ന്യൂഡൽഹി: പനാമ ക്രൂഡ് ഓയിൽ കപ്പല്‍ ഹൂതി വിമതരുടെ മിസൈലാക്രമണത്തില്‍ നിന്ന് രക്ഷിച്ച് ഇന്ത്യന്‍ നാവിക സേന. 22 ഇന്ത്യക്കാരുൾപ്പെടെ 30 ജീവനക്കാരുമായി പോയ കപ്പലാണ് ചെങ്കടലില്‍ വച്ച് ആക്രമിക്കപ്പെട്ടത്. ഏപ്രിൽ 26-ന് ആണ് എംവി ആൻഡ്രോമിഡ സ്റ്റാർ എന്ന കപ്പലിന് നേരെ ആക്രമണമുണ്ടായത്.
ഇന്ത്യൻ നാവികസേനയുടെ ഐഎൻഎസ് കൊച്ചിയാണ് രക്ഷാപ്രവര്‍ത്തനത്തിനായി എത്തിയത്. എല്ലാ ക്രൂ അംഗങ്ങളും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. ഹൂതി വിമതര്‍ യെമനിൽ നിന്നാണ് ചെങ്കടലിലേക്ക് മൂന്ന് ബാലിസ്റ്റിക് മിസൈലുകൾ തൊടുത്ത് വിട്ടത് എന്നാണ് യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചത്.
ആക്രമണത്തില്‍ കപ്പലിന് ചെറിയ കേടുപാടുകൾ സംഭവിച്ചതായും യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. അപകടസാധ്യത വിലയിരുത്താൻ നാവികസേനയുടെ ഒരു എക്‌സ്‌പ്ലോസീവ് ഓർഡനൻസ് ഡിസ്‌പോസൽ (ഇഒഡി) ടീമിനെയും വിന്യസിച്ചതായി നാവികസേന പ്രസ്‌താവനയിൽ പറഞ്ഞു. 30 ജീവനക്കാരും സുരക്ഷിതരാണെന്നും കപ്പൽ ഷെഡ്യൂൾ ചെയ്ത യാത്ര തുടരുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു.
ചെങ്കടലിലെ വിവിധ കപ്പലുകൾക്ക് നേരെ ഹൂതി വിമതര്‍ നടത്തുന്ന ആക്രമണത്തില്‍ ആഗോള ആശങ്ക തുടരുന്ന പശ്ചാത്തലത്തിലാണ് പുതിയ സംഭവം. കഴിഞ്ഞ ആഴ്‌ചകളില്‍ പടിഞ്ഞാറൻ ഇന്ത്യൻ മഹാസമുദ്രത്തില്‍ നിരവധി വ്യാപാര കപ്പലുകൾക്ക് നേരെ ആക്രമണം നടന്നിരുന്നു. ഇന്ത്യൻ നാവികസേനയാണ് ഇവിടങ്ങളിലും സഹായവുമായി എത്തിയത്.