ഈ ലോകം കാണും മുൻപേ ലോകത്തിലുള്ള പലതിനെയും നമ്മളെല്ലാവരും അനുഭവിച്ചറിഞ്ഞത് നമ്മുടെ അമ്മയുടെ ഉദരത്തിൽ നിന്നാണ്. പത്ത് മാസം തന്‍റെ കുഞ്ഞിനെ ഒരു നോക്ക് കാണാൻ കൊതിച്ച്, ദിവസങ്ങൾ തള്ളിനീക്കി മരണതുല്ല്യമായ വേദന സഹിച്ച് ഒരു കുഞ്ഞിന് ഒരു സ്‌ത്രീ ജന്മം കൊടുക്കുമ്പോൾ അവിടെ പിറവിക്കൊള്ളുന്നത് ഒരു കുഞ്ഞ് മാത്രമല്ല ഒരു അമ്മയും കൂടെയാണ്. ഒരിക്കലും നമുക്ക് തിരിച്ച് പോകാൻ കഴിയാത്ത ഒരിടമെ ഉള്ളൂ ഈ ലോകത്ത് അത് നമ്മുടെ അമ്മയുടെ ഉദരത്തിലേക്കാണ്.
പല അമ്മമാരും തന്‍റെ കുഞ്ഞിന് വേണ്ടി പലതും ത്യജിച്ചവരായിരിക്കും. അങ്ങനെ നമ്മുക്ക വേണ്ടി പ്രിയപ്പെട്ട പലതും മാറ്റിനിർത്തുന്ന അമ്മയോട് നന്ദി പറയാൻ ഒരു ദിവസം പോരാ.
ഇന്ന് അന്താരാഷ്‌ട്ര മാതൃദിനം. ഇന്ന് മാത്രമല്ല എന്നും നമ്മൾ അമ്മമാരെ ഓർക്കണം. ലോകത്തിലെ പല സ്ഥലങ്ങളിലും പല ദിവസങ്ങളിലായിട്ടാണ് മാതൃദിനം ആഘോഷിക്കുന്നത്. മിക്ക സ്ഥലങ്ങളിലും മെയ് മാസത്തിലെ രണ്ടാമത്തെ ഞായറാഴ്‌ചയാണ് മാതൃദിനമായിക്കണക്കാക്കുന്നത്.
1908ല്‍ അമേരിക്കക്കാരിയായ അന്ന ജാർവിസാണ് ലോകത്ത് തന്നെ ആദ്യമായി മാതൃദിനാഘോഷം സംഘടിപ്പിക്കുന്നത്. സമാധാനപ്രവര്‍ത്തകയായ തന്‍റെ അമ്മ ആൻ റീവ്‌സ് ജാര്‍വ്‌സിനെ അനുസ്‌മരിക്കുന്നതിനായി മകള്‍ സംഘടിപ്പിച്ച പരിപാടിയായിരുന്നു അത്. കുടുംബത്തിനും സമൂഹത്തിനുമായി തന്‍റെ അമ്മ നടത്തിയ ത്യാഗങ്ങള്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കുക എന്നതായിരുന്നു അന്നയുടെ ലക്ഷ്യം.
പിന്നാലെ, സമൂഹത്തിലെ എല്ലാ മനുഷ്യര്‍ക്കും തങ്ങളുടെ അമ്മമാരോട് നന്ദിയും സ്നേഹവും പ്രകടിപ്പിക്കാൻ ഒരു ദിവസം വേണമെന്ന ആശയവുമായി അന്നയുടെ പ്രവര്‍ത്തനങ്ങള്‍. 1914ല്‍ അന്നയുടെ ശ്രമങ്ങള്‍ ലക്ഷ്യം കണ്ടു. അന്ന് യുഎസ് പ്രസിഡന്‍റായിരുന്ന തോമസ് വുഡ്രോ വിൽസൺ അമേരിക്കയില്‍ മാതൃദിന ആഘോഷങ്ങള്‍ക്ക് അംഗീകാരം നല്‍കി. അതിന് ശേഷം ലോകമൊന്നടങ്കം ആഘോഷിക്കുന്ന ഒന്നായി മാതൃദിനം മാറി.