ഹൈദരാബാദ്: ചണ്ഡീഗഡ് വിമാനത്താവളത്തിൽ തനിക്ക് നേരെയുണ്ടായ ആക്രമണം സിനിമാലോകം ആഘോഷിക്കുകയാണെന്ന് എംപിയായി തെരഞ്ഞെടുക്കപ്പെട്ട ബിജെപി സ്ഥാനാര്‍ഥിയും നടിയുമായ കങ്കണ റണാവത്ത്. തനിക്കെതിരെയുണ്ടായ ആക്രമണത്തില്‍ സിനിമാലോകം മൗനം പാലിക്കുകയാണെന്നും കങ്കണ പറഞ്ഞു. വിമാനത്താവളത്തില്‍ വച്ചുണ്ടായ മര്‍ദനത്തിന് പിന്നാലെ ഇന്നലെയാണ് (ജൂണ്‍ 6) താരം എക്‌സിലൂടെ ഇക്കാര്യം പറഞ്ഞത്.
'ഓള്‍ ഐസ് ഓണ്‍ റഫ, നിങ്ങള്‍ക്കും നിങ്ങളുടെ മക്കള്‍ക്കും ഇത്തരത്തിലുള്ള അനുഭവങ്ങള്‍ ഭാവിയില്‍ ഉണ്ടായേക്കാം. മറ്റാര്‍ക്കെങ്കിലും എതിരെയുണ്ടാകുന്ന ആക്രമണങ്ങള്‍ നിങ്ങള്‍ ആഘോഷിക്കുമ്പോള്‍ അത് നിങ്ങളിലേക്കും മടങ്ങി വരുന്ന ദിവസം ഉണ്ടായിരിക്കുമെന്നും' കങ്കണ പോസ്‌റ്റില്‍ പറഞ്ഞു.
വിഷയം സംബന്ധിച്ച് കങ്കണ മറ്റൊരു പോസ്‌റ്റ് കൂടി ഇന്‍സ്‌റ്റഗ്രാമില്‍ പങ്കിട്ടിരുന്നുവെങ്കിലും അത് പിന്നീട് ഡിലീറ്റ് ചെയ്‌തു. ''പ്രിയപ്പെട്ട സിനിമാ വ്യവസായമേ, എനിക്കെതിരെയുള്ള എയർപോർട്ട് ആക്രമണം നിങ്ങളെല്ലാവരും ആഘോഷിക്കുകയാണ്. എന്നാല്‍ നാളെ നിങ്ങള്‍ രാജ്യത്തെ ഏതെങ്കിലും തെരുവിലൂടെ നിരായുധരായി നടന്നാല്‍ നിങ്ങള്‍ക്കെതിരെയും ഇത്തരം ആക്രമണങ്ങളുണ്ടായേക്കാം. ഏതെങ്കിലും ഇസ്രയേലിയോ പലസ്‌തീനിയോ നിങ്ങളെയോ നിങ്ങളുടെ മക്കളെയോ ആക്രമിക്കും. അത് നിങ്ങള്‍ ബന്ദികള്‍ക്ക് വേണ്ടി ശബ്‌ദമുയര്‍ത്തുന്നത് കൊണ്ടാവാം. എന്നാല്‍ അന്ന് നിങ്ങള്‍ക്ക് കാണാനാവുക നിങ്ങളുടെ അഭിപ്രായ സ്വാതന്ത്രത്തിന് വേണ്ടി താന്‍ ശബ്‌ദമുയര്‍ത്തുന്നതായിരിക്കും''. എന്നാണ് കങ്കണ നേരത്തെ പോസ്‌റ്റിട്ടത്. എന്നാലിത് ഏതാനും സമയത്തിന് ശേഷം ഡിലീറ്റ് ചെയ്യുകയും ചെയ്‌തു.
അതേസമയം ആലിയ ഭട്ട്, പ്രിയങ്ക ചോപ്ര, കരീന കപൂര്‍, വരുണ്‍ ധവാന്‍, രശ്‌മിക മന്ദാന, സൊനാക്ഷി സിൻഹ, സാമന്ത റൂത്ത് പ്രഭു, ട്രിപ്റ്റി ദിമ്രി, ദിയ മിർസ, റിച്ച ഛദ്ദ തുടങ്ങിയ ബോളിവുഡ് താരങ്ങൾ പലസ്‌തീനിന് പിന്തുണ അറിയിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്‌റ്റിട്ടിട്ടുണ്ട്. "ഓൾ ഐസ് ഓൺ റഫ" എന്നതും താരങ്ങള്‍ പോസ്‌റ്റിനൊപ്പം ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഇന്നലെയാണ് (ജൂണ്‍ 6) ഛണീഗഡ് വിമാനത്താവളത്തില്‍ വച്ച് കങ്കണയ്‌ക്ക് സിഐഎസ്‌എഫ് ഓഫീസറുടെ മര്‍ദനമേറ്റത്. ഡല്‍ഹിയിലേക്കുള്ള വിമാനത്തില്‍ കയറാനൊരുങ്ങുമ്പോഴാണ് സംഭവം. കങ്കണ റണാവത്തിന് പിന്നാലെ എത്തിയ സിഐഎസ്‌എഫ് ഓഫിസര്‍ കുല്‍വീന്ദര്‍ കൗര്‍ മുഖത്തടിക്കുകയായിരുന്നു.
കര്‍ഷകര്‍ക്കെതിരെയുള്ള പ്രസംഗമാണ് ഉദ്യോഗസ്ഥയുടെ ആക്രമണത്തിന് കാരണം. കര്‍ഷക സമരവുമായി ബന്ധപ്പെട്ട് കങ്കണ നടത്തിയ ചില പ്രസ്‌താവനകളില്‍ കൗറിന് അസംതൃപ്‌തിയുണ്ടായിരുന്നുവെന്നാണ് വിവരം. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് സിഐഎസ്‌എഫ് അറിയിച്ചു.
സംഭവത്തിന് പിന്നാലെ കുല്‍വീന്ദര്‍ കൗറിനെ ജോലിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്‌തു. മര്‍ദനത്തിന്‍റെ വീഡിയോ അടക്കം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സിനിമ മേഖലയിലുള്ളവരെ വിമര്‍ശിച്ച് താരം പോസ്‌റ്റിട്ടത്.
Also Read: കങ്കണ റണാവത്തിന് സിഐഎസ്‌എഫ് ഓഫിസറുടെ മര്‍ദനം: കാരണമായത് കര്‍ഷകര്‍ക്കെതിരെയുള്ള പ്രസംഗം