ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമ്മീഷണർ അരുൺ ഗോയലിന്‍റെ രാജിയ്‌ക്ക് പിന്നാലെ ചോദ്യങ്ങളുമായി കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ്. അരുൺ ഗോയലിന്‍റെ രാജി ബിജെപി ടിക്കറ്റിൽ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനാണോ എന്നാണ് ജയറാം രമേശ് എക്‌സിലൂടെ ചോദിച്ചത്.
രാജി മോദി സർക്കാരുമായുള്ള ഭിന്നതയാണോ അതോ കമ്മീഷനിലെ പ്രശ്‌നങ്ങളാണോയെന്നും ഇതൊന്നുമല്ലെങ്കില്‍ വ്യക്തിപരമായ കാരണമാണോയെന്നും ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ മറുപടി നല്‍കണമെന്നും ജയറാം രമേശ് വ്യക്തമാക്കി. തെരഞ്ഞെടുപ്പ് കമ്മീഷണർ സ്ഥാനത്തുനിന്ന് അരുൺ ഗോയൽ രാജിവെച്ചത് മൂന്ന് ചോദ്യങ്ങൾ ഉയർത്തുന്നു.
'മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്നാണോ അതോ സ്വതന്ത്രമെന്ന് കരുതപ്പെടുന്ന എല്ലാ സ്ഥാപനങ്ങൾക്കും മുൻസീറ്റ് ഡ്രൈവിംഗ് നടത്തുന്ന മോദി സർക്കാരിനായാണോ അദ്ദേഹം രാജിവെച്ചത്? അതോ വ്യക്തിപരമായ കാരണങ്ങളാൽ രാജിവെച്ചതാണോ? അല്ലെങ്കില്‍ കൊൽക്കത്ത ഹൈക്കോടതി ജഡ്‌ജിയെപ്പോലെ വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപി ടിക്കറ്റിൽ മത്സരിക്കുന്നതിനാണോ രാജിവെച്ചതെന്ന ചോദ്യങ്ങളാണ് രമേശ് എക്‌സിലെ പങ്കുവെച്ചത്.
2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന്‍റെ ഷെഡ്യൂൾ പ്രഖ്യാപിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ് ശനിയാഴ്‌ചയാണ് ഗോയൽ രാജിവെച്ചത്. 2027 ഡിസംബർ 5 വരെയായിരുന്നു അദ്ദേഹത്തിന്‍റെ കാലാവധി. നിലവിലെ രാജീവ് കുമാർ വിരമിച്ചതിന് ശേഷം അടുത്ത വർഷം ഫെബ്രുവരിയിൽ ഗോയൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി മാറുമായിരുന്നു. ഗോയലിന്‍റെ രാജി പ്രസിഡന്‍റ് ദ്രൗപതി മുർമു സ്വീകരിച്ചതായി നിയമ മന്ത്രാലയ വിജ്ഞാപനത്തിൽ പറയുന്നു.
പഞ്ചാബ് കേഡറിലെ 1985 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായിരുന്നു ഗോയൽ. 2022 നവംബറിൽ അദ്ദേഹം തെരഞ്ഞെടുപ്പ് കമ്മീഷനിൽ ചേർന്നു. ഫെബ്രുവരിയിൽ അനുപ് ചന്ദ്ര പാണ്ഡെ വിരമിക്കുകയും ഗോയൽ രാജിവെക്കുകയും ചെയ്‌തതിനെത്തുടർന്ന്, മൂന്നംഗ തെരഞ്ഞെടുപ്പ് കമ്മീഷനിൽ ഇപ്പോൾ ഒരു അംഗം മാത്രമേയുള്ളൂ.