ഹൈദരാബാദ്: നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി എന്‍ജിനിയറിങ് ബിരുദതല കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനായി നടത്തിയ ജെഇഇ മെയിന്‍സ് 2024 സെഷന്‍2 പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. ചരിത്രത്തിലാദ്യമായി രണ്ട് പെണ്‍കുട്ടികള്‍ക്ക് ഉള്‍പ്പെടെ 56 വിദ്യാര്‍ത്ഥികള്‍ക്ക് മുഴുവന്‍ മാര്‍ക്കും ലഭിച്ചു.
23 ഐഐടികളിലെ പ്രവേശനത്തിനുള്ള യോഗ്യത ശതമാനം അഞ്ച് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയരത്തിലെത്തി. ജനുവരി സെഷനില്‍ 23 വിദ്യാര്‍ത്ഥികളും ഏപ്രില്‍ സെഷനില്‍ 33 വിദ്യാര്‍ത്ഥികളും 100 എന്‍ടിഎ സ്കോര്‍ കരസ്ഥമാക്കിയിരുന്നു.
മുഴുവന്‍ സ്കോറും സ്വന്തമാക്കിയ 56 വിദ്യാര്‍ത്ഥികളില്‍ 40 പേരും പൊതുവിഭാഗത്തില്‍ നിന്നുള്ളവരാണ്. പത്ത് പേര്‍ ഒബിസിയിലും ആറ് പേര്‍ പൊതു വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരുമാണ്. പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങളിലെ ഒരു വിദ്യാര്‍ത്ഥിക്ക് പോലും മുഴുവന്‍ സ്കോറും ലഭിച്ചിട്ടില്ല.
എങ്ങനെ ഫലം പരിശോധിക്കാം
- ജെഇഇ മെയിന്‍ പരീക്ഷാ വെബ്‌സൈറ്റില്‍ കയറുക (jeemain.nta.ac.in.)
- സ്‌കോര്‍കാര്‍ഡ് ഡൗണ്‍ലോഡ് പേജിലേക്ക് പോകുക
- നിങ്ങളുടെ അപേക്ഷാ നമ്പരും ജനനത്തീയതിയും നല്‍കുക
- ഫലം പരിശോധിക്കുക
തെലങ്കാനയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ മുഴുവന്‍ സ്‌കോറും കരസ്ഥമാക്കിയത്. പതിനഞ്ച് കുട്ടികള്‍ക്കാണ് മുഴുവന്‍ സ്കോറും നേടാനായത്. മൂന്ന് വര്‍ഷമായി തെലങ്കാനയിലെ കുട്ടികളാണ് ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടുന്നത്. മഹാരാഷ്‌ട്ര തൊട്ടുപിന്നാലെയുണ്ട്. ആന്ധ്രാപ്രദേശില്‍ നിന്നുള്ള ഏഴ് വിദ്യാര്‍ത്ഥികള്‍ക്ക് മുഴുവന്‍ സ്കോറും നേടാനായി. ഡല്‍ഹിയില്‍ നിന്നുള്ള ആറ് കുട്ടികള്‍ 100ശതമാനം സ്കോര്‍ സ്വന്തമാക്കി.
Also Read: കാലടി സംസ്‌കൃത സർവകലാശാലയിൽ പി ജി, പി ജി ഡിപ്ലോമ പ്രവേശനം ; മെയ് 5 വരെ അപേക്ഷിക്കാം
കേന്ദ്രത്തിന്‍റെ നിയന്ത്രണത്തിലുള്ള സാങ്കേതിക സ്ഥാപനങ്ങളിലെ എന്‍ജിനീയറിങ്, ആര്‍ക്കിടെക്‌ചര്‍ പഠനത്തിനുള്ള പ്രവേശനത്തിന് നടത്തുന്ന പരീക്ഷയാണിത്. പരീക്ഷയെഴുതിയ 96 ശതമാനം വിദ്യാര്‍ത്ഥികളും യോഗ്യത നേടിയിട്ടുണ്ട്.
ജെഇഇ അഡ്വാന്‍സിഡിനുള്ള രജിസ്‌ട്രേഷന്‍ ഈ മാസം 27ന് തുടങ്ങും. രാജ്യമെമ്പാടുമുള്ള ഐഐടികളിലായി17,385 സീറ്റുകളാണ് ഉള്ളത്.