ബെംഗളൂരു : എപിജെ അബ്‌ദുള്‍ കലാമിൻ്റെ പേരിലുള്ള ലോക റെക്കോർഡിന് ഉടമയായി ഏവരെയും അത്ഭുതപ്പെടുത്തുകയാണ് 14 മാസം മാത്രം പ്രായമുള്ള മനസ്‌മിത. 500 വാക്കുകളും 336 വസ്‌തുക്കളും തിരിച്ചറിയുന്ന ലോകത്തിലെ ആദ്യ കുട്ടിയാണ് മനസ്‌മിത.
ചിക്കമംഗളൂരു ജില്ലയിലെ കമ്പിഹള്ളി സ്വദേശിയും നിലവിൽ ബെംഗളൂരുവിലെ ആർടി നഗറിൽ താമസിക്കുകയും ചെയ്യുന്ന ഡിഎം ധനലക്ഷ്‌മി കുമാരിയുടെയും കെ ഹുലിയപ്പ ഗൗഡയുടെയും മകളാണ് അസാധാരണമായ ഗ്രാഹ്യശേഷിയുള്ള ഈ കുഞ്ഞ് പ്രതിഭ (14-month baby girl emerged as 'Kalam World Records' holder).
കുട്ടിയുടെ അമ്മ ഡിഎം ധനലക്ഷ്‌മി കുമാരി വീട്ടമ്മയും, പിതാവ് കെ ഹുലിയപ്പ ഗൗഡ ഇന്ത്യൻ ആർമിയിൽ സേവനമനുഷ്‌ഠിച്ച് വിരമിച്ചയാളുമാണ്. കന്നഡ, ഇംഗ്ലീഷ് അക്ഷരമാല, കർണാടകയിലെ 8 ജ്ഞാനപീഠ അവാർഡ് ജേതാക്കൾ, ദേശീയ മൃഗം, പഴം, പക്ഷി, പതാക പുഷ്‌പം, കന്നഡ, ഇംഗ്ലീഷിലെ സംഖ്യകൾ എന്നിവയൊക്കെയാണ് 14 മാസം പ്രായമുള്ള കുഞ്ഞു മനസ്‌മിത തിരിച്ചറിഞ്ഞത്.
കൂടാതെ പതിനേഴുതരം പഴങ്ങൾ, ഇരുപത്തിയാറുതരം പച്ചക്കറികൾ, ഇരുപത്തിയഞ്ച് പക്ഷികൾ, ഇരുപത്തിയേഴ് മൃഗങ്ങൾ, പന്ത്രണ്ട് പ്രാണികൾ, അഞ്ച് ഉരഗങ്ങൾ, പത്ത് സ്വാതന്ത്ര്യ സമര സേനാനികൾ, പതിനൊന്ന് കടൽ ജീവികൾ, ഏഴ് രാജ്യങ്ങളുടെ പതാകകൾ, ഇന്ത്യയിലെ ഏഴ് ചരിത്ര സ്ഥലങ്ങൾ, പത്ത് പൂക്കൾ, ഏഴ് ഇന്ത്യൻ കറൻസികള്‍, പത്ത് നിറങ്ങൾ, പതിനാല് രൂപങ്ങൾ, ഏഴ് കളിപ്പാട്ടങ്ങൾ, പതിനൊന്ന് തരം ചെടികൾ, അഞ്ച് ഇലകൾ എന്നിവയുടെ അംഗീകൃത പേരുകളും, മനുഷ്യന്‍റെ പത്തൊന്‍പത് ശരീരഭാഗങ്ങൾ, ഏഴ് ശാസ്ത്രജ്ഞർ, 336 വ്യത്യസ്‌ത വസ്‌തുക്കൾ, 500 വാക്കുകൾ തുടങ്ങിയവയും കുഞ്ഞു മനസ്‌മിത തിരിച്ചറിഞ്ഞ ലിസ്റ്റില്‍ ഉള്‍പ്പെടുന്നു.
കലാം വേൾഡ് റെക്കോർഡ്‌സ് ഓർഗനൈസേഷൻ മനസ്‌മിതയെ അസാധാരണമായ ഗ്രാഹ്യശേഷിയുള്ള പ്രതിഭയായി അംഗീകരിച്ചു. മാർച്ച് 3ന് ലോക റെക്കോർഡ് ബഹുമതി വിതരണ ചടങ്ങിൻ്റെ വേദിയിൽ കുഞ്ഞിനെ ആദരിക്കുകയും ചെയ്‌തു. കേവലം 14 മാസം കൊണ്ടാണ് കുഞ്ഞ് ഈ റെക്കോർഡ് സ്വന്തമാക്കിയത് എന്നതാണ് ഏവരെയും അത്ഭുതപ്പെടുത്തുന്നത്.