കശ്‌മീര്‍ : ബനിഹാലിലുണ്ടായ കനത്ത മഞ്ഞുവീഴ്‌ചയിൽ എൻഎച്ച് 44ല്‍ കുടുങ്ങിയ, രാജസ്ഥാൻ ലോ കോളജിലെ വിദ്യാർത്ഥികളടക്കം നിരവധി പേരെ ഇന്ത്യൻ സൈന്യം രക്ഷപ്പെടുത്തി. ഫെബ്രുവരി 21-ന് പ്രതികൂല കാലാവസ്ഥയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിലും കനത്ത മഞ്ഞുവീഴ്‌ചയിലും നിരവധി യാത്രക്കാര്‍ എന്‍എച്ച് 44 ഹൈവേയിൽ കുടുങ്ങിയിരുന്നു.
ഉദയ്‌പൂര്‍ മോഹൻലാൽ സുഖാദിയ യൂണിവേഴ്‌സിറ്റിയിലെ ലോ കോളജ് വിദ്യാർത്ഥികളും ജീവനക്കാരുമാണ് ഹൈവേയില്‍ കുടുങ്ങിയത്. 74 വിദ്യാർത്ഥികളും 7 യൂണിവേഴ്‌സിറ്റി ജീവനക്കാരുമടങ്ങുന്ന സംഘം ഹിമപാതത്തില്‍ അകപ്പെടുകയായിരുന്നു. ബനിഹാലിലെ ഇന്ത്യൻ സൈന്യമാണ് ഇവരെ രക്ഷപ്പെടുത്തി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയത്.
ജീവനക്കാർക്കും വിദ്യാർത്ഥികൾക്കും വൈദ്യസഹായവും ഭക്ഷണവും താമസ സൗകര്യവും സൈനിക ഉദ്യോഗസ്ഥര്‍ നല്‍കിയതായി ലോ കോളജ് പ്രിൻസിപ്പൽ കൽപേഷ് നിക്കാവത്ത് പറഞ്ഞു. ഇന്ത്യൻ സൈന്യത്തോട് അദ്ദേഹം നന്ദി രേഖപ്പെടുത്തി. രാഷ്‌ട്രത്തെയും പൗരന്മാരെയും സേവിക്കുന്നതിനുള്ള സൈന്യത്തിന്‍റെ സമർപ്പണത്തെ അദ്ദേഹം അഭിനന്ദിച്ചു.