റാഞ്ചി: രാഷ്ട്രീയ അനിശ്‌ചിതത്വം തുടരുന്ന ജാർഖണ്ഡില്‍ ജെഎംഎം സർക്കാരിന് ആശ്വാസം. വിശ്വാസ വോട്ടെടുപ്പില്‍ വിജയം നേടി ചമ്പായ് സോറൻ സർക്കാർ. 81 അംഗ നിയമസഭയില്‍ ജെഎംഎം-കോൺഗ്രസ് മുന്നണി 47 എംഎല്‍എമാരുടെ പിന്തുണ നേടിയപ്പോൾ ബിജെപി നേതൃത്വം നല്‍കുന്ന പ്രതിപക്ഷം 29 സീറ്റിലൊതുങ്ങി.
മുഖ്യമന്ത്രിയായിരുന്ന ഹേമന്ത് സോറൻ ഭൂമി തട്ടിപ്പ് കേസിൽ അറസ്റ്റിലായതിനെ തുടർന്ന് രാജിവച്ചിരുന്നു. ഇതാണ് ജാർഖണ്ഡില്‍ രാഷ്ട്രീയ അനിശ്ചിതത്വത്തിന് കാരണം. ഹേമന്ത് തോറൻ ജയിലിലായതിനെ തുടർന്ന് കഴിഞ്ഞ ദിവസമാണ് (ഫെബ്രുവരി രണ്ടിന്) ചമ്പായ് സോറൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്.
ജെഎംഎം-കോൺഗ്രസ് സർക്കാർ വിശ്വാസ വോട്ടെടുപ്പിനെ നേരിടുന്ന സാഹചര്യത്തില്‍ അട്ടിമറി തടയാനായി ഹൈദരാബാദിലേക്ക് മാറ്റിയ ജാർഖണ്ഡ് മുക്തി മോർച്ച, കോൺഗ്രസ് എം.എൽ.എമാർ കഴിഞ്ഞ ദിവസം റാഞ്ചിയില്‍ തിരിച്ചെത്തിയിരുന്നു. വിശ്വാസവോട്ടെടുപ്പിന് മുന്നോടിയായി എം.എൽ.എമാരെ ചാക്കിട്ടുപിടിച്ച് സർക്കാറിനെ അട്ടിമറിക്കാൻ ബി.ജെ.പി ശ്രമിക്കുന്നുവെന്ന സൂചനയെ തുടർന്നാണ് എം.എൽ.എമാരെ ഹൈദരാബാദിലേക്ക് മാറ്റിയത്.
81 അംഗ ജാർഖണ്ഡ് നിയമസഭയിൽ ഭരണപക്ഷത്തിന് 47 എം.എൽ.എമാരുടെ പിന്തുണയാണുള്ളത്. ജെ.എം.എം, കോൺഗ്രസ്, ആർ.ജെ.ഡി, സി.പി.ഐ (എം.എൽ) പാർട്ടികളാണ് ഭരണപക്ഷത്തുള്ളത്. ബി.ജെ.പിക്ക് 25 എം.എൽ.എമാരാണുള്ളത്.
വെല്ലുവിളിച്ച് ഹേമന്ത് സോറൻ : അഴിമതി ആരോപണം തെളിയിച്ചാല്‍ രാഷ്ട്രീയം ഉപേക്ഷിക്കുമെന്ന് ബിജെപിയെ വെല്ലുവിളിച്ച് ജാർഖണ്ഡ് മുൻ മുഖ്യമന്ത്രിയും ജെഎംഎം നേതാവുമായ ഹേമന്ത് സോറൻ. നിയമസഭയില്‍ വിശ്വാസ വോട്ടെടുപ്പിനിടെ സംസാരിക്കുമ്പോഴാണ് ഹേമന്ത് സോറന്‍റെ വെല്ലുവിളി.
ഭൂമി തട്ടിപ്പ് കേസിൽ അറസ്റ്റിലായ മുൻ മുഖ്യമന്ത്രി ഹേമന്ത് സോറന് വിശ്വാസ വോട്ടെടുപ്പിൽ പങ്കെടുക്കാൻ കഴിഞ്ഞ ദിവസം റാഞ്ചിയിലെ പ്രത്യേക കോടതി അനുമതി നല്‍കിയിരുന്നു. കേന്ദ്ര സർക്കാരിന്‍റെ ഗൂഢാലോചനയില്‍ ഗവർണർക്കും പങ്കുണ്ടെന്നും ഹേമന്ത് സോറൻ നിയമസഭയില്‍ ആരോപിച്ചു.