഭയിൽ ഉപനേതാവും മുതിർന്ന അഭിഭാഷകൻ പി വിൽസൺ രാജ്യസഭയിൽ പാർട്ടി വിപ്പും ആരക്കോണം എംപി എസ് ജഗത്രക്ഷകൻ ഇരുസഭകളിലും ഡിഎംകെ ട്രഷററായി പ്രവർത്തിക്കുമെന്നും പ്രസ്‌താവനയിൽ പറയുന്നു.
ALSO READ : 'തിരുവള്ളുവരെ കാവി ധരിപ്പിച്ചത് അപമാനകരം'; ആര്‍എന്‍ രവിക്കെതിരെ ആഞ്ഞടിച്ച് ഡിഎംകെ