ചെന്നൈ: ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ് സോമനാഥിന് മദ്രാസ് ഐഐടിയുടെ ഡോക്‌ടറേറ്റ്. ഐഐടിയുടെ 61മത് ബിരുദദാന ചടങ്ങില്‍ വച്ചാണ് സോമനാഥിന് ഡോക്‌ടറേറ്റ് ബിരുദം സമ്മാനിച്ചത്. അമേരിക്കക്കാരനായ നൊബേല്‍ ജേതാവ് പ്രൊഫ.ബ്രയാന്‍ കെ കൊബില്‍ക ചടങ്ങില്‍ മുഖ്യാതിഥിയായി. ഇതിനകം തന്നെ നിരവധി സര്‍വകലാശാലകള്‍ അദ്ദേഹത്തിന് ഓണററി ഡോക്‌ടറേറ്റുകള്‍ സമ്മാനിച്ചിട്ടുണ്ട്.
പ്രശസ്‌തമായ ഐഐടി മദ്രാസില്‍ നിന്നും ബിരുദം നേടിയത് വലിയ ബഹുമതിയായിട്ടാണ് താന്‍ കാണുന്നതെന്ന് ഡോക്‌ടറേറ്റ് സ്വീകരിച്ചതിന് പിന്നാലെ എസ് സോമനാഥ് പറഞ്ഞു. റോക്കറ്റുകള്‍ വിക്ഷേപിക്കുമ്പോഴുണ്ടാകുന്ന പ്രകമ്പനം വലിയ വെല്ലുവിളികള്‍ സൃഷ്‌ടിക്കാറുണ്ട്. ഇത്തരം വൈബ്രേഷനുകള്‍ ഇല്ലാതാക്കാന്‍ എന്ത് ചെയ്യാനാകും എന്നതിലൂന്നിയായിരുന്നു തന്‍റെ ഗവേഷണം. ഇതിനായ വൈബ്രേഷന്‍ ഐസോലേറ്ററുകള്‍ സ്ഥാപിക്കുന്നത് സംബന്ധിച്ച ഗവേഷണമാണ് താന്‍ നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.
ഇത് പിഎസ്‌എല്‍വിയില്‍ ആദ്യമായി ഉപയോഗിക്കുകയും ചെയ്‌തു. ഈ വൈബ്രേഷന്‍ നിയന്ത്രിക്കാനായാല്‍ ഇലക്‌ട്രോണിക് സര്‍ക്യൂട്ടുകള്‍ നന്നായി പ്രവര്‍ത്തിക്കും. കൂടുതല്‍ കാലം ഇത് നിലനില്‍ക്കുകയും ചെയ്യുമെന്നും സോമനാഥ് വ്യക്തമാക്കി.
ഐഎസ്ആര്‍ഒയുടെ അടുത്ത ദൗത്യം പുതുതലമുറ വിക്ഷേപണ വാഹനങ്ങളാണെന്ന് ചെയര്‍മാന്‍ എസ് സോമനാഥ് വ്യക്തമാക്കി. പുതിയ വിക്ഷേപണ വാഹനങ്ങളുടെ വികസിപ്പിക്കല്‍ നടന്ന് വരികയാണ്. പരിപാടിക്ക് ശേഷം ഇടിവി ഭാരതിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ ഐഎസ്‌ആര്‍ഒയുടെ ഭാവി പരിപാടികളെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു.
പുതിയ ബഹിരാകാശ ഗവേഷണ കേന്ദ്രം സ്ഥാപിക്കാനുള്ള നിര്‍ദ്ദേശം അംഗീകാരത്തിനായി സമര്‍പ്പിച്ചിട്ടുണ്ട്. ചന്ദ്രയാന്‍റെ അടുത്ത പരമ്പരയ്ക്കുള്ള ജോലികളും പുരോഗമിക്കുകയാണ്. ആദിത്യ എല്‍1 നന്നായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇതിനോടുള്ള ചോദ്യത്തോട് അദ്ദേഹം പ്രതികരിച്ചു.
അടുത്ത അഞ്ച് വര്‍ഷം ആദിത്യ നിരീക്ഷണത്തിലായിരിക്കുമെന്നും സോമനാഥ് വ്യക്തമാക്കി. മദ്രാസ് ഐഐടിയില്‍ നിന്ന് ഡോക്‌ടറേറ്റ് നേടാനായതില്‍ തനിക്ക് വലിയ സന്തോഷമുണ്ടെന്നും സോമനാഥ് വ്യക്തമാക്കി. 2006ല്‍ താന്‍ പിഎച്ച്ഡിയ്ക്ക് ചേര്‍ന്നിരുന്നു. എന്നാല്‍ പിന്നീട് ഐഎസ്‌ആര്‍ഒയില്‍ ചേര്‍ന്നതോടെ ജിഎസ്‌എല്‍വിയുടെ വികസനത്തില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കേണ്ടി വന്നു. അതുകൊണ്ട് തന്നെ ഗവേഷണത്തില്‍ കൂടുതല്‍ മുന്നോട്ട് പോകാനായില്ല.
എന്നാല്‍ ഇത് തന്‍റെ ഏറ്റവും പ്രിയപ്പെട്ട മേഖലയാണ്. അതുകൊണ്ട് തന്നെ ഏറെ സന്തോഷത്തോടെയാണ് ഇത് ചെയ്‌തത്. സാധാരണ നാട്ടുമ്പുറത്തുകാരനായ തനിക്ക് ഐഐടി പ്രവേശന പരീക്ഷയ്ക്ക് അപേക്ഷ അയക്കാനുള്ള ധൈര്യം പോലും ഉണ്ടായിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. എന്നാലിപ്പോള്‍ തനിക്ക് ഈ മഹത്തായ സ്ഥാപനത്തില്‍ നിന്ന് ഡോക്‌ടറേറ്റ് നേടാനായെന്നും അതില്‍ അഭിമാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആലപ്പുഴ ചേര്‍ത്തല സ്വദേശിയായ സോമനാഥ് അരൂര്‍ സെന്‍റ് അഗസ്റ്റിന്‍ സ്‌കൂളില്‍ നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടിയ ശേഷം എറണാകുളം മഹാരാജാസ് കോളജില്‍ നിന്ന് പ്രീ ഡിഗ്രി പാസായി. പിന്നീട് കൊല്ലം ടികെഎം എഞ്ചിനീയറിങ് കോളജില്‍ നിന്ന് ബിരുദം നേടിയ അദ്ദേഹം ബെംഗളൂരു ഇന്ത്യന്‍ ഇസ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സസില്‍ നിന്ന് ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി.1985ല്‍ ഐഎസ്‌ആര്‍ഒയില്‍ ചേര്‍ന്നു.