ജമ്മു : ജമ്മുവിലെ ചെനാബ് നദിയിൽ ചാടി ആത്മഹത്യ ചെയ്‌ത യുവാവിന്‍റെ മൃതദേഹം പാകിസ്ഥാനിൽ സംസ്‌കരിച്ചു. മൃതദേഹം നാട്ടിലെത്തിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെടണമെന്ന് കുടുംബം ആവശ്യപ്പെട്ടു. അഖ്‌നൂരിലെ ജോറിയൻ പ്രദേശത്ത് താമസിക്കുന്ന ഹരഷ് നഗോത്രയാണ് മരിച്ചത്. ജൂൺ 11-ന് ആണ് ഇദ്ദേഹത്തെ കാണാതായത്. തുടര്‍ന്ന് നടന്ന തെരച്ചിലില്‍ ഇദ്ദേഹത്തിന്‍റെ മോട്ടോർ സൈക്കിൾ നദിക്കരയിൽ നിന്ന് കണ്ടെടുക്കുകയായിരുന്നു.
ഹരഷിനെ കാണാനില്ലെന്ന് കുടുംബം പിറ്റേന്ന് പൊലീസ് പോസ്റ്റ് ജൂറിയനിൽ പരാതി നൽകിയിരുന്നു. പിന്നീട് കേസ് അന്വേഷണത്തിനായി ഖൂർ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. ഓൺലൈൻ ഗെയിമിങ് ആപ്ലിക്കേഷനിൽ 80,000 രൂപ നഷ്‌ടമായതിനെ തുടർന്ന് ഹരഷ് നദിയിൽ ചാടി ജീവനൊടുക്കുകയായിരുന്നു എന്ന് പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞു.
ഏകദേശം ഒരു മാസത്തിന് ശേഷം പാകിസ്ഥാൻ ഉദ്യോഗസ്ഥര്‍ നാഗോത്രയുടെ മരണം സ്ഥിരീകരിച്ച് കുടുംബത്തിന് വാട്‌സ്ആപ്പ് സന്ദേശമയച്ചു. ഇന്‍റർനെറ്റ് സര്‍വീസ് പ്രൊവൈഡറില്‍ ജോലി ചെയ്‌തിരുന്ന ഹരഷ്, ആത്മഹത്യ ചെയ്‌തപ്പോള്‍ കഴുത്തിൽ ഐഡി-കാർഡ് ധരിച്ചിരുന്നു. കാർഡിൽ ഫോൺ നമ്പരും ഉണ്ടായിരുന്നു. മരണം സ്ഥിരീകരിക്കുന്നതിനായി പാക് ഉദ്യോഗസ്ഥൻ മരിച്ചയാളുടെ ഐഡി കാർഡിന്‍റെ ഫോട്ടോയും പിതാവിന് അയച്ചു.
ഹരഷിന്‍റെ പിതാവ് സുഭാഷ് ശർമ്മ ഉപയോഗിച്ചിരുന്ന, ഹരഷിന്‍റെ പഴയ നമ്പരിലേക്കാണ് അധിതൃകര്‍ സന്ദേശമയച്ചിരുന്നത്. എന്നാല്‍ ഈ സിം കാർഡ് ഹരഷിന്‍റെ പിതാവ് ബ്ലോക്ക് ചെയ്യ്ത ശേഷം സ്വന്തം പേരില്‍ നമ്പർ പുതുക്കിയെടുത്തിരുന്നു.
പഞ്ചാബ് പ്രവിശ്യയിലെ സിയാൽകോട്ടിലെ ഒരു കനാലിൽ നിന്ന് ഹരഷിന്‍റെ മൃതദേഹം കണ്ടെടുത്തതായി പോസ്റ്റ്‌മോർട്ടം റിപ്പോര്‍ട്ടില്‍ പറയുന്നതായാണ് പാകിസ്ഥാൻ ഉദ്യോഗസ്ഥന്‍ വാട്‌സ്ആപ്പ് സന്ദേശത്തില്‍ അറിയിച്ചത്. പാകിസ്ഥാന്‍ പൊലീസും ആരോഗ്യ വകുപ്പ് അധികൃതരും നിരവധി തവണ ഈ നമ്പറിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും നമ്പര്‍ സ്വിച്ച് ഓഫ് ആയിരുന്നു. അതിനാല്‍ അധികൃതര്‍ പോസ്റ്റ്‌മോർട്ടം നടത്തി മൃതദേഹം സിയാൽകോട്ടിൽ തന്നെ സംസ്‌കരിച്ചു.
ഹരഷിന്‍റെ മൃതദേഹം നാട്ടിലെത്തിക്കണമെന്ന് കുടുംബം അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. മൃതദേഹം എത്രയും വേഗം തിരികെ ലഭിക്കുന്നതിനായി പാകിസ്ഥാൻ റേഞ്ചേഴ്സുമായി ഹോട്ട് ലൈനിൽ സംസാരിക്കാൻ ജമ്മു കാശ്‌മീർ പൊലീസ് ബിഎസ്എഫ് അധികൃതരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് ഒരു ഉദ്യോഗസ്ഥൻ മാധ്യമങ്ങളോട് പറഞ്ഞു. വിഷയത്തിൽ വിദേശകാര്യ മന്ത്രാലയത്തിനും ആഭ്യന്തര മന്ത്രാലയത്തിനും പ്രധാനമന്ത്രിയുടെ ഓഫീസിനും കത്തയച്ചിട്ടുണ്ടെന്ന് നഗോത്രയുടെ ബന്ധു അമൃത് ഭൂഷൺ പറഞ്ഞു.