ജമ്മു: ഇന്ത്യന്‍ റെയില്‍വേ തങ്ങളുടെ സ്വപ്‌ന പദ്ധതിയായ ഡല്‍ഹി-കശ്‌മീര്‍ ട്രെയിന്‍ സര്‍വീസ് ആരംഭിക്കാനുള്ള തയാറെടുപ്പുകളുടെ അന്തിമഘട്ടത്തിലാണ്. ദീര്‍ഘകാലമായുള്ള ആ സ്വപ്‌നത്തിന് റിപ്പബ്ലിക് ദിനത്തില്‍ ജീവന്‍ വയ്ക്കും. പുതിയ ട്രെയിന്‍ സര്‍വീസ് ആരംഭിക്കുന്നതോടെ 13 മണിക്കൂര്‍ കൊണ്ട് ഡല്‍ഹിയില്‍ നിന്ന് കശ്‌മീരിലെത്താനാവും എന്നാണ് പ്രതീക്ഷ.
നേരത്തെ ഇത്രയും ദൂരം താണ്ടാന്‍ 20 മണിക്കൂറിലേറെ സമയമെടുത്തിരുന്നു. കേവലം 13 മണിക്കൂര്‍ കൊണ്ട് ഡല്‍ഹിയില്‍ നിന്ന് 800 കിലോമീറ്റര്‍ അകലെ ജമ്മു കാശ്‌മീര്‍ തലസ്ഥാനമായ ശ്രീനഗറിലേക്ക് എത്തിച്ചേരാനാണ് റെയില്‍വേ ആദ്യം ലക്ഷ്യമിടുന്നത്. ശ്രീനഗര്‍- ന്യൂഡല്‍ഹി വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിന്‍ ഉധംപൂര്‍-ശ്രീനഗര്‍-ബാരാമുള്ള പാതയിലാണ് സര്‍വീസ് നടത്തുക.
തിരിച്ചടിയാകുമെന്ന് ട്രക്കുടമകള്‍
യാത്രാ സമയം കുറയുകയും കൂടുതല്‍ ട്രെയിന്‍ സര്‍വീസുകള്‍ ആരംഭിക്കുകയും ചെയ്യുന്നതോടെ കാശ്മീര്‍ താഴ്വരയിലെ ജനങ്ങള്‍ക്കും വിനോദ സഞ്ചാരികള്‍ക്കും അത് വലിയ അനുഗ്രഹമാവും. വലിയ പ്രതീക്ഷയോടെ ഇന്നാട്ടുകാര്‍ വന്ദേ ഭാരത് സ്ലീപ്പറിനെ സ്വാഗതം ചെയ്യാന്‍ കാത്തിരിക്കുകയാണ്.അതിനിടെയാണ് ജമ്മുവിലെ വ്യാപാരികളില്‍ ഒരു വിഭാഗം പുതിയ സര്‍വീസ് തങ്ങളുടെ വ്യവസായത്തെ സാരമായി ബാധിക്കുമെന്ന വാദവുമായി രംഗത്തെത്തുന്നത്. ട്രെയിന്‍ സര്‍വീസ് തങ്ങള്‍ക്ക് കനത്ത തിരിച്ചടിയാകുമെന്നാണ് ജമ്മുകശ്‌മീരില്‍ സര്‍വീസ് നടത്തുന്ന വാഹന ഉടമകളുടെ വാദം.
താഴ്‌വരയിലെത്താന്‍ സന്ദര്‍ശകര്‍ക്കും ജനങ്ങള്‍ക്കും പുതിയ ട്രെയിന്‍ സര്‍വീസ് ഏറെ സഹായകമാകുമെന്ന് ജമ്മുവിലെ ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍ അധ്യക്ഷന്‍ അജിത് സിങ് ഇടിവി ഭാരതിനോട് പറഞ്ഞു. അതേസമയം വാഹന സര്‍വീസ് നടത്തുന്നവര്‍ക്ക് ഇത് തിരിച്ചടിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
പത്തുപതിനഞ്ച് വര്‍ഷമായി ഗതാഗത വ്യവസായം കനത്ത തിരിച്ചടി നേരിടുന്നുണ്ട്. പുതിയ ട്രെയിന്‍ സര്‍വീസ് കൂടി വരുന്നതോടെ തങ്ങളുടെ വ്യവസായത്തിന്‍റെ ശവപ്പെട്ടിയില്‍ അവസാന ആണി കൂടി അടിക്കപ്പെടുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ജനങ്ങള്‍ക്ക് യാത്രയൊരുക്കി അന്നം കണ്ടെത്തുന്നവര്‍ക്ക് വലിയ തിരിച്ചടിയാകുമിത്. ഇവരുടെ വാഹനങ്ങളും ഇതോടെ ഒഴിവാക്കേണ്ടി വരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
ട്രെയിന്‍ സര്‍വീസ് തുടങ്ങാനുള്ള തീയതി അടുത്തു വരുന്നതോടെ ഇവര്‍ ഭാവി പരിപാടികള്‍ ആസൂത്രണം ചെയ്തു വരികയാണ്. തങ്ങളുടെ ആശങ്കകള്‍ക്ക് പരിഹാരം കാണണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. ലഫ്റ്റനന്‍റ് ഗവര്‍ണര്‍ക്കും മുഖ്യമന്ത്രിക്കും കേന്ദ്രസര്‍ക്കാരിനും തങ്ങളെ പുനരധിവസിപ്പിക്കണെന്നാവശ്യപ്പെട്ട് കത്ത് നല്‍കിക്കഴിഞ്ഞെന്നും സിങ് പറഞ്ഞു.
സംഭരണശാലകളെയും ട്രെയിന്‍ സര്‍വീസ് ബാധിക്കുമെന്ന് ആശങ്ക
കശ്‌മീരിലേക്കുള്ള റേഷന്‍ വലിയൊരളവില്‍ വിതരണം നടത്തിപ്പോന്നത് ജമ്മുവിലെ സംഭരണ ശാലകളില്‍ നിന്നായിരുന്നു. ഇതും പത്ത് പതിനഞ്ച് വര്‍ഷമായി കശ്‌മീരിലെ വ്യാപാരികള്‍ നേരിട്ട് പഞ്ചാബില്‍ നിന്ന് വരുത്തുന്നു. ചില ചെറുകിട വ്യാപാരികള്‍ക്ക് ഇവ ജമ്മു കശ്‌മീരിലെ സംഭരണശാലകളില്‍ നിന്നും കിട്ടുന്നു. ട്രെയിനില്‍ ചരക്കുകള്‍ വരുന്നതോടെ ജമ്മുവിലെ വ്യാപാരികളില്‍ നിന്ന് ആരും ചരക്ക് എടുക്കാതാവും. പകരം കാശ്മീരിലെ വ്യാപാരികളിലേക്ക് കച്ചവടം മാറും. ഇത് തങ്ങള്‍ക്ക് വലിയ നഷ്‌ടമുണ്ടാക്കുമെന്നാണ് വെയര്‍ഹൗസ് ട്രേഡേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്‍റ് ദീപക് ഗുപ്‌ത പറയുന്നത്. അതേസമയം ഈ നഷ്‌ടം നേരിടാന്‍ തങ്ങള്‍ ഇതിനകം തന്നെ ചില നടപടികള്‍ സ്വീകരിച്ച് തുടങ്ങിയെന്നും അദ്ദേഹം വ്യക്തമാക്കി. ജമ്മുവിന് പുറമെ മറ്റ് ചില ജില്ലകളിലേക്ക് തങ്ങളുടെ വ്യാപാരം വ്യാപിപ്പിക്കാനാണ് ശ്രമം. പിര്‍ പഞ്ചല്‍, ചെനാബ് താഴ്‌വരയിലെ രാജൗരി, പൂഞ്ച് ജില്ലകളിലേക്ക് വ്യാപാരം വ്യാപിപ്പിക്കാനാണ് ശ്രമം. ഇതിലൂടെ തങ്ങളുടെ നഷ്‌ടം പരിഹരിക്കാനാകുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പുതിയ സര്‍വീസ് ഇങ്ങിനെ
2024 സെപ്റ്റംബറില്‍ റെയില്‍വേ മന്ത്രി അശ്വിനി വൈഷ്‌ണവ് പുറത്തിറക്കിയ ബിഇഎംഎല്‍ നിര്‍മിച്ച വന്ദേഭാരത് സ്ലീപ്പറുകളാണ് പുതിയ സര്‍വീസിന് ഉപയോഗിക്കുന്നത്. ഇത് ദീര്‍ഘദൂര യാത്രയ്ക്ക് അനുയോജ്യമായ കോച്ചുകളാണ്. രാത്രിയാത്രയ്ക്കും ഉപകാരപ്പെടും വിധമാണ് ഈ കോച്ചുകള്‍ രൂപകല്‍പ്പന ചെയ്‌തിട്ടുള്ളത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ശ്രീനഗര്‍ വരെയുള്ള പുതിയ ട്രെയിന്‍ പിന്നീട് ബാരാമുള്ളയിലേക്ക് നീട്ടാനാണ് റെയില്‍വേ ലക്ഷ്യമിടുന്നത്. പുതിയ ട്രെയിന്‍ സര്‍വീസ് ജമ്മുകശ്‌മീരിന്‍റെ ഒറ്റപ്പെടല്‍ അവസാനിപ്പിക്കുമെന്നാണ് വിലയിരുത്തല്‍. രാജ്യതലസ്ഥാനത്ത് നിന്ന് ജമ്മുകശ്‌മീരിലേക്ക് ആദ്യത്തെ ട്രെയിന്‍ സര്‍വീസാണിത്. പതിനൊന്ന് എസി ത്രീടയര്‍ കോച്ചുകളാണ് പുതിയ ട്രെയിനുള്ളത്. നാല് എസി 2ടയര്‍ കോച്ചുകളും ഒരു ഫസ്‌റ്റ് എസി കോച്ചും ട്രെയിനിലുണ്ട്. തേര്‍ഡ് എസിക്ക് ഏകദേശം രണ്ടായിരം രൂപയാകും ടിക്കറ്റ്നിരക്ക്. സെക്കന്‍റ് എസിക്ക് 2500, ഫസ്‌റ്റ് എസിക്ക് മൂവായിരം എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക് പ്രതീക്ഷിക്കുന്നത്.
വൈകിട്ട് ഏഴ് മണിക്ക് ഡല്‍ഹിയില്‍ നിന്ന് പുറപ്പെടുന്ന തരത്തിലാകും ട്രെയിന്‍ സര്‍വീസ് ക്രമീകരിക്കുകയെന്നാണ് സൂചന . അതേസമയം ട്രെയിന്‍റെ സമയത്തില്‍ അന്തിമ തീരുമാനം ആയിട്ടില്ലെന്നാണ് സൂചന. അംബാല കന്‍റോണ്‍മെന്‍റ് ജംഗ്ഷന്‍, ലുധിയാന, കത്വ, ജമ്മുതാവി, ശ്രീമാതാ വൈഷ്‌ണോദേവി കത്ര, സംഗല്‍ദാന്‍, ബനിഹാള്‍ തുടങ്ങിയ പ്രധാന സ്‌റ്റേഷനുകളില്‍ മാത്രമാകും ട്രെയിന് സ്‌റ്റോപ്പുണ്ടാകുക.
പൊതുജനങ്ങള്‍ക്ക് പ്രതീക്ഷ
കശ്‌മീരിലേക്ക് ട്രെയിന്‍ സര്‍വീസ് തുടങ്ങുന്നതോടെ ഇന്ധനവും പാചകവാതകവും അടക്കമുള്ള ചരക്കുകള്‍ ട്രെയിന്‍ മാര്‍ഗം കടത്താനാകും. ഇതോടെ ഇവയുടെ കടത്ത് കൂലിയില്‍ ഗണ്യമായ കുറവുണ്ടാക്കും. ഇത് ഇവയുടെ വിലകുറയാന്‍ കാരണമാകും. ഇതോടെ താഴ്‌വരയിലെ ജനങ്ങള്‍ക്ക് ഇവ കുറഞ്ഞ നിരക്കില്‍ ലഭ്യമാകും. ദേശീയപാതയിലൂടെയുള്ള ട്രക്കുകളുടെയും എണ്ണടാങ്കറുകളുടെയും ഒഴുക്ക് കുറയാനും ഇത് കാരണമാകും. ഇതിന് പുറമെ രാജ്യത്തിന്‍റെ മറ്റിടങ്ങളില്‍ നിന്ന് ട്രെയിനില്‍ നേരിട്ട് ചരക്കുകള്‍ എത്തിക്കാനും ഇതിലൂടെ സാധിക്കുമെന്ന് വാഹനസര്‍വീസ് നടത്തുന്നവര്‍ ചൂണ്ടിക്കാട്ടുന്നു.
നിലവില്‍ റേഷന്‍, ഇന്ധനം, അവശ്യവസ്‌തുക്കള്‍, യന്ത്രങ്ങള്‍, പഴങ്ങള്‍ തുടങ്ങിയവ വാണിജ്യ വാഹനങ്ങളിലും ട്രക്കുകളിലുമാണ് രാജ്യത്തെ മറ്റിടങ്ങളിലേക്ക് എത്തിക്കുന്നത്. ജമ്മു-ശ്രീനഗര്‍ ദേശീയ പാത 44 വഴിയാണ് ഇവ സര്‍വീസ് നടത്തുന്നത്. വേനല്‍ക്കാലത്ത് കുറച്ച് വാഹനങ്ങള്‍ മുഗള്‍ റോഡ് വഴിയും സര്‍വീസ് നടത്താറുണ്ട്.
ജമ്മുവിലെ ട്രെയിന്‍ സര്‍വീസുകളുടെ ചരിത്രം
ജമ്മുവില്‍ ട്രെയിന്‍ ഗതാഗതം തുടങ്ങിയപ്പോള്‍ ആദ്യം ഉധംപൂരിലേക്കും പിന്നീട് കത്രയിലേക്കുമായിരുന്നു സര്‍വീസുകള്‍. 1947ന് മുന്‍പ് അവിഭക്ത ഇന്ത്യയില്‍ ജമ്മുകശ്‌മീരിനും സിയല്‍കോട്ടിനും ഇടയില്‍ ട്രെയിന്‍ സര്‍വീസ് ഉണ്ടായിരുന്നു. ഇത് 1890ലാണ് ആരംഭിച്ചത്. എന്നാല്‍ 1947ല്‍ ഇന്ത്യാ വിഭജനം വന്നതോടെ ട്രെയിന്‍ സര്‍വീസുകള്‍ നിലച്ചു. 1965ല്‍ ഇന്ത്യയും പാകിസ്ഥാനുമായുണ്ടായ യുദ്ധത്തിന് ശേഷമാണ് പഞ്ചാബിലെ പത്താന്‍കോട്ടില്‍ നിന്ന് ജമ്മുവിലേക്ക് വീണ്ടും ട്രെയിന്‍ സര്‍വീസ് തുടങ്ങാനുള്ള ആലോചനകള്‍ ഉണ്ടായത്. ഇത് 1972ല്‍ ആരംഭിക്കുകയും ചെയ്‌തു.
ജമ്മുകശ്‌മീരിലേക്ക് ആരംഭിച്ച ആദ്യ സര്‍വീസിനെ ശ്രീനഗര്‍ എക്‌സ്‌പ്രസ് എന്നാണ് വിളിച്ചത്. ഇപ്പോഴിത് ഝലം എക്‌സ്‌പ്രസ് എന്നാണ് അറിയപ്പെടുന്നത്. പിന്നീട് മറ്റ് ട്രെയിനുകളും ശൈത്യകല തലസ്ഥാനത്തേക്ക് എത്താന്‍ തുടങ്ങി. ഇതില്‍ ഏറ്റവും ഒടുവിലത്തേതാണ് റിപ്പബ്ലിക് ദിനത്തില്‍ ഡല്‍ഹില്‍ നിന്ന് കശ്‌മീരിലേക്ക് എത്തുന്ന വന്ദേഭാരത് എക്‌സ്‌പ്രസ്.
1981ലാണ് ജമ്മു-ഉധംപൂര്‍ ട്രെയിന്‍ പദ്ധതിക്ക് തുടക്കം കുറിച്ചത്. എന്നാല്‍ പദ്ധതിക്ക് തറക്കല്ലിടല്‍ നീണ്ടുപോയി. 1983 ഏപ്രില്‍ പതിനാലിനാണ് പദ്ധതിക്ക് തറക്കല്ലിട്ടത്. അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയാണ് പദ്ധതിക്ക് തറക്കല്ലിട്ടത്. ലക്ഷ്യമിട്ട സമയമൊക്കെക്കഴിഞ്ഞ് 2005 ഏപ്രില്‍ 13നാണ് ആദ്യ ട്രെയിന്‍ സര്‍വീസ് തുടങ്ങിയത്. നോര്‍ത്തേണ്‍ കമാന്‍ഡിന്‍റെ ആസ്ഥാനം കൂടിയായ ഉധംപൂരിലേക്കുള്ള ആദ്യ ട്രെയിന്‍ അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങ് ഫ്ലാഗ് ഓഫ് ചെയ്‌തു.
കശ്‌മീരിനെ ബന്ധിപ്പിക്കുന്ന സ്വപ്‌ന പദ്ധതി
പിന്നീടാണ് കശ്‌മീര്‍ താഴ്‌വരയിലേക്ക് ട്രെയിന്‍ സര്‍വീസ് തുടങ്ങുന്നത്. 2009 ഒക്‌ടോബര്‍ 11മുതലാണ് താഴ്‌വരയിലേക്ക് ട്രെയിന്‍ ഓടിത്തുടങ്ങിയത്. പിന്നീട് 2014 ജൂലൈ നാലിന് പ്രാദേശിക ട്രെയിന്‍ സര്‍വീസുകളും ആരംഭിച്ചു. മാതാ വൈഷ്‌ണോദേവി ക്ഷേത്രത്തിന്‍റെ ബെയ്‌സ് ക്യാമ്പായ കത്രയിലേക്കായിരുന്നു ഇത്. ഇത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഫ്ലാഗ് ഓഫ് ചെയ്‌തത്. ഇപ്പോഴിതാ കശ്‌മീരിലേക്ക് ഡല്‍ഹിയില്‍ നിന്ന് ആദ്യത്തെ നേരിട്ടുള്ള ട്രെയിന്‍ സര്‍വീസ് തുടങ്ങുകയാണ്.
ജമ്മു-താവി റെയില്‍വേസ്‌റ്റേഷനുമപ്പുറത്തേക്ക് ട്രെയിനുകള്‍ ഓടിത്തുടങ്ങുന്നതാണ് വ്യാപാരികളെ ആശങ്കപ്പെടുത്തുന്നത്. പഞ്ചാബിലെ പത്താന്‍കോട്ടില്‍ നിന്ന് ജമ്മുവിലേക്ക് ട്രെയിന്‍ എത്തിച്ചേര്‍ന്നപ്പോള്‍ ജമ്മു ഒരു വാണിജ്യ കേന്ദ്രമായി മാറി. എന്നാല്‍ പിന്നീട് ജമ്മുവിന് ഈ തിളക്കം നഷ്‌ടമായി. കശ്‌മീരിലേക്ക് ട്രെയിന്‍ സര്‍വീസ് തുടങ്ങുന്നതോടെ കൂടുതല്‍ നഷ്‌ടം തങ്ങള്‍ക്കുണ്ടാകുമെന്നാണ് ഇവര്‍ കരുതുന്നത്.
Also Read; എട്ടിന് പകരം ഇനി 20 കോച്ചുകള്‍; കേരളത്തിലേക്ക് പുതിയ വന്ദേ ഭാരത്