ചെന്നൈ: വയനാടിൻ്റെ അവസ്ഥ കണ്ട് ജനങ്ങളിൽ മനുഷ്യത്വവും ക്ഷമയും വർധിപ്പിക്കണമെന്ന് കൽപന ചൗള അവാർഡ് ജേതാവായ നഴ്‌സ് സബീന. തമിഴ്‌നാട് സർക്കാരിൻ്റെ ആഭിമുഖ്യത്തിൽ നടന്ന 78ാമത് സ്വാതന്ത്ര്യദിന പരിപാടിയിലാണ് സബീന ഇക്കാര്യം പറഞ്ഞത്. ധീരതയ്ക്ക് സർക്കാർ നൽകുന്ന അവാർഡാണ് നീലഗിരി ജില്ലയിലെ നഴ്‌സായ സബീനയ്ക്ക് ലഭിച്ചത്. മുഖ്യമന്ത്രി എംകെ സ്റ്റാലിനാണ് അവാര്‍ഡ് സമ്മാനിച്ചത്.
'ഞാൻ നീലഗിരി ജില്ലയിൽ നഴ്‌സായി ജോലി ചെയ്യുകയാണ്. വയനാട്ടിലെ ഉരുൾപൊട്ടലുണ്ടായ സമയത്ത് മുണ്ടക്കൈ, ചൂരൽമല മേഖലകളിൽ കുത്തിയൊലിക്കുന്ന മലവെള്ളപ്പാച്ചിലിന് അപ്പുറത്ത് കുറെ ആളുകൾ ഒറ്റപ്പെട്ടും പരിക്കേറ്റും ഉണ്ടായിരുന്നു. അവരെ ശുശ്രൂഷിക്കുന്നതിനായി സൈനികൾ പുരുഷ നഴ്‌സുമാരെ ആവശ്യപ്പെട്ടു. എന്നാൽ അപ്പോൾ പുരുഷ നഴ്‌സുമാർ ആ സമയത്ത് അവിടെ ഇല്ലാത്തതിനാൽ എൻ്റെ സർവ്വ ധൈര്യവുമെടുത്ത് അവരെ ശുശ്രൂഷിക്കുന്നതിനായി സിപ്പ്ലൈനിലൂടെ നദിക്ക് കുറുകെ കടക്കുകയായിരുന്നു'വെന്ന് സബീന ഇടിവി ഭാരതിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
'അത് പോലെ കഴിഞ്ഞ മൂന്ന് വർഷമായി നീലഗിരി ജില്ലയിൽ കാൻസർ ചികിത്സ നൽകുന്നു. അതിനാൽ ഗുരുതരമായി പരിക്കേറ്റവരെ കാണുമ്പോൾ ഇപ്പോൾ ഒരു ഭയവുമില്ല. അവിടെ പോയി ചികിത്സ നൽകിയതിനാണ് തമിഴ്‌നാട് സർക്കാർ കൽപന ചൗള അവാർഡ് നൽകിയത്. ഞാൻ ഇത് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. വയനാട്ടിലുണ്ടായ ദുരന്തം നോക്കുമ്പോൾ ആളുകൾ കൂടുതൽ ക്ഷമയും മനുഷ്യത്വവും കാണിക്കേണ്ടതുണ്ടെന്ന് എനിക്ക് തോന്നുന്നു. നഴ്‌സുമാർ മനുഷ്യത്വത്തിൻ്റെ അടിസ്ഥാനത്തിലാണ് സേവനം ചെയ്യുന്നതെന്നും സബീന പറഞ്ഞു.
വയനാട്ടിലെ ഉരുൾപൊട്ടലുണ്ടായ മുണ്ടക്കൈ, ചൂരൽമല മേഖലകളിൽ കുത്തിയൊലിക്കുന്ന മലവെള്ള പാച്ചിലിന് മുകളിലൂടെ സിപ് ലൈനിൽ തൂങ്ങിയെത്തിയാണ് സബീന 35 പേർക്ക് പ്രാഥമിക ശുശ്രൂഷ നൽകിയത്. തമിഴ്‌നാട് ആരോഗ്യമന്ത്രിയാണ് അവാർഡ് പ്രഖ്യാപിച്ചത്. സൈനികർ പുരുഷ നഴ്‌സുമാരെ ആവശ്യപ്പെട്ടുവെങ്കിലും ആ സമയത്ത് ലഭ്യമല്ലാതെ വന്നതോടെ സബീന തൻ്റെ മനോധൈര്യത്താൽ സിപ്‌ലൈനിൽ തൂങ്ങി ബാധിക്കപ്പെട്ടവർക്ക് ശുശ്രൂഷ നൽകുകയായിരുന്നു. പിന്നീട് സിപ് ലൈനിലൂടെ തൂങ്ങി മറുകരയിലെത്താൻ ഡോക്‌ടർമാർക്കും മറ്റ് പുരുഷ നഴ്‌സുമാർക്കും ധൈര്യം പകരാനും സബീന മുന്നോട്ട് വന്നു.
ചൂരൽമലയിൽ നിന്ന് മുണ്ടക്കൈയിലേക്കുള്ള പാലം ഉരുൾപൊട്ടലിൽ തകർന്നതോടെയാണ് മറുകരയിലേക്ക് ഇത്തരത്തിൽ പോകേണ്ടി വന്നത്. സബീനയുടെ പ്രവർത്തിയെ സമൂഹ മാധ്യമങ്ങളിലടക്കം അഭിനന്ദിച്ചുകൊണ്ട് നിരവധി ആളുകൾ രംഗത്തെത്തിയിരുന്നു.
ആരാണ് ഈ സബീന?
എഎൻഎമ്മിൽ ഡിപ്ലോമ നേടിയയാളാണ് സബീന. നീലഗിരി ജില്ലയിലെ ഗൂഡല്ലൂരിൽ ശിഹാബ് തങ്ങൾ സെൻ്റർ ഫോർ ഹ്യുമാനിറ്റി (എസ്‌ടിഎസ്എച്ച്) ഹെൽത്ത് കെയർ ആതുര സേവന വളണ്ടിയർ വിഭാഗത്തിലാണ് ജോലി ചെയ്യുന്നത്.
Also Read: അണക്കെട്ടിലെ ഒഴുക്കിൽപെട്ട യുവാക്കളെ രക്ഷിച്ച വനിതകൾക്ക് കൽപന ചൗള അവാർഡ് നൽകും