ന്യൂഡല്‍ഹി: സ്വാതന്ത്ര്യദിനത്തില്‍ ഡല്‍ഹിയില്‍ പതാക ഉയര്‍ത്തുക മന്ത്രി കൈലാഷ് ഗെലോട്ട്. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്‍റെ നിര്‍ദ്ദേശപ്രകാരം ഡല്‍ഹി ലഫ്റ്റനന്‍റ് ഗവര്‍ണറാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ലഫ്റ്റനന്‍റ് ഗവര്‍ണര്‍ വികെ സക്സേനയുടെ സെക്രട്ടറി ആശിഷ് കുന്ദ്ര ചീഫ് സെക്രട്ടറി നരേഷ് കുമാറിന് അയച്ച കത്തില്‍ ഇക്കാര്യം അറിയിച്ചു.
മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ജയിലില്‍ കഴിയുന്ന സാഹചര്യത്തില്‍ ഇത്തവണ സ്വാതന്ത്ര്യദിനത്തില്‍ പതാക ഉയര്‍ത്താന്‍ വിദ്യാഭ്യാസ മന്ത്രി അതിഷി സിങിനെ അദ്ദേഹം നിയോഗിച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി അദ്ദേഹം ജയിലില്‍ നിന്ന് ലഫ്റ്റനന്‍റ് ഗവര്‍ണര്‍ക്ക് കത്ത് എഴുതിയിരുന്നു. എന്നാല്‍ ഇത്തരമൊരു കത്ത് തങ്ങള്‍ക്ക് ലഭിച്ചില്ലെന്നാണ് ലഫ്റ്റനന്‍റ് ഗവര്‍ണറുടെ ഓഫിസ് പറയുന്നത്.
മുഖ്യമന്ത്രി അയച്ച കത്ത് തിഹാര്‍ ജയില്‍ അധികൃതര്‍ തടയുകയായിരുന്നു. ഇത്തരത്തില്‍ കത്തെഴുതുന്നത് അധികാര ദുര്‍വിനിയോഗമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. ഇതിന് പിന്നാലെ മന്ത്രി ഗോപാൽ റായ് തിഹാർ ജയിലിൽ വച്ച് കെജ്‌രിവാളുമായി കൂടിക്കാഴ്‌ച നടത്തി. ഇതിനിടെ തലസ്ഥാനത്ത് പതാക ഉയര്‍ത്താന്‍ കെജ്‌രിവാള്‍ മന്ത്രി അതിഷിയെ നിര്‍ദേശിച്ചു. ഇതേ തുടര്‍ന്ന് മന്ത്രി ഗോപാൽ റായ് ജിഎഡി വകുപ്പിന് ഉത്തരവും നൽകി.
മുഖ്യമന്ത്രിയുടെ തീരുമാനപ്രകാരം കാബിനറ്റ് മന്ത്രി അതിഷി ഓഗസ്റ്റ് 15ന് പതാക ഉയർത്തുമെന്ന ഉത്തരവും പുറത്തിറങ്ങി. പതാക ഉയർത്തുന്നതിനുള്ള എല്ലാ തയ്യാറെടുപ്പുകളും ജിഎഡി വകുപ്പ് നടത്തണമെന്നും ഗോപാൽ റായ് നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഇതെല്ലാം കാറ്റില്‍ പറത്തി സ്വാതന്ത്ര്യദിനത്തില്‍ പതാക ഉയർത്താൻ ഗതാഗത മന്ത്രി കൈലാഷ് ഗെലോട്ടിനെ ലെഫ്റ്റനൻ്റ് ഗവർണർ നാമനിർദേശം ചെയ്‌തു.
ലഫ്റ്റനൻ്റ് ഗവർണർക്ക് ഡൽഹിയിലെ ഏത് മന്ത്രിയെയും നോമിനേറ്റ് ചെയ്യാമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയ സാഹചര്യത്തിലാണ് നടപടി. അധികാരത്തിലേറിയ ശേഷം എല്ലാക്കൊല്ലവും മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളാണ് സ്വാതന്ത്ര്യദിനത്തില്‍ പതാക ഉയര്‍ത്തിയിരുന്നത്. എന്നാല്‍ മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ജയിലില്‍ കഴിയുന്നതിനാല്‍ ഇക്കുറി അദ്ദേഹത്തിന് അത് സാധിക്കില്ല.