മഹാരാഷ്ട്ര: ജാർഖണ്ഡ്, മഹാരാഷ്‌ട്ര നിയമസഭ തെരഞ്ഞെടുപ്പുകളുടെ തീയതി പ്രഖ്യാപിച്ചിരിക്കുകയാണ് ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷൻ (ഇസിഐ). നവംബർ 13, 20 തീയതികളിലായി രണ്ട് ഘട്ടമായാണ് ജാർഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നത്.
മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പ് നവംബർ 20-നാണ്. ഒറ്റ ഘട്ടമായാണ് മഹാരാഷ്‌ട്രയില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. നവംബർ 23-ന് ആണ് തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പ്രഖ്യാപിക്കുക.
288 അംഗ മഹാരാഷ്‌ട്ര നിയമസഭയുടെ കാലാവധി നവംബർ 26 ന് അവസാനിക്കും. ബിജെപി, ശിവസേന, നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി എന്നിവരടങ്ങുന്ന ഭരണകക്ഷി മഹായുതി സഖ്യവും കോൺഗ്രസും ശരദ് പവാറിന്‍റെ നേതൃത്വത്തിലുള്ള എൻസിപിയും ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേനയും (യുബിടി) ഉൾപ്പെടുന്ന മഹാ വികാസ് അഘാഡി സഖ്യവുമാണ് മഹാരാഷ്‌ട്രയില്‍ പോര്‍മുഖത്തുള്ള പ്രധാനികള്‍.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
2022 ല്‍ 'മഹാരാഷ്‌ട്രീയ' നാടകത്തിന് തിരശീലയുയര്‍ന്ന ഭൂമികയാണ് മഹാരാഷ്‌ട്ര. ശിവസേന നേതാവ് ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയായിരിക്കെ 2022-ല്‍ ഏക്‌നാഥ് ഷിന്‍ഡെ ശിവസേനയെ പിളര്‍ത്തി, ബിജെപി പാളയത്തിലേക്ക് ചേക്കേറിയാണ് മഹാരാഷ്‌ട്രയുടെ മുഖ്യമന്ത്രി പദത്തിലെത്തുന്നത്. തുടര്‍ന്ന് നടന്ന വിശ്വാസ വോട്ടെടുപ്പിലും ഷിന്‍ഡെ പക്ഷം ഭൂരിപക്ഷം തെളിയിച്ചു. 288 അംഗ സഭയിൽ 164 അംഗങ്ങളുടെ പിന്തുണയാണ് അന്ന് ഷിന്‍ഡെയ്‌ക്ക് ലഭിച്ചത്. കേവല ഭൂരിപക്ഷത്തിന് വേണ്ടിയിരുന്നതിനേക്കാള്‍ 20 വോട്ടുകള്‍ ഷിന്‍ഡെയ്‌ക്ക് അധികം ലഭിച്ചിരുന്നു.
81 സീറ്റുകളുള്ള ജാർഖണ്ഡ് നിയമസഭയുടെ കാലാവധി 2025 ജനുവരി 5 ന് ആണ് അവസാനിക്കുക. ജാർഖണ്ഡിൽ ഇന്ത്യ സഖ്യത്തിന്‍റെ ഭാഗമായ ജാർഖണ്ഡ് മുക്തി മോർച്ചയാണ് (ജെഎംഎം) ഭരിക്കുന്നത്. ഓൾ ജാർഖണ്ഡ് സ്റ്റുഡന്‍റ്സ് യൂണിയൻ (എജെഎസ്‌യു), ജനതാദൾ (യുണൈറ്റഡ്), ബിജെപി എന്നിവരുടെ എൻഡിഎ സഖ്യമായിരിക്കും ഇവിടെ മത്സരിക്കുക.
ജാര്‍ഖണ്ഡും കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്ക് മുമ്പ് നാടകീയ സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിരുന്നു. ഈ വര്‍ഷം ജനുവരി 31ന് ആണ് ഭൂമി കുംഭകോണ കേസുമായി ബന്ധപ്പെട്ട് ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനെ ഇഡി അറസ്‌റ്റ് ചെയ്‌തത്.
അറസ്‌റ്റിലാകുന്നതിന് മുമ്പ് മുഖ്യമന്ത്രി സ്ഥാനം രാജിവച്ച ഹേമന്ത് സോറന് പകരം ജെഎംഎമ്മിന്‍റെ മുതിര്‍ന്ന നേതാവും ഹേമന്ത് സോറന്‍റെ വിശ്വസ്‌തനുമായ ചംപെയ് സോറന്‍ മുഖ്യമന്ത്രിയായി സ്ഥാനമേറ്റു.
149 ദിവസത്തെ കസ്‌റ്റഡിക്ക് ശേഷം ജൂൺ 29 ന് ഹേമന്ത് സോറന്‍ ജാമ്യത്തിൽ പുറത്തിറങ്ങി. ഹേമന്ത് സോറന്‍ ജയില്‍ മോചിതനായതോടെ ചംപെയ് സോറന്‍ ഒഴിഞ്ഞു സ്ഥാനം ഒഴുഞ്ഞു നല്‍കി. എന്നാല്‍ ചംപെയ് സോറന്‍ ബിജെപിയിലേക്ക് ചേക്കേറുന്ന കാഴ്‌ചയും രാജ്യം കണ്ടു. മൂന്നാം തവണയും ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയായ ഹേമന്ത് സോറനാണ് നിലവില്‍ സംസ്ഥാനം ഭരിക്കുന്നത്.
2020ലെ ജാര്‍ഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പിൽ ജെഎംഎം 30 സീറ്റുകളും കോൺഗ്രസ് 16 സീറ്റുമാണ് നേടിയത്. അടുത്തിടെ നടന്ന ലോക്‌സഭ തെരഞ്ഞെടുപ്പിൽ 8 സീറ്റുകളുമായി ബിജെപിയാണ് മുന്നിലെത്തിയത്. ജെഎംഎം പാര്‍ട്ടിക്ക് 3 സീറ്റുകളും കോൺഗ്രസിന് 2 സീറ്റുകളുമാണ് സംസ്ഥാനത്ത് ലഭിച്ചത്.
അതേസമയം, തെരഞ്ഞെടുപ്പിന് മുന്നോടിയായി ചര്‍ച്ചകളും ഇന്ത്യ - എന്‍ഡിഎ പാളയങ്ങളില്‍ ആരംഭിച്ചിട്ടുണ്ട്. ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവര്‍ പാർട്ടിയുടെ മഹാരാഷ്‌ട്ര ഘടകത്തിലെ പ്രധാന നേതാക്കളുമായും സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് ചുമതലയുള്ള ഭൂപേന്ദർ യാദവ്, അശ്വിനി വൈഷ്ണവ് എന്നിവരുമായും തിങ്കളാഴ്‌ച ചര്‍ച്ച നടത്തി.
മഹാ വികാസ് അഘാഡിയിലെ (എംവിഎ) സഖ്യകക്ഷികളുമായി സീറ്റ് പങ്കിടൽ ചര്‍ച്ച നടത്താനും തെരഞ്ഞെടുപ്പ് വിഷയങ്ങൾ ചർച്ച ചെയ്യാനുമായി കോൺഗ്രസും യോഗം വിളിച്ചിട്ടുണ്ട്.
Also Read: സത്യപ്രതിജ്ഞ ബുധനാഴ്‌ച; ജമ്മു കശ്‌മീരില്‍ മുഖ്യമന്ത്രിയാകാൻ ഒമർ അബ്‌ദുള്ള