ന്യൂഡല്‍ഹി: ഉഗ്രശേഷിയുള്ള പിനാക റോക്കറ്റുകള്‍ അര്‍മേനിയയിലേക്ക് കയറ്റുമതി തുടങ്ങി ഇന്ത്യ. ആഗോളതലത്തില്‍ തന്നെ ഇന്ത്യയുടെ തദ്ദേശീയ മള്‍ട്ടി ബാരല്‍ റോക്കറ്റ് ലോഞ്ചറുകള്‍ക്ക് ആവശ്യക്കാരേറി വരുന്ന സാഹചര്യത്തിലാണിത്. ആകാശ് വ്യോമ പ്രതിരോധ മിസൈല്‍ സംവിധാനം അര്‍മേനിയയിലേക്ക് കയറ്റി അയക്കാന്‍ തുടങ്ങിയ വേളയില്‍ തന്നെയാണ് ഡിആര്‍ഡിഒയുടെ റോക്കറ്റ് ലോഞ്ചറുകളും വിതരണം ചെയ്യാന്‍ തുടങ്ങിയിരിക്കുന്നത്.
ആദ്യ പിനാക റോക്കറ്റ് ലോഞ്ചര്‍ അര്‍മേനിയയ്ക്ക് കൈമാറിയതായി പ്രതിരോധ വ്യത്തങ്ങള്‍ വ്യക്തമാക്കി. 80 കിലോമീറ്റര്‍ വരെ ദൂരം ഭേദിക്കാന്‍ പിനാകയ്ക്ക് കഴിയും. ചര്‍ച്ചകള്‍ക്ക് ശേഷം ഏകദേശം രണ്ട് വര്‍ഷം മുമ്പ് തന്നെ പിനാക വിതരണത്തിന് ഇന്ത്യ അര്‍മേനിയയുമായി കരാര്‍ ഒപ്പ് വച്ചിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
അമേരിക്ക, ഫ്രാന്‍സ് എന്നിവയ്‌ക്കൊപ്പം ഇന്ത്യന്‍ പ്രതിരോധ ഉപകരണങ്ങള്‍ അര്‍മേനിയയും വലിയ തോതില്‍ വാങ്ങുന്നുണ്ട്. ധാരാളം ദക്ഷിണേഷ്യന്‍ രാജ്യങ്ങളും യൂറോപ്പും പിനാക വാങ്ങാന്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഇന്ത്യന്‍ സേനയും ഇത് വലിയ തോതില്‍ തങ്ങളുടെ ആയുധശേഖരത്തിലേക്ക് ചേര്‍ക്കാന്‍ ശ്രമിക്കുന്നുണ്ട്.
പിനാക റോക്കറ്റുകള്‍ ഉപയോഗിച്ച് ഡിആര്‍ഡിഒ അടുത്തിടെ നിരവധി സുപ്രധാന പരീക്ഷണങ്ങള്‍ നടത്തിയിരുന്നു. നാഗ്‌പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സോളാര്‍ ഇന്‍ഡസ്‌ട്രീസ് ഇക്കണോമിക് എക്‌സ്പ്ലോസീവ്‌സ് ലിമിറ്റഡും കേന്ദ്ര സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മ്യൂണിഷന്‍സ് ഇന്ത്യ ലിമിറ്റഡും ചേര്‍ന്നാണ് പിനാക ഉത്പാദിപ്പിക്കുന്നത്. ഫ്രാന്‍സും പിനാക വാങ്ങാന്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
ചീഫ് ഡിഫന്‍സ് സ്റ്റാഫ് അനില്‍ ചൗഹാന്‍ ഫ്രാന്‍സ് സന്ദര്‍ശിച്ച വേളയില്‍ അവരും ഭഗവാന്‍ പരമശിവന്‍റെ പ്രശസ്‌ത ആയുധത്തിന്‍റെ പേര് നല്‍കിയിട്ടുള്ള റോക്കറ്റ് ലോഞ്ചറുകള്‍ വാങ്ങാന്‍ താത്‌പര്യം പ്രകടിപ്പിച്ചിരുന്നു. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്തിട്ടുള്ള ആയുധങ്ങള്‍ രാജ്യാന്തര വിപണിയില്‍ എത്തിക്കാന്‍ കടുത്ത ശ്രമങ്ങള്‍ നടത്തുന്നുണ്ട്.
2014ന് ശേഷം മൂന്ന് തവണ ഇതില്‍ വിജയിക്കാനും കേന്ദ്രത്തിന് കഴിഞ്ഞു. ഇന്ത്യന്‍ പ്രതിരോധ ഉപകരണങ്ങള്‍ ഏറ്റവും കൂടുതല്‍ വാങ്ങുന്ന രണ്ടാമത്തെ രാജ്യമാണ് ഫ്രാന്‍സ്. അമേരിക്കയാണ് ഇക്കാര്യത്തില്‍ ഒന്നാം സ്ഥാനത്ത്.
പ്രതിരോധ മേഖലയില്‍ ഇന്ത്യയുടെ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയില്‍ വന്‍ നേട്ടമാണ് പിനാക. 2022 ഏപ്രില്‍ മാസത്തില്‍ പിനാക എംകെ-1 എൻഹാൻസ്‌ഡ് റോക്കറ്റ് സിസ്റ്റവും (ഇപിആർഎസ്), പിനാക ഏരിയ ഡിനയൽ മ്യൂണിഷൻ റോക്കറ്റ് സിസ്റ്റവും (എഡിഎം) പൊഖ്‌റാൻ ഫയറിങ് റേഞ്ചിൽ വിജയകരമായി പരീക്ഷിച്ചിരുന്നു. തുടര്‍ന്ന് ഓഗസ്റ്റില്‍ രണ്ടാഴ്‌ചകളിലായി ഒഡിഷയിലെ ബാലസോറിലും രാജസ്ഥാനിലെ പൊഖ്‌റാനിലും റോക്കറ്റുകളുടെ പരീക്ഷണം നടന്നു.
Also Read: ആയുധ വിതരണ രംഗത്ത് ഇന്ത്യന്‍ 'ട്വിസ്റ്റി'ന്‍റെ വര്‍ഷം ; ആശങ്കയോടെ കണ്ണുംനട്ട് രാജ്യങ്ങള്‍