റാഞ്ചി ( ജാര്‍ഖണ്ഡ്) : ഭൂമി കുംഭകോണ കേസില്‍ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്‌ടറേറ്റ് (ഇഡി) അറസ്‌റ്റ് ചെയ്‌ത ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറനെ പ്രത്യേക പിഎംഎൽഎ കോടതി ഒരു ദിവസത്തെ ജുഡീഷ്യൽ കസ്‌റ്റഡിയിൽ വിട്ടു. കോടതി വിധി വെള്ളിയാഴ്‌ചത്തേക്ക് മാറ്റി.
മുൻമന്ത്രി ഹേമന്ത് സോറനെ ഒരു ദിവസത്തെ ജുഡീഷ്യൽ കസ്‌റ്റഡിയിൽ വിട്ടതായി അഭിഭാഷകർ അറിയിച്ചു. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഏഴ് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് സോറനെ ബുധനാഴ്‌ച (31-01-2024) രാത്രി ഇഡി അറസ്‌റ്റ് ചെയ്‌തത്.
2020 – 22 ൽ വ്യാജരേഖ ചമച്ച് ആദിവാസി ഭൂമി തട്ടിയെടുത്തു എന്ന കേസിലാണ് ഹേമന്ദ് സോറനെ അറസ്‌റ്റ് ചെയ്‌തത്. ഖനന വകുപ്പിന്‍റെ ചുമതലയുള്ള സോറൻ തന്‍റെ പദവി ദുരുപയോഗപ്പെടുത്തി റാഞ്ചിയിൽ 0.88 ഏക്കർ ഖനിയുടെ പാട്ടക്കരാറും നേടിയിരുന്നു. ഇത് കൂടാതെ നിരവധി കള്ളപ്പണ കേസുകളും സോറനെതിരെ ഇ ഡി ഫയല്‍ ചെയ്‌തിട്ടുണ്ട്.
ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറൻ കസ്‌റ്റഡിയില്‍ : ഭൂമി കുംഭകോണക്കേസിലെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇഡി അന്വേഷണം നേരിടുന്ന ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍ രാജിവെച്ചു. രാജ്‌ഭവനിലെത്തി ഗവര്‍ണറെ കണ്ട് രാജി കത്ത് കൈമാറി. നിലവിലെ ഗതാഗത മന്ത്രി ചംപായ് സോറനെ പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവായി ജെഎംഎം തെരഞ്ഞെടുത്തു.
മുഖ്യമന്ത്രി പദവി രാജിവച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ സോറെ ഇഡി സംഘം കസ്റ്റഡിയിലെടുത്തു. ഭൂമി കുംഭകോണ കേസുമായി ബന്ധപ്പെട്ടുള്ള ഹേമന്ത് സോറനെ എൻഫോഴ്സ്മെന്‍റ് ഡയറക്‌ടറേറ്റ് ചോദ്യം ചെയ്‌ത് വരികയായിരുന്നു.
അതേ സമയം ഹേമന്ത് സോറനെ ഇഡി റാഞ്ചിയിലെ വസതിയില്‍ വച്ച് എട്ട് മണിക്കൂറോളം ചോദ്യം ചെയ്‌തിരുന്നു. ഇതിനിടെ ഇഡിക്കെതിരെ സോറന്‍ കോടതിയേയും സമീപിച്ചിരുന്നു. പട്ടിക ജാതി പട്ടിക വര്‍ഗ വകുപ്പ് അനുസരിച്ച് ഇഡിക്കെതിരെ കേസെടുക്കണമെന്നും സോറന്‍ ആവശ്യപ്പെട്ടിരുന്നു.
ഹേമന്ത് സോറന്‍റെ അറസ്‌റ്റ് ഉണ്ടാകുമെന്ന സൂചനയെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ വസതി സ്ഥിതി ചെയ്യുന്ന സ്ഥലത്തും രാജ്‌ഭവന്‍റെ പരിസരത്തും നിരോധനാഞ്ജ പുറപ്പെടുവിച്ചിരുന്നു. ഭരണ കക്ഷിയിലെ എംഎല്‍എമാര്‍ നേരത്തെ തന്നെ രാജ്ഭവനില്‍ എത്തിയിരുന്നു. അതിന് പിന്നാലെയാണ് ഹേമന്ത് സോറന്‍ രാജ്ഭവനിലെത്തി ഗവര്‍ണര്‍ക്ക് രാജിക്കത്ത് കൈമാറിയത്.
കഴിഞ്ഞ ദിവസം ഹേമന്ത് സോറന്‍റെ ഡല്‍ഹിയിലെ വീട്ടില്‍ നിന്ന് കണക്കില്‍പ്പെടാത്ത മുപ്പത്തിയാറ് ലക്ഷം രൂപ ഇഡി സംഘം കണ്ടെത്തിയിരുന്നു. കൂടാതെ ആഡംബര കാറും അന്വേഷണ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തിരുന്നു.