മൈസൂരു (കർണാടക): വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിലും കർണാടകയിൽ ജെഡിഎസ്-ബിജെപി സഖ്യം തുടരും. സഖ്യത്തിൽ വിള്ളലുണ്ടാകില്ലെന്നും കൗൺസിൽ തെരഞ്ഞെടുപ്പിൽ ജെഡി(എസ്)ന് 2 സീറ്റ് വിട്ടുകൊടുത്ത്, ബിജെപി 4 സീറ്റിൽ മത്സരിക്കുമെന്നും മുൻ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ പറഞ്ഞു. ജെഡിഎസിന് ഏതൊക്കെ മണ്ഡലങ്ങൾ വിട്ടുനൽകണമെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും ശനിയാഴ്ച മൈസൂരുവിലെ സ്വകാര്യ ഹോട്ടലിൽ മാധ്യമങ്ങളോട് സംസാരിക്കവെ യെദ്യൂരപ്പ വ്യക്തമാക്കി.
ഇന്ന് വൈകിട്ട് ഇക്കാര്യത്തിൽ നദ്ദ തീരുമാനമെടുക്കുമെന്നും അദ്ദേഹം അറിയിച്ചു. ആറ് ലെജിസ്ലേറ്റീവ് കൗൺസിൽ സീറ്റുകളിലേക്കാണ് കർണാടകയില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. ജൂൺ മൂന്നിന് രാവിലെ എട്ട് മുതൽ വൈകീട്ട് നാല് വരെയാണ് വോട്ടെടുപ്പ്. ജൂൺ ആറിനാണ് വോട്ടെണ്ണൽ.
ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് മികച്ച വിജയമുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. "25 സീറ്റുകൾ ഞങ്ങൾ നേടും, 400ൽ അധികം സീറ്റുകൾ നേടി നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രിയാകും. ഇത് സൂര്യനെയും ചന്ദ്രനെയും പോലെ സത്യമാണ്. രാജ്യത്ത് എങ്ങനെ കൂടുതൽ പ്രവർത്തിക്കണമെന്ന് പ്രധാനമന്ത്രി ആലോചിക്കുന്നുണ്ട്'' യെദ്യൂരപ്പ പറഞ്ഞു.
കോൺഗ്രസിൻ്റെ പ്രസ്താവനകൾ ഞങ്ങൾ കാര്യമാക്കുന്നില്ല. നിയമസഭ തെരഞ്ഞെടുപ്പുകൾ വ്യത്യസ്തമാണ്. രാജ്യത്ത് മോദി വീണ്ടും പ്രധാനമന്ത്രിയാകണമെന്നാണ് എല്ലാവരുടെയും അഭിപ്രായമെന്നും, അതുകൊണ്ട് തന്നെ കർണാടകയിൽ ബിജെപി കൂടുതൽ സീറ്റുകൾ നേടുമെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസിൽ ആർക്കാണ് പ്രധാനമന്ത്രിയാകാനുള്ള കഴിവെന്നും യെദ്യൂരപ്പ ചോദിച്ചു.
''കർണാടക സംസ്ഥാനത്ത് കടുത്ത വരൾച്ചയാണ്. വരൾച്ച കർഷകരെ ദുരിതത്തിലാക്കുന്നു. സംസ്ഥാന സർക്കാർ കർഷകരുടെ കടങ്ങൾ ഉടൻ എഴുതിത്തള്ളി അവരെ സഹായിക്കണം,'' യെദ്യൂരപ്പ ആവശ്യപ്പെട്ടു.
പ്രജ്വല്‍ രേവണ്ണ കേസ് സിബിഐക്ക് വിടണം: അന്വേഷണം സുതാര്യമായി നടക്കണമെങ്കിൽ എംപി പ്രജ്വല്‍ രേവണ്ണയുടെ പെൻഡ്രൈവ് കേസ് സിബിഐക്ക് വിടണം. മിക്കവരുടെയും അഭിപ്രായം ഇതാണ്. കേസ് സിബിഐക്ക് വിട്ടാൽ മാത്രമേ സുതാര്യമായ അന്വേഷണം നടക്കൂവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
അതേ അവസരത്തിൽ മുൻ മന്ത്രിയും വിമത സ്ഥാനാർഥിയുമായ കെ എസ് ഈശ്വരപ്പയുടെ പ്രസ്താവനയെ കുറിച്ച് മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കാൻ യെദ്യൂരപ്പ തയ്യാറായില്ല. ശിവമൊഗ ലോക്‌സഭ മണ്ഡലത്തിൽ ബി വൈ രാഘവേന്ദ്ര 2.5 ലക്ഷം വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് യെദ്യൂരപ്പ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
Also Read: 'രാജ്യത്ത് ബിജെപി സീറ്റുകള്‍ ഗണ്യമായി കുറയും, ഇനി പോരാട്ടം മോദിക്കെതിരെ': അരവിന്ദ് കെജ്‌രിവാള്‍