ഹൈദരാബാദ്: രാഷ്ട്രപതിയുടെ നന്ദി പ്രമേയ ചര്‍ച്ചക്കുള്ള മറുപടിയായി ജൂലൈ മൂന്നിന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യസഭയില്‍ പറഞ്ഞു- "ജമ്മു കശ്‌മീരില്‍ ഭീകരതയ്‌ക്കെതിരായ പോരാട്ടം അവസാന ഘട്ടത്തിലാണ്. അവിടെ അവശേഷിക്കുന്ന ഭീകര വലയത്തിന്‍റെ വേരറുക്കുന്നതിനുള്ള ബഹുമുഖ തന്ത്രവുമായി നാം മുന്നേറുകയാണ്". അഞ്ചു ദിവസം തികയുന്നതിനിടെ ഭീകരര്‍ ജമ്മുവില്‍ വീണ്ടും ആഞ്ഞടിച്ചു.
കത്വ ജില്ലയിലെ മച്ചേഡിയില്‍ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ചത് അഞ്ച് സൈനികരാണ്. ഒരു മാസത്തിനിടയിലെ രണ്ടാമത്തെ വലിയ ഭീകരാക്രമണം. ദോഡ ജില്ലയിലെ ഭാദേര്‍വാഹയില്‍ നടന്ന ആക്രമണത്തില്‍ അഞ്ച് സൈനികര്‍ കൊല്ലപ്പെട്ടതിന്‍റെ കണ്ണീര്‍ മായും മുമ്പാണ് കത്വയിലും ഭീകരര്‍ സൈന്യത്തെ ലക്ഷ്യമിട്ട് ആക്രമണം നടത്തിയത്.
അടിക്കടിയുണ്ടാകുന്ന ഈ ഭീകരാക്രമണങ്ങള്‍ ജമ്മു കശ്‌മീരിലെ ഭീകരപ്രവര്‍ത്തനങ്ങളുടെ ശൈലിയും രീതിയും മാറുന്നുവെന്നതിലേക്ക് കൂടി വിരല്‍ ചൂണ്ടുന്നുണ്ട്. മുമ്പ് കശ്‌മീര്‍ മേഖലയിലെ ബന്ദിപ്പോരയിലും കുല്‍ഗാമിലും പുല്‍വാമയിലും ഷോപിയാനിലും കുപ്വാരയിലുമൊക്കെയായിരുന്നു ഭീകരാക്രമണങ്ങള്‍ കൂടുതലും നടന്നതെങ്കില്‍ ഇന്ന് പതുക്കെ ആക്രമണങ്ങള്‍ ജമ്മു മേഖലയിലേക്ക് കേന്ദ്രീകരിക്കുകയാണ്. ജമ്മുവിലെ പൂഞ്ച്, രജൗരി, കത്വ ജില്ലകളിലാണ് ഭീകര പ്രവര്‍ത്തനം അടുത്ത കാലത്തായി ഏറി വരുന്നത്.
കശ്‌മീരിന് പ്രത്യേക അധികാരങ്ങള്‍ നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 ഇല്ലാതാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തീരുമാനമെടുത്തത് 2019 ആഗസ്‌റ്റ് 5നായിരുന്നു. നടപടിക്ക് ശേഷം രണ്ട് വര്‍ഷത്തോളം ജമ്മു മേഖലയില്‍ കാര്യമായ ഭീകരാക്രമണങ്ങളൊന്നും ഉണ്ടായിരുന്നില്ല. പതുക്കെ ഭീകരര്‍ കശ്‌മീർ താഴ്‌വര വിട്ട് ജമ്മുവിലേക്ക് ആക്രമണം വ്യാപിപ്പിക്കുന്നതാണ് പിന്നീട് കണ്ടത്.
ജമ്മു കശ്‌മീര്‍ മുന്‍ ഡിജിപി ശീഷ് പോള്‍ വൈദ് പറയുന്നു- "മുമ്പൊക്കെ കശ്‌മീരായിരുന്നു ഭീകരരുടെ ലക്ഷ്യം. ആര്‍ട്ടിക്കിള്‍ 370 ഇല്ലാതാക്കിയതോടെ വലിയ മാറ്റമാണ് സംസ്ഥാനത്തുണ്ടായത്. ഒറ്റപ്പെട്ട ആക്രമണങ്ങളിലേക്ക് പിന്‍വലിയാന്‍ ഭീകരര്‍ നിര്‍ബന്ധിതരായി".
ആര്‍ട്ടിക്കിള്‍ 370 പിന്‍വലിക്കാനുള്ള 2019 ലെ നിര്‍ണായക തീരുമാനത്തെ തുടര്‍ന്നാണ് ഭീകരാക്രമണങ്ങള്‍ കശ്‌മീര്‍ താഴ്‌വര വിട്ട് ജമ്മു മേഖലയിലേക്ക് മാറുന്നത്. ദുര്‍ഘടമായ ഭൂമി ശാസ്‌ത്ര സവിശേഷതകള്‍ കൊണ്ടും രഹസ്യാന്വേഷണ വിവര ശേഖരണത്തിലുള്ള കുറവും ഭിന്ന വര്‍ഗങ്ങള്‍ ഇടകലര്‍ന്ന് ജീവിക്കുന്ന പ്രദേശമെന്നതിനാലും ഇന്ത്യന്‍ സേനയ്‌ക്ക് ജമ്മുവിലെ ഏറ്റുമുട്ടല്‍ ദുഷ്‌കരമാണ്.
ആര്‍ട്ടിക്കിള്‍ 370 ഇല്ലാതാക്കിയതോടെ കശ്‌മീര്‍ താഴ്‌വരയില്‍ ഇന്ത്യന്‍ സുരക്ഷ സേന പിടിമുറുക്കിയതും ജമ്മുവിലേക്ക് ഒളിയാക്രമണം മാറ്റാന്‍ ഭീകരരെ പ്രേരിപ്പിച്ചു. കഴിഞ്ഞ മൂന്നു നാല് വര്‍ഷങ്ങള്‍ക്കിടെ ജമ്മുവിലെ ഭീകരാക്രമണങ്ങള്‍ വന്‍ തോതില്‍ ഉയരുകയാണ്. 2023ല്‍ മാത്രം ജമ്മു മേഖലയിലുണ്ടായത് 43 ഭീകരാക്രമണങ്ങളാണ്. ഈ വര്‍ഷം ഇതുവരെ 20 ഭീകരാക്രമണങ്ങളും മേഖലയിലുണ്ടായി.
- 8/7/24- ജമ്മു കശ്‌മീർ കത്വ ജില്ലയിലെ മച്ചേഡിയില്‍ ജൂലൈ 8 തിങ്കളാഴ്‌ച ഇന്ത്യന്‍ സൈനികര്‍ക്ക് നേരെ ഉണ്ടായ തീവ്രവാദി ആക്രമണത്തില്‍ അഞ്ച് സൈനികര്‍ക്ക് ജീവന്‍ നഷ്‌ടപ്പെട്ടു. ആറു സൈനികര്‍ പരിക്കുകളോടെ ചികിത്സയിലാണ്.
- 11/6/24- ഭീകരാക്രമണത്തില്‍ 5 സൈനികര്‍ക്ക് പരിക്കേറ്റു. ആക്രമണം നടന്നത് ഭാദേര്‍വാഹ പ്രദേശത്തായിരുന്നു.
- 4/5/24- പൂഞ്ചില്‍ ഇന്ത്യന്‍ വ്യോമ സേനയുടെ ഒരു കോണ്‍വോയ് ആക്രമിച്ച ഭീകരര്‍ ഒരു സൈനികനെ വധിച്ചു. നാലു സൈനികര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു.
- 12/1/24- പൂഞ്ച് ജില്ലയില്‍ത്തന്നെ സൈനികരുമായി പോവുകയായിരുന്ന ഒരു കോണ്‍വോയ്‌ക്ക് നേരെ ഭീകരര്‍ വെടിവയ്‌പ്പ് നടത്തിയെങ്കിലും ആളപായമുണ്ടായില്ല.
- 21/12/23- പൂഞ്ച് ജില്ലയിലുണ്ടായ ഭീകരാക്രമണത്തില്‍ 4 സൈനികര്‍ക്ക് ജീവാപായമുണ്ടായി. 3 പേര്‍ക്ക് പരിക്കേറ്റു. ദേരാ കി ഗലി എന്ന പ്രദേശത്ത് ഒളിച്ചിരിക്കുകയായിരുന്ന ഭീകരരെ തുരത്താനുള്ള ഓപ്പറേഷന്‍റെ ഭാഗമായി അങ്ങോട്ട് നീങ്ങുകയായിരുന്ന സൈനികരാണ് ആക്രമിക്കപ്പെട്ടത്. രജൗറി പൂഞ്ച് ജില്ലകളുടെ അതിര്‍ത്തിയിലായിരുന്നു ആക്രമണം നടന്നത്.
- 22/11/23- രജൗറി ജില്ലയിലെ കലാക്കോട് വനമേഖലയില്‍ ഭീകരരുമായുള്ള നേര്‍ക്കുനേര്‍ ഏറ്റുമുട്ടലില്‍ 5 ജവാന്‍മാര്‍ കൊല്ലപ്പെട്ടു. രണ്ട് ഓഫിസര്‍മാര്‍ ഉള്‍പ്പടെയുള്ളവരാണ് ഈ ഏറ്റുമുട്ടലില്‍ വീരചരമമടഞ്ഞത്.
- 12/9/23- രജൗറി ജില്ലയില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ ഒരു ജവാന്‍ കൊല്ലപ്പെട്ടു. 3 പേര്‍ക്ക് പരിക്കേറ്റു. ഏറ്റുമുട്ടലില്‍ സൈന്യം രണ്ടു ഭീകരരെയും വെടിവച്ചു വീഴ്‌ത്തി.
- 5/5/23- രജൗറിയിലെ കണ്ടി വനപ്രദേശത്ത് നടന്ന ഭീകരാക്രമണത്തില്‍ അഞ്ച് സൈനികര്‍ കൊല്ലപ്പെട്ടു ഒരു സൈനിക ഓഫീസര്‍ക്ക് പരിക്കേറ്റു.
- 20/4/23- പൂഞ്ച് ജില്ലയില്‍ രാഷ്ട്രീയ റൈഫിള്‍സിലെ ജവാന്‍മാരുമായി പോവുകയായിരുന്ന വാഹനത്തിനു നേരെ നടന്ന ആക്രമണത്തില്‍ 5 സൈനികര്‍ക്ക് വീരമൃത്യു.
- 11/8/22- രജൗറി ജില്ലയിലെ പര്‍ഗല്‍ ദര്‍ഗലില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ 5 സൈനികര്‍ക്ക് വീര ചരമം. 2 ചാവേറുകളേയും സൈന്യം വെടിവെച്ചിട്ടു.
- 14/10/21- ഒരു ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫിസര്‍ അടക്കം 4 സൈനികര്‍ മെന്തര്‍ സെക്‌ടറില്‍ നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു.
- 11/10/21- സൂറന്‍കോട്ട് പ്രദേശത്ത് വനത്തോട് ചേര്‍ന്ന പ്രദേശത്ത് ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ ഒരു ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫിസര്‍ അടക്കം 5 സൈനികര്‍ കൊല്ലപ്പെട്ടു.
ഭൂപ്രകൃതി അനുകൂല സാഹചര്യം
നിയന്ത്രണ രേഖയ്‌ക്കടുത്തുള്ള ഒളിത്താവളങ്ങളില്‍ ജമ്മു മേഖലയിലേക്ക് നുഴഞ്ഞു കയറാന്‍ തയ്യാറായി നില്‍പ്പുള്ള എഴുപതോളം ഭീകരര്‍ സജീവമാണെന്ന് ജമ്മു കശ്‌മീര്‍ മുന്‍ ഡിജിപി ആര്‍ ആര്‍ സ്വെയ്ന്‍ പറയുന്നു. പൊതുവേ പരന്നുകിടക്കുന്ന കശ്‌മീര്‍ താഴ്‌വരയെ അപേക്ഷിച്ച് ചെങ്കുത്തായ മലനിരകളും മറ്റുമുള്ള ജമ്മു മേഖല ഭീകരര്‍ക്ക് ആക്രമണങ്ങള്‍ സംഘടിപ്പിക്കാന്‍ അനുകൂല ഘടകമാകുന്നു. നിയന്ത്രണ രേഖയോടടുത്തു കിടക്കുന്ന രജൗറിയിലും പൂഞ്ചിലും കടന്നു കയറുക ഭീകരര്‍ക്ക് താരതമ്യേന എളുപ്പവുമാണ്. ഇങ്ങനെ നുഴഞ്ഞു കയറുന്നവര്‍ കുന്നുകളും കാടുകളും ഇതിനോട് ചേര്‍ന്നുള്ള ജനവാസ മേഖലകളും ഒളിത്താവളമാക്കുന്നതാണ് കാണുന്നത്.
ഭൂപ്രകൃതിയും ജനസാന്ദ്രതയും ജനസംഖ്യ വിതരണവും ഭീകരര്‍ക്ക് ജമ്മുവില്‍ ആക്രമണം നടത്താന്‍ വളമാകുന്നുണ്ടെന്ന് ഉന്നത സൈനിക മേധാവികള്‍ വരെ സമ്മതിക്കുന്നു. "പീര്‍ പഞ്ചാലിന് തെക്കോട്ടായുള്ള മേഖലയുടെ ഭൂമിശാസ്‌ത്രപരമായ പ്രത്യേകതകളും ജനസംഖ്യാപരമായ സവിശേഷതകളും ഭീകരര്‍ മിന്നലാക്രമണങ്ങള്‍ക്ക് ഈ പ്രദേശം ലക്ഷ്യമാക്കുന്നതിന് കാരണമാകുന്നുണ്ട്. ജമ്മു മേഖലയില്‍ പല ഭാഗത്തും ജനസംഖ്യയില്‍ ഭൂരിഭാഗം ഹിന്ദുക്കളാണെന്നത് ഇവരെ ഭീകരര്‍ ലക്ഷ്യം വെക്കാന്‍ ഇടയായേക്കാം.
കശ്‌മീര്‍ താഴ്‌വരയിലേതില്‍ നിന്ന് വ്യത്യസ്‌തമായി ഭീകരവിരുദ്ധ നിര ഇവിടെ പലയിടത്തും മുറിയുന്നുണ്ട്. പീര്‍ പഞ്ചാലിന് തെക്ക് രാജ്യാന്തര അതിര്‍ത്തിയോട് ചേര്‍ന്ന ഭാഗങ്ങളില്‍ ജമ്മുവിലും കത്വയിലും നുഴഞ്ഞുകയറ്റ സാധ്യത ഏറെയാണ്. ഈ ഭാഗത്ത് ഭീകരര്‍ക്ക് സാധാരണ പൗരന്മാരെപ്പോലെ ആയുധങ്ങളൊന്നും കൂടാതെ അതിര്‍ത്തി കടക്കാനാവും. പിന്നീട് ലക്ഷ്യസ്ഥാനത്തെത്തിയ ശേഷം ഇവര്‍ക്ക് ആയുധം ലഭിക്കുകയാണ്.
ജമ്മു മേഖലയിലേക്കെത്താനും പല വഴികളും ലഭ്യമാണെന്നുള്ളതും ഭീകരര്‍ക്ക് അനുകൂല ഘടകമാവുന്നു. മലകളും ഘോര വനങ്ങളും ആള്‍പ്പാര്‍പ്പ് കുറഞ്ഞ മേഖലകളും നുഴഞ്ഞുകയറ്റം എളിപ്പമാക്കുന്നു. മുന്‍ ആര്‍മി കമാണ്ടര്‍ ലഫ്റ്റനന്‍റ് ജനറല്‍ റാണാ പ്രതാപ് കലിത പറയുന്നു. 'വനമേഖലകള്‍ കേന്ദ്രീകരിച്ചുള്ള യുദ്ധ തന്ത്രങ്ങളില്‍ പരിശീലനം സിദ്ധിച്ച ഈ ഭീകരര്‍ അത്യാധുനിക അമേരിക്കന്‍ നിര്‍മ്മിത തോക്കുകളും ചൈനീസ് നിര്‍മിത സ്റ്റീല്‍ വെടിയുണ്ടകളുമായാണ് സൈന്യത്തെ ലക്ഷ്യം വെക്കുന്നത്.
സൈനിക വ്യൂഹത്തെ ആക്രമിച്ച ശേഷം ഒളിയിടങ്ങളിലേക്ക് മറയുക എന്ന തന്ത്രമാണ് ഇവരുടേത്. പീര്‍ പഞ്ചാല്‍ മലനിരകളിലേക്ക് മറയുന്നതോടെ ഇവരെ കണ്ടെത്താന്‍ പ്രയാസമാകുന്നു. ഈ മേഖലയില്‍ ഇവരുടെ വാര്‍ത്താവിനിമയം ചോര്‍ത്തിയെടുക്കാനും ബുദ്ധിമുട്ടാണ്.
സൈനിക വിന്യാസം
ലഡാക്ക് മേഖലയില്‍ ചൈനയുമായുള്ള സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ കൂടുതല്‍ പട്ടാളക്കാരെ അങ്ങോട്ട് വിന്യസിക്കേണ്ടി വന്നതിനാല്‍ പീര്‍ പഞ്ചാല്‍ മലനിരകള്‍ക്ക് തെക്ക് ഭാഗത്തായുള്ള മേഖലകളില്‍ നിന്നുള്ള സൈനികരെ അവിടേക്ക് നിയോഗിക്കേണ്ടി വന്നതായി മുന്‍ ആര്‍മി നോര്‍ത്തേണ്‍ കമാണ്ടര്‍ ലഫ്റ്റനന്‍റ് ജനറല്‍ റിട്ട. ബി എസ് ജസ്വാള്‍ പറയുന്നു. എല്‍എസിയില്‍ ചൈന നടത്തുന്ന കടന്നുകയറ്റങ്ങളാണ് യഥാര്‍ഥത്തില്‍ ജമ്മു മേഖലയിലെ ഭീകരാക്രമണങ്ങള്‍ വര്‍ധിക്കാന്‍ കാരണമെന്നാണ് റിട്ടയേര്‍ഡ് ജനറല്‍ ദീപേന്ദ്ര സിങ് ഹൂഡ അഭിപ്രായപ്പെടുന്നത്.
2020 വരെ ജമ്മു മേഖല പൊതുവേ ശാന്തമെന്നായിരുന്നു കണക്കാക്കപ്പെട്ടത്. ഭീകര പ്രവര്‍ത്തനം മേഖലയില്‍ കുറവാണെന്നൊരു പ്രതീതി ഉണ്ടായിരുന്നു. അതുകാരണം ലഡാക്കില്‍ ഒരാവശ്യം വന്നപ്പോള്‍ ഏറ്റവുമടുത്തുള്ള ജമ്മുവില്‍ നിന്ന് സൈനികരെ പിന്‍വലിച്ച് അങ്ങോട്ട് വിന്യസിച്ചു. സൈനികരുടെ ഈ പിന്മാറ്റമാവാം ഭീകരര്‍ക്ക് ജമ്മു കേന്ദ്രീകരിക്കാന്‍ പ്രചോദനമായിട്ടുണ്ടാവുക.
കശ്‌മീര്‍ താഴ്‌വരയിലേതു പോലെ സൈന്യത്തിനും ഏജന്‍സികള്‍ക്കും രഹസ്യ വിവരങ്ങള്‍ ശേഖരിക്കുന്നതിനുള്ള സംവിധാനങ്ങളും ജമ്മുവില്‍ കുറവാണ്. എന്തു വിജയം നേടിയാലും ജമ്മു കശ്‌മീരിന്‍റെ നിയന്ത്രണം സൈന്യത്തിനും സര്‍ക്കാരിനും കൈക്കലാക്കാനായില്ലെന്ന സന്ദേശം ലോകത്തിന് നല്‍കാനാണ് ഭീകരര്‍ ശ്രമിക്കുന്നതെന്ന് മുന്‍ ജനറല്‍ ഓഫിസര്‍ കമാണ്ടിങ്ങ് ലഫ്റനന്‍റ് ജനറല്‍ ഹസ്‌നെയ്‌ൻ പറയുന്നു. ലോകത്തിനു മുന്നില്‍ ഇന്ത്യ ഉയര്‍ത്തിക്കാട്ടുന്ന വിജയവും നേട്ടങ്ങളുമൊക്കെ ഭീകരരെ വല്ലാതെ ചൊടിപ്പിക്കുന്നുണ്ട്. ജമ്മു മേഖലയില്‍ വര്‍ധിച്ചു വരുന്ന ഭീകരാക്രമണങ്ങള്‍ നല്‍കുന്ന സൂചന അതാണ്.
ALSO READ: ജമ്മു കശ്‌മീരിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ വീണ്ടും ഏറ്റുമുട്ടൽ