ലോകമെമ്പാടുമുള്ള ഇസ്‌ലാം മത വിശ്വാസികള്‍ക്ക് ഏറെ പ്രധാനമാണ് മുഹറം. എന്നുവച്ച് കാര്യമറിയാതെ മുസ്‌ലീം സഹോദരന്മാര്‍ക്ക് ഹാപ്പി മുഹറം സന്ദേശങ്ങള്‍ അയക്കുന്നവര്‍ നിരവധിയുണ്ട് നമുക്കിടയില്‍. യഥാര്‍ഥത്തില്‍ മുഹറം ആഘോഷ വേളയല്ലെന്ന് തിരിച്ചറിയാതെയാണ് പലരും സോഷ്യല്‍ മീഡിയയില്‍ ഹാപ്പി മുഹറം സന്ദേശങ്ങള്‍ അയക്കുന്നത്. മുഹറം വിശ്വാസികളെ സംബന്ധിച്ച് ദുഖ സ്‌മരണകളുടേതാണ്.
ഇസ്‌ലാമിക കലണ്ടറിലെ (ഹിജ്‌റ) ആദ്യ മാസമാണ് മുഹറം. ഇസ്‌ലാമിക വിശ്വാസ പ്രകാരം വര്‍ഷത്തില്‍ നാല് പുണ്യ മാസങ്ങളാണുള്ളത്. അതില്‍ രണ്ടാമത്തേതാണ് മുഹറം.
അന്ത്യ പ്രവാചകനായ മുഹമ്മദ് നബിയുടെ ചെറുമകനായ ഹസ്രത്ത് ഇമാം ഹുസൈന്‍റെ ത്യാഗത്തെ അനുസ്‌മരിക്കുന്ന മാസമാണിത്. മാത്രമല്ല പത്ത് പ്രവാചകന്മാരെ വിവിധ പ്രതിസന്ധികളില്‍ നിന്നും ദൈവം രക്ഷപ്പെടുത്തിയ മാസം കൂടിയാണ് മുഹറം. ഇതിലെ ഏറ്റവും പുണ്യമേറിയ ദിനങ്ങളെന്ന് വിശ്വസിക്കപ്പെടുന്നത് മുഹറം 9, 10 ദിവസങ്ങളാണ്. ഈ ദിനങ്ങളെ താസൂആ, ആശൂറ എന്നിങ്ങനെയാണ് അറിയപ്പെടുന്നത്. പവിത്രമാക്കപ്പെട്ട ഈ ദിനങ്ങളില്‍ വിശ്വാസികള്‍ തങ്ങളുടെ ഇബാദത്തുകള്‍ അധികരിപ്പിക്കും.
നിരവധി സുപ്രധാന സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച മാസമാണ് മുഹറമെന്ന് ചരിത്രങ്ങളില്‍ കാണാന്‍ സാധിക്കും. അതുകൊണ്ട് തന്നെ ഇസ്‌ലാമിക നിയമ പ്രകാരം യുദ്ധം നിരോധിക്കപ്പെട്ട മാസം കൂടിയാണ് മുഹറം. ഈ മാസം മാത്രമല്ല പരിശുദ്ധമെന്ന് കണക്കാക്കുന്ന റമദാന്‍ ഉള്‍പ്പെടെയുള്ള മാസങ്ങളിലെല്ലാം യുദ്ധത്തിന് നിരോധനമുണ്ട്.
ഹസ്രത്ത് ഇമാം ഹുസൈന്‍റെ ത്യാഗം: പതിനാല് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് മുഹറം മാസത്തിലാണ് പ്രവാചകന്‍ മുഹമ്മത് നബിയുടെ ചെറുമകനും അനുയായികളും യുദ്ധത്തില്‍ ക്രൂര പീഡനത്തിന് ഇരയായി കൊല്ലപ്പെട്ടത്. ഇസ്‌ലാമിലെ ജനാധിപത്യ വ്യവസ്ഥയായ ഖിലാഫത്തിനെതിരെ ദമാസ്‌കസിലെ രാജാധിപത്യം കൊണ്ടുവന്ന് ജനങ്ങളുടെ സ്വാതന്ത്രത്തെ ഇല്ലാതാക്കിയ യസീദിനെതിരെ നടന്ന യുദ്ധത്തിലാണ് ഇമാം ഹുസൈനും സൈന്യവും കൊല്ലപ്പെട്ടത്. ഇറാഖിലെ കര്‍ബലയിലെ ഏകാധിപതിയും മുസ്‌ലീം ഖലീഫയുമായ മുആവിയയുടെ മകനായിരുന്നു യസീദ്. വംശ ചിന്ത ഉയര്‍ത്തിപ്പിടിച്ചിരുന്ന യസീദ് എപ്പോഴും ഇസ്‌ലാമിന് എതിരായിരുന്നു.
പ്രവാചകന്‍റെ കുടുംബമായ ഹാഷീം വംശത്തെ യസീദ് ഒട്ടും അംഗീകരിച്ചിരുന്നില്ല. ഇസ്‌ലാം മതവിശ്വാസികളെ നിരന്തരം ദ്രോഹിച്ചിരുന്ന യസീദ് അവരെ നാടുകടത്തുകയും ചെയ്‌തു. മാസങ്ങളോളം തുടര്‍ന്ന ഈ ഉപദ്രവത്തില്‍ പൊറുതിമുട്ടിയതിന് പിന്നാലെയാണ് ഇസ്‌ലാം മതവിശ്വാസികള്‍ യസീദിനെതിരെ യുദ്ധത്തിനൊരുങ്ങിയത്.
ഇമാം ഹുസൈനിന്‍റെ കുടുംബവും സുഹൃത്തുക്കളും അടങ്ങുന്ന സൈന്യമാണ് യസീദിക്കെതിരെയുള്ള യുദ്ധത്തില്‍ പങ്കെടുത്തത്. യുദ്ധത്തില്‍ ശത്രുക്കളെ പരാജയപ്പെടുത്താനാന്‍ ഹുസൈനിന്‍റെ സംഘത്തിനായില്ല. അങ്ങനെയിരിക്കെ യുദ്ധാവസാനം ഇമാം ഹുസൈന്‍ അടക്കമുള്ളവരെ ശത്രുക്കള്‍ ബന്ദികളാക്കി. സ്‌ത്രീകളെയും കുട്ടികളെയും അടക്കം പീഡിപ്പിച്ചു. മരുഭൂമിയില്‍ തടവിലാക്കിയ സംഘത്തിന് വെള്ളമോ ഭക്ഷണമോ നല്‍കാതെ പ്രയാസപ്പെടുത്തി. ഇമാം ഹുസൈനെ കൊലപ്പെടുത്തിയതിന് പിന്നാലെ അദ്ദേഹത്തിന്‍റെ 6 വയസുള്ള മകനെയും ശത്രുക്കള്‍ കൊലപ്പെടുത്തി.
ഹുസൈന്‍റെയും അനുയായികളുടെയും തലയറുത്ത യസീദ് കുന്തത്തില്‍ ഉയര്‍ത്തിപ്പിടിച്ച് ജാഥയും നടത്തി. കൊല്ലപ്പെട്ടവരുടെ മൃതദേഹം പോലും സംസ്‌കരിക്കാന്‍ ശത്രുക്കള്‍ സമ്മതിച്ചില്ല. കൊല്ലപ്പെട്ടവരുടെ തല കുന്തത്തില്‍ നാട്ടി തലസ്ഥാനത്തേക്ക് കൊണ്ടുപോകുകയും ശരീര ഭാഗങ്ങള്‍ മരുഭൂമിയിലെ പക്ഷിമൃഗാദികള്‍ക്ക് ഭക്ഷണമായി നല്‍കുകയും ചെയ്‌തു. ഇസ്‌ലാമിന് വേണ്ടി പോരാടി രക്ത സാക്ഷിത്വം വഹിച്ച ഇമാം ഹുസൈനെയും സംഘത്തെയും അനുസ്‌മരിക്കുന്ന ദിവസമാണ് മുഹറം പത്ത്.
എന്നിട്ടും ചിലര്‍ക്കിത് ഹാപ്പി മുഹറം: ഒന്നോ രണ്ടോ അല്ല ഈ മാസത്തിന് ഒട്ടനവധിയാണ് പ്രത്യേകതകള്‍. ഇസ്‌ലാം മത വിശ്വാസികള്‍ക്ക് ഏറെ സന്തോഷം നല്‍കുന്ന സംഭവങ്ങള്‍ക്കും മുഹറം മാസം സാക്ഷ്യം വഹിച്ചിട്ടുണ്ടെങ്കിലും ഇസ്‌ലാമിന് വേണ്ടി പോരാടിയ ധീരരെ കര്‍ബലയില്‍ കൂട്ടക്കൊല നടത്തിയത് വിശ്വാസികളെ ഏറെ നൊമ്പരപ്പെടുത്തുന്ന ഒന്നാണ്. ത്യാഗത്തിന്‍റെ ദിനമായി ആചരിക്കുന്ന ഈ ദിനത്തില്‍ വിശ്വാസികള്‍ ഇബാദത്തുകളില്‍ മുഴുകുമ്പോള്‍ ചരിത്രങ്ങളൊന്നും അറിയാത്ത പലരും സോഷ്യല്‍ മീഡിയകളില്‍ ഇപ്പോഴും പോസ്റ്റ് ചെയ്യുന്നത് 'ഹാപ്പി മുഹറം' എന്ന്.