ശ്രീനഗര്‍: ജമ്മു കശ്‌മീര്‍ നിയമസഭ തെരഞ്ഞെടുപ്പ് രണ്ടാം ഘട്ട വോട്ടെടുപ്പ് നാളെ (സെപ്‌റ്റംബര്‍ 25). തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ രജൗരിയില്‍ സുരക്ഷ ശക്തമാക്കി പൊലീസ്. സുരക്ഷയൊരുക്കുന്നതിന്‍റെ ഭാഗമായി വോട്ടെടുപ്പ് നടക്കുന്നയിടങ്ങളില്‍ സുരക്ഷ സേനയെ വിന്യസിച്ചു. നിലവില്‍ വാഹനങ്ങളില്‍ അടക്കം പരിശോധന നടത്തിവരികയാണ് സുരക്ഷ ഉദ്യോഗസ്ഥര്‍.
കശ്‌മീരിലെ ആറ് ജില്ലകളിലാണ് നാളെ വോട്ടെടുപ്പ് നടക്കുക. കംഗൻ (എസ്‌ടി), ഗന്ദർബാൽ, ഹസ്രത്ബാൽ, ഖൻയാർ, ഹബ്ബകടൽ, ലാൽ ചൗക്ക്, ചന്നപ്പോര, സാദിബൽ, ഈദ്ഗാഹ്, സെൻട്രൽ ഷാൽടെങ്, ബുദ്ഗാം, ബീർവ, ഖാൻസാഹിബ്, ച്രാർ-ഇ-ഷെരീഫ്, ചദൂര, ഗുലാബ്‌ഗഡ് (എസ്‌ടി), റിയാസി, ശ്രീ മാതാ വൈഷ്‌ണോ ദേവി, കലക്കോട്ട് - സുന്ദർബാനി, നൗഷേര, രജൗരി (എസ്‌ടി), ബുധൽ (എസ്‌ടി), തന്നാമണ്ടി (എസ്‌ടി), സുരൻകോട്ട് (എസ്‌ടി), പൂഞ്ച് ഹവേലി, മെന്ദർ (എസ്‌ടി) എന്നീ മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പുണ്ടാകുക.
ജമ്മു കശ്‌മീരിലെ മുന്‍ മുഖ്യമന്ത്രിയും എന്‍സി നേതാവുമായ ഒമര്‍ അബ്‌ദുള്ളയുടെ ബുദ്‌ഗാം, ഗന്ദര്‍ബല്‍ എന്നിവിടങ്ങളിലെ വോട്ടെടുപ്പ് വളരെ നിര്‍ണായകമാണ്. നൗഷേരയില്‍ നിന്നും മത്സരിക്കുന്ന ബിജെപിയുടെ രവീന്ദർ റെയ്‌നയും സെൻട്രൽ-ഷാൽതെങ് നിന്നും മത്സരത്തിനിറങ്ങുന്ന ജമ്മു കശ്‌മീർ പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് താരിഖ് ഹമീദ് കർറയുമാണ് മത്സരരംഗത്തുള്ള മറ്റ് പ്രമുഖര്‍.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ തിങ്കളാഴ്‌ച നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്‌ദുള്ള ഗന്ധര്‍ബാലില്‍ റാലി സംഘടിപ്പിച്ചിരുന്നു. അതേസമയം കശ്‌മീരില്‍ ഭരണത്തിലേറുമെന്നാണ് ബിജെപി നേതൃത്വത്തിന്‍റെ പ്രതീക്ഷ.
വിമര്‍ശനങ്ങളും മറുപടികളും: തെരഞ്ഞടുപ്പ് പ്രചാരണങ്ങള്‍ക്കിടെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ ബിജെപി രൂക്ഷ വിമര്‍ശനങ്ങളാണ് നടത്തിയത്. ബിജെപി കശ്‌മീരിന് നല്‍കിയ വാഗ്‌ദാനങ്ങള്‍ ആവര്‍ത്തിക്കുക മാത്രമാണ് രാഹുല്‍ ഗാന്ധി ചെയ്‌തിട്ടുള്ളതെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് പറഞ്ഞു. എന്നാല്‍ ഇതിനെതിരെ രാഹുല്‍ ഗാന്ധിയും തിരിച്ചടിച്ചു. ബിജെപിക്ക് കശ്‌മീരിന്‍റെ കാര്യത്തില്‍ സ്വന്തമായൊരു തീരുമാനമില്ല.
തെരഞ്ഞെടുപ്പിന് മുമ്പ് കശ്‌മീരിന് സംസ്ഥാന പദവി ലഭിക്കണമെന്ന് തങ്ങള്‍ ആഗ്രഹിച്ചു. എന്നാലിനി വോട്ടെടുപ്പിന് ശേഷവും അതിന് വേണ്ടി പ്രവര്‍ത്തനം തുടരുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. പൂഞ്ചിലെ റാലിയില്‍ സംസാരിക്കവേയായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.
ഇക്കഴിഞ്ഞ 18നായിരുന്നു കശ്‌മീരിലെ ആദ്യഘട്ട വോട്ടെടുപ്പ് നടന്നത്. തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ കണക്കുകള്‍ പ്രകാരം 61.13 ശതമാനം പോളിങ്ങാണ് ആദ്യഘട്ടത്തില്‍ രേഖപ്പെടുത്തിയത്. ഒക്‌ടോബര്‍ ഒന്നിനാണ് മൂന്നാം ഘട്ട വോട്ടെടുപ്പ് നടക്കുക. തുടര്‍ന്ന് ഒക്‌ടോബര്‍ 8ന് ഫലപ്രഖ്യാപനവും ഉണ്ടാകും.
Also Read: നിര്‍ഭയമായി പോളിങ് ബൂത്തിലേക്ക് കശ്‌മീര്‍; സ്ഥിതിഗതികള്‍ വിലയിരുത്തുമ്പോള്‍