ജാർഖണ്ഡ് : ജെഎംഎം എംഎൽഎയും ഹേമന്ത് സോറൻ്റെ സഹോദര ഭാര്യയുമായ സീത സോറൻ ബിജെപിയിൽ. പാർട്ടിയിൽ നിന്ന് അവഗണന നേരിടുന്നെന്ന് ചൂണ്ടിക്കാട്ടിയാണ് അവര്‍ ജെഎംഎം വിട്ടത്. രാജിവച്ച സീത ഡൽഹിയിൽ ബിജെപി ആസ്ഥാനത്തെത്തി പാർട്ടി അംഗത്വം സ്വീകരിച്ചു.
ഇന്ന് രാവിലെയാണ് പാർട്ടി അധ്യക്ഷനും ഭർതൃ പിതാവുമായ ഷിബു സോറന് സീത രാജിക്കത്ത് കൈമാറിയത്. ശേഷം നിയമസഭാംഗത്വവും രാജിവച്ചു. ബഹുമാനപ്പെട്ട ബാബ എന്ന് അഭിസംബോധന ചെയ്‌തുതുടങ്ങുന്ന രാജിക്കത്തിൽ തന്‍റെ ഭർത്താവിന്‍റെ മരണശേഷം താനും കുടുംബവും തുടർച്ചയായി അവഗണന നേരിടുന്നതായി വ്യക്തമാക്കുന്നു.
പാർട്ടിയും കുടുംബവും തങ്ങളെ മാറ്റി നിർത്തി. ഇത് തങ്ങളെ വളരെ ഏറെ നിരാശരാക്കിയിരുന്നു. എന്നാൽ വഴിയേ സ്ഥിതി മാറുമെന്ന് കരുതിയെങ്കിലും അത് ഉണ്ടായില്ലെന്നും അവർ പറയുന്നു. തനിയ്ക്കും തന്‍റെ കുടുംബത്തിനുമെതിരെ ഗൂഢാലോചന നടക്കുന്നതായി ഈ അടുത്താണ് അറിഞ്ഞത്. അതുകൊണ്ടുതന്നെ താൻ പാർട്ടി വിടുകയാണെന്നും സീത അറിയിച്ചു. ബിജെപി ദേശീയ ജനറൽ സെക്രട്ടറി താവ്‌ദെ ഉൾപ്പടെയുള്ള നേതാക്കൾ പങ്കെടുത്ത ചടങ്ങിൽവച്ചാണ് സീത പാർട്ടി അംഗത്വം സ്വീകരിച്ചത്.
വളരെ വേദനാജനകമായ തീരുമാനമെന്നായിരുന്നു ബിജെപിയിൽ ചേർന്നതിനുശേഷം സീതയുടെ ആദ്യ പ്രതികരണം. 14 വർഷം ജെഎംഎമ്മിനെ താൻ സേവിച്ചു. എന്നാൽ അർഹമായ ബഹുമാനം തനിയ്ക്ക് പാർട്ടിയിൽ നിന്നും ലഭിച്ചില്ല. ഇങ്ങനെയൊരു നടപടി സ്വീകരിക്കേണ്ടി വരുമെന്ന് സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ലെന്നും സീത പ്രതികരിച്ചു.
Also read : രാഹുൽ ഗാന്ധിയെ വയനാട്ടിലേക്ക് കൊണ്ടുവന്നവർ മൂക്കിനു താഴെ കാണാത്തവർ; ബിനോയ് വിശ്വം
ഭൂമി തട്ടിപ്പ് കേസിൽ ഇഡി ഹേമന്ത് സോറനെ അറസ്റ്റ് ചെയ്‌തിരുന്നു. സോറൻ ജയിലിലായതിനുശേഷം അദ്ദേഹത്തിന്‍റെ ഭാര്യ പാർട്ടി നേതൃത്വത്തിലേക്ക് എത്തുകയും ചെയ്‌തു. ഇതിനുശേഷമാണ് സീത ജെഎംഎമ്മുമായി അകന്നത്.