ഇംഫാല്‍: ഇന്ത്യൻ ആര്‍മിയും മണിപ്പൂർ പൊലീസും സംയുക്തമായി നടത്തിയ പരിശോധനയില്‍ നിരവധി ആയുധങ്ങള്‍ കണ്ടെടുത്തു. മണിപ്പൂരിലെ ഇംഫാൽ ഈസ്റ്റ് യാൻജിയാങ്പോക്‌പി, ചുർകാഹന്ദ്പൂർ ജില്ലകളിലെ താഴ്വരയില്‍ നിന്ന് തോക്കുകളും ഗ്രനേഡുകളും ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ കണ്ടെടുത്തു. ഇൻ്റലിജൻസ് വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് പൊലീസും സൈന്യവും രഹസ്യ ഓപ്പറേഷൻ നടത്തിയത്.
വ്യത്യസ്‌ത ദിനങ്ങളില്‍ നടത്തിയ രഹസ്യ ഓപ്പറേഷനുമായി ബന്ധപ്പെട്ട വാര്‍ത്താകുറിപ്പ് അധികൃതര്‍ ഇന്നാണ് പങ്കുവച്ചത്. ഡിസംബർ 23ന് നടത്തിയ രഹസ്യ നീക്കത്തില്‍ ഒരു ലൈറ്റ് മെഷീൻ ഗൺ, ഒരു 12 ബോർ സിംഗിൾ ബാരൽ ഗൺ, ഒരു 9 എംഎം പിസ്റ്റൾ, രണ്ട് ട്യൂബ് ലോഞ്ചറുകൾ, സ്ഫോടകവസ്‌തുക്കൾ, വെടിക്കോപ്പുകൾ, യുദ്ധസമാനമായ സ്റ്റോറുകൾ എന്നിവ കണ്ടെത്തുകയായിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
അസം റൈഫിൾസും മണിപ്പൂർ പൊലീസും ചേര്‍ന്ന് ഡിസംബർ 27ന് നടത്തിയ സംയുക്ത തെരച്ചിലിൽ ഫാക്‌ടറിയിൽ നിർമ്മിച്ച 303 റൈഫിൾ, ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസുകൾ (ഐഇഡി), ഗ്രനേഡുകൾ എന്നിവയും കണ്ടെടുത്തു. അക്രമണകാരികള്‍ താമസിച്ചിരുന്ന മൂന്ന് ഒളിത്താവളങ്ങളില്‍ നിന്നാണ് ആയുധ ശേഖരം കണ്ടെടുത്തത്.
2024 ഡിസംബർ 27-28 തീയതികളിൽ നടത്തിയ വാഹന പരിശോധനയില്‍ രണ്ട് ഡബിള്‍ ബാരല്‍ ഗണ്ണും ഒരു സിംഗിൾ ബോർ റൈഫിളും പിടിച്ചെടുത്തിരുന്നു. പിടിച്ചെടുത്ത ആയുധങ്ങള്‍ മണിപ്പൂര്‍ പൊലീസിന് കൈമാറിയതായും വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.