ലഖ്‌നൗ (ഉത്തർപ്രദേശ്) : പാകിസ്ഥാന്‍റെ ഐഎസ്ഐയുമായി രഹസ്യ സുരക്ഷ വിവരങ്ങൾ പങ്കുവയ്ക്കൽ, പണത്തിനായി ദേശീയ സുരക്ഷയെ കുറിച്ചുള്ള വിവരങ്ങൾ ചോർത്തൽ തുടങ്ങിയ ചാരപ്രവർത്തനങ്ങളിൽ നിരവധി ഇന്ത്യൻ യുവാക്കൾ ഉൾപ്പെട്ടതായി കണ്ടെത്തി. അടുത്തിടെ ഗോവയിൽ ഇന്ത്യൻ നാവികസേനയുടെ ഔട്ട്‌സോഴ്‌സിങ്ങിൽ ജോലി ചെയ്‌തിരുന്ന രാം സിങ്ങിന്‍റെ ചാരപ്രവർത്തനത്തിന്‍റെ പങ്ക് പുറത്തുവന്നിരുന്നു.
ഉത്തർപ്രദേശ് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് അറിയിച്ചതനുസരിച്ച്, ഗൊരഖ്‌പൂർ പിപ്രായിച്ച് സ്വദേശിയായ രാം സിങ്ങിനെ സൂക്ഷ്‌മമായ അന്വേഷണത്തിനൊടുവിലാണ് പിടികൂടിയത്. ഐഎൻഎസ് വിക്രാന്ത്, ഐഎൻഎസ് വിക്രമാദിത്യ, സ്വർണ എന്നിവയുൾപ്പെടെയുള്ള ഇന്ത്യൻ യുദ്ധക്കപ്പലുകൾക്ക് ഇൻസുലേഷൻ സ്ഥാപിക്കുന്നതിലുള്ള രാം സിങ്ങിന്‍റെ പങ്ക് സുരക്ഷാവീഴ്‌ചയിൽ ആശങ്ക ഉയർത്തിയിട്ടുണ്ട്.
സോഷ്യൽ മീഡിയയിൽ 'കൃതി സിങ്' ആയി വേഷമിട്ട ഒരു അംഗം ചങ്ങാത്തത്തിലായതോടെയാണ് പാകിസ്ഥാനിലെ ഐഎസ്ഐ (ഇൻ്റർ-സർവീസസ് ഇൻ്റലിജൻസ്) യുമായുള്ള രാം സിങ്ങിന്‍റെ ഇടപെടൽ പുറത്തുവന്നത്. സൗഹൃദത്തിന്‍റെ മറവിൽ, സാമ്പത്തിക പ്രതിഫലത്തിന് പകരമായി തന്ത്രപ്രധാനമായ വിവരങ്ങൾ പങ്കിടാൻ രാം സിങ്ങിനെ അവർ നിർബന്ധിച്ചിരുന്നു എന്ന് അന്വേഷണത്തിലൂടെ കണ്ടെത്തി.
ചോദ്യം ചെയ്യലിൽ, ചാരപ്രവർത്തനത്തിന് കൂട്ടുനിൽക്കുന്ന വ്യക്തികളുടെ ശൃംഖലയെക്കുറിച്ച് രാം സിങ് വെളിപ്പെടുത്തി. ലക്കി ജാട്ട്, മക്കി സിദ്ധു, അതുൽ ദുബെ, രവി ശർമ്മ, സവിത, ദക്ഷീൽ നരേഷ്, ഉപേന്ദ്ര ഗഡ്‌കനി, രഞ്ജൻ കുമാർ പാണ്ഡെ എന്നിവർ അതിൽ ഉൾപ്പെടുന്നു. പണത്തിനായി അവർ ഐഎസ്ഐ ഏജൻ്റുമാർക്ക് നാവികസേനയുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങൾ നൽകിയതായാണ് ആരോപണം.
കൂടാതെ, റിക്രൂട്ട്‌മെൻ്റിനായി ഹിന്ദു യുവാക്കളെ ലക്ഷ്യമിട്ടുള്ള ഐഎസ്ഐയുടെ തന്ത്രവും രാം സിങ് വെളിപ്പെടുത്തി. മുസ്ലീമുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഹിന്ദുക്കളിലേക്കുള്ള അന്വേഷണത്തിനുള്ള സാധ്യത കുറവാണ് എന്നതാണ് അതിന് കാരണം.
ഐജി നിലബ്‌ജ ചൗധരിയുടെ നേതൃത്വത്തിലുള്ള യുപി എടിഎസ് ഉദ്യോഗസ്ഥർ കേസിൽ കർശനമായ നടപടികൾ സ്വീകരിക്കുമെന്ന് അറിയിച്ചു. രാം സിങ്ങിനെ കൂടുതൽ അന്വേഷണ വിധേയമായി ജുഡീഷ്യൽ കസ്‌റ്റഡിയിൽ വിട്ടു. ചോദ്യം ചെയ്യലിൽ രാം സിങ് പരാമർശിച്ച മറ്റ് വ്യക്തികളെ കണ്ടെത്താനും പിടികൂടാനും അധികൃതർ പദ്ധതിയിടുകയാണ്.
ചാരപ്രവർത്തനം ഉയർത്തുന്ന ഗുരുതരമായ ഭീഷണിയും ദേശീയ താത്‌പര്യങ്ങൾ സംരക്ഷിക്കുന്നതിന് ശക്തമായ സുരക്ഷ നടപടികളുടെ അടിയന്തര ആവശ്യം അനിവാര്യമാണെന്ന് അധികൃതർ പറഞ്ഞു.