ന്യൂഡല്‍ഹി : ഇന്ത്യയുടെ തെക്കു പടിഞ്ഞാറന്‍ തീരത്ത്, മാലദ്വീപിനോട് ചേര്‍ന്ന് പുതിയ നേവല്‍ ബേസ് ആരംഭിക്കാനൊരുങ്ങി രാജ്യം. ലക്ഷദ്വീപ് ദ്വീപ് സമൂഹത്തിലെ തെക്കേ അറ്റത്തുള്ള ദ്വീപായ മിനിക്കോയിയിലാണ് ഐഎൻഎസ് ജടായു എന്ന പേരിൽ നേവല്‍ ബേസ് നിർമ്മിക്കാൻ ആലോചിക്കുന്നതെന്ന് ഇന്ത്യൻ നാവികസേന അറിയിച്ചു. ഇന്ത്യയും മാലദ്വീപും തമ്മിലുള്ള ബന്ധത്തിന് ഉലച്ചില്‍ വന്ന സാഹചര്യത്തിലാണ് പുതിയ നേവല്‍ ബേസ് ഒരുങ്ങുന്നത്.
ഇന്ത്യയുടെ ദ്വീപുകൾ മാലദ്വീപിന് 130 കിലോമീറ്റർ (80 മൈൽ) വടക്കായാണ് സ്ഥിതി ചെയ്യുന്നത്. നേവല്‍ ബേസിന്‍റെ വിശദമായ പ്ലാൻ ബുധനാഴ്‌ച പ്രസിദ്ധീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
പടിഞ്ഞാറൻ അറബിക്കടലിൽ നടക്കുന്ന കടൽക്കൊള്ള, മയക്കുമരുന്ന് തുടങ്ങിയവ തടയുന്നതിനുള്ള നാവികസേനയുടെ പ്രവര്‍ത്തനങ്ങളെ പുതിയ നേവല്‍ ബേസ് സുഗമമാക്കുമെന്നും മെയിൻ ലാന്‍റുമായുള്ള ബന്ധം വർദ്ധിപ്പിക്കുമെന്നും നാവിക സേനയുടെ പ്രസ്‌താവനയിൽ പറയുന്നു.
ദ്വീപുകളിൽ അടിസ്ഥാന സുരക്ഷാ സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനുള്ള നയത്തിന്‍റെ ഭാഗം കൂടിയാണ് ഈ നേവല്‍ ബേസെന്നും ഇന്ത്യൻ നാവികസേന അറിയിച്ചു. ലക്ഷദ്വീപിലെ കവരത്തിയില്‍ ഐഎൻഎസ് ദ്വീപ്‌രക്ഷക് എന്ന പേരില്‍ ഒരു നേവല്‍ ബേസ് നിലവിലുണ്ട്.
കഴിഞ്ഞ വർഷം മുഹമ്മദ് മുയിസുവിന്‍റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തിൽ വന്നതോടെയാണ് മാലദ്വീപും ഇന്ത്യയും തമ്മിലുള്ള ബന്ധം വഷളാകുന്നത്. അധികാരത്തിലേറിതിന് ശേഷം മുയിസു, പതിവ് തെറ്റിച്ച് കൊണ്ട് ഇന്ത്യ സന്ദര്‍ശിക്കാതെ ചൈന സന്ദർശിച്ചതും വാര്‍ത്തയായിരുന്നു. മാലദ്വീപിലെ മുഴുവന്‍ ഇന്ത്യന്‍ സൈനികരെയും ഉടന്‍ പിന്‍വലിക്കാനും ഫെബ്രുവരിയിൽ മുയിസു ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു.
കൂടാതെ, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധിക്ഷേപിച്ചുകൊണ്ട് മാലദ്വീപിലെ മൂന്ന് ഡെപ്യൂട്ടി മന്ത്രിമാർ പോസ്റ്റ് ചെയ്‌തതിന് പിന്നാലെ മാലദ്വീപിലേക്കുള്ള വിനോദസഞ്ചാരം ബഹിഷ്‌കരിക്കാൻ സോഷ്യൽ മീഡിയയില്‍ വ്യാപക ക്യാമ്പെയില്‍ നടന്നത് മാലദ്വീപിന് കനത്ത തിരിച്ചടിയായിരുന്നു. ഇതിന് ശേഷം മൂന്ന് മന്ത്രിമാരെയും ലക്ഷദ്വീപ് പുറത്താക്കുകയും ചെയ്‌തു.