അഹമ്മദാബാദ്: കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങ്. മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി പല സംസ്ഥാനങ്ങളിലെയും സര്‍ക്കാരുകളെ വീഴ്‌ത്താന്‍ ശ്രമിച്ചിട്ടുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തെരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാരിനെ പോലും അട്ടിമറിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.
കോണ്‍ഗ്രസ് സര്‍ക്കാരിന്‍റെ കീഴില്‍ 90 പ്രാവശ്യം രാജ്യത്ത് അടിയന്തരാവസ്ഥ നടപ്പാക്കി. അഹമ്മദാബാദില്‍ ഒരു പൊതുയോഗത്തില്‍ പങ്കെടുത്ത് സംസാരിക്കവെ ആയിരുന്നു രാജ്‌നാഥിന്‍റെ ഈ വാക്കുകള്‍. മൗലികാവകാശങ്ങള്‍ ഇല്ലാതാക്കപ്പെട്ടു. ഇത് കോണ്‍ഗ്രസ് ഭരണകാലത്താണ് സംഭവിച്ചത്. പതിനെട്ട് മാസത്തോളം ഞങ്ങളെയൊക്കെ ജയിലിലിട്ടു. ഇതുവരെ രാജ്യത്ത് 132 തവണയാണ് 356-ാം അനുച്‌ഛേദം അനുസരിച്ചുള്ള അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ഇതില്‍ തൊണ്ണൂറും കോണ്‍ഗ്രസിന്‍റെ ഭരണകാലത്തായിരുന്നു. അന്‍പത് വര്‍ഷത്തോളം സര്‍ക്കാരുകളെ അട്ടിമറിക്കാന്‍ ഇന്ദിര ശ്രമിച്ചു. എന്നിട്ടാണ് ബിജെപി ജനാധിപത്യത്തെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നുവെന്ന് ഇവര്‍ ആരോപിക്കുന്നതെന്നും രാജ്‌നാഥ് ചൂണ്ടിക്കാട്ടി.
മോദി സര്‍ക്കാര്‍ തെരഞ്ഞെടുക്കപ്പെട്ട ഏതെങ്കിലും സര്‍ക്കാരുകളെ അട്ടിമറിച്ചിട്ടുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. അഴിമതിക്കെതിരെ നടപടിയെടുക്കുമ്പോള്‍ ഇവര്‍ പറയുന്നു ജനാധിപത്യം അപകടത്തിലായെന്ന്. എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് എന്തെങ്കിലും തെറ്റ് ചെയ്യുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്ക് കോടതിയെ സമീപിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രധാനമന്ത്രി ജനാധിപത്യം അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് പ്രിയങ്കാ ഗാന്ധി കഴിഞ്ഞ ദിവസം പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് രാജ്‌നാഥിന്‍റെ പരാമര്‍ശങ്ങള്‍.
ഗുജറാത്തിലെ 26 മണ്ഡലങ്ങളിലേക്കും അടുത്തമാസം ഏഴിനാണ് വോട്ടെടുപ്പ് നടക്കുന്നത്. സൂറത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി മുകേഷ് ദലാല്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിലേഷ് കുമ്പാനിയുടെ പത്രിക തള്ളിയതിനെ തുടര്‍ന്നാണിത്. ഇദ്ദേഹത്തെ നാമനിര്‍ദ്ദേശം ചെയ്‌ത മൂന്ന് പേരും സത്യവാങ്ങ് മൂലത്തില്‍ ഒപ്പ് വയ്ക്കാത്തതിനെ തുടര്‍ന്നാണ് പത്രിക തള്ളിയത്.
കച്ച്, ബനാസ്‌കാന്ത, പത്താന്‍ മെഹ്‌സന, സബര്‍ കാന്ത, ഗാന്ധിനഗര്‍, അഹമ്മദാബാദ് ഈസ്‌റ്റ്, അഹമ്മദാബാദ് വെസ്‌റ്റ്, സുരേന്ദ്രനഗര്‍, രാജ്കോട്ട്, പോര്‍ബന്ദര്‍, ജാംനഗര്‍, ജുനഗഡ്, അമ്രേലി, ഭാവ്‌നഗര്‍, ആനന്ദ്, ഖേദ, പഞ്ച്മഹല്‍, ദഹോദ്, വഡോദര, ഛോട്ട ഉദയ്പൂര്‍, ബറൂച്ച്, ബര്‍ദോളി, നവ്‌സരി, വല്‍സാദ് എന്നിവിടങ്ങളിലാണ് മൂന്നാംഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്.
2024 പൊതുതെരഞ്ഞെടുപ്പ് ഏഴ് ഘട്ടങ്ങളിലായാണ് നടക്കുന്നത്. ഈ മാസം 19നായിരുന്നു ഒന്നാംഘട്ട പോളിങ്ങ്. രണ്ടാം ഘട്ട പോളിങ്ങ് 26ന് നടന്നു. ജൂണ്‍ നാലിനാണ് വോട്ടെണ്ണലും ഫലപ്രഖ്യാപനവും.
Also Read: 'ഇന്ത്യയുടെ മകളാണ്'; ഏകാധിപത്യത്തിനെതിരെ വോട്ടഭ്യര്‍ത്ഥിച്ച് സുനിത കെജ്‌രിവാള്‍