കത്വ : ജമ്മു കാശ്‌മീരിലെ കത്വയില്‍ ഇന്ത്യന്‍ സൈനിക വ്യൂഹത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ അഞ്ച് സൈനികര്‍ക്ക് വീരമൃത്യു. ആക്രമണത്തില്‍ പരിക്കേറ്റ മറ്റ് അഞ്ച് സൈനികര്‍ ചികിത്സയിലാണ്. മച്ചേദി മേഖലയിൽ ഇന്ന് വൈകുന്നേരത്തോടെയാണ് ആക്രമണമുണ്ടായത്.
പത്ത് പേരടങ്ങിയ സൈനിക സംഘം പതിവ് പട്രോളിങ് നടത്തുന്നതിനിടെയാണ് വാഹനത്തിന് നേരെ ആക്രമണമുണ്ടായത്. വാഹനത്തിന് നേരെ ഭീകരർ ഗ്രനേഡ് എറിയുകയും വെടിയുതിർക്കുകയുമായിരുന്നു. സുരക്ഷാ സേന തിരിച്ചടിച്ചതോടെ ഭീകരർ സമീപത്തെ വനത്തിലേക്ക് മറഞ്ഞു. പ്രദേശത്ത് ഏറ്റുമുട്ടല്‍ തുടരുന്നതായാണ് വിവരം.
ഭീകരര്‍ അതിർത്തിക്കപ്പുറത്ത് നിന്ന് അടുത്തിടെ നുഴഞ്ഞുകയറിയതാകാമെന്നാണ് അതികൃതര്‍ അറിയിച്ചത്. ഭീകരരെ വകവരുത്താന്‍ പ്രദേശത്ത് കൂടുതൽ സേനയെ എത്തിച്ചതായും അതികൃതര്‍ അറിയിച്ചു. കഴിഞ്ഞ നാലാഴ്‌ചയ്ക്കിടെ കത്വ ജില്ലയിൽ നടക്കുന്ന രണ്ടാമത്തെ വലിയ സംഭവമാണിത്. ജൂൺ 12, 13 തീയതികളിൽ പ്രദേശത്ത് നടത്തിയ തിരച്ചിലിനിടെയുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരും ഒരു സിആർപിഎഫ് ജവാനും കൊല്ലപ്പെട്ടിരുന്നു.
ജൂൺ 26 ന് ദോഡ ജില്ലയിലെ ഗണ്ഡോ മേഖലയിൽ ഭീകരരും സുരക്ഷാ സേനയും തമ്മിലുണ്ടായ വെടിവെപ്പിൽ മൂന്ന് ഭീകരർ കൊല്ലപ്പെട്ടിരുന്നു. പ്രദേശത്തെ സമാധാന അന്തരീക്ഷം തകർക്കാനുള്ള പാകിസ്ഥാൻ ഹാൻഡ്‌ലർമാരുടെ ശ്രമമാണ് ജമ്മുവിൽ ഭീകരപ്രവർത്തനങ്ങള്‍ അധികരിക്കുന്നതിന്‍റെ കാരണമെന്ന് അധികൃതർ പറയുന്നു.
ജൂൺ 9-ന്, റിയാസി ജില്ലയിലെ ശിവ് ഖോരി ക്ഷേത്രത്തിൽ നിന്ന് തീർഥാടകരുമായി പോവുകയായിരുന്ന ബസിന് നേരെ ഭീകരർ നടത്തിയ ആക്രമണത്തിൽ വാഹനത്തിന്‍റെ ഡ്രൈവറും കണ്ടക്‌ടറും ഉൾപ്പെടെ ഒമ്പത് പേർ കൊല്ലപ്പെടുകയും 41 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു.