ന്യൂഡൽഹി: ഓഗസ്റ്റ് മാസം ഇന്ത്യയില്‍ സാധാരണ നിലയില്‍ ലഭ്യമാകുന്നതിനെക്കാള്‍ 16 ശതമാനം കൂടുതല്‍ മഴ ലഭിച്ചു. 248.1 മില്ലീമീറ്റര്‍ മഴ ലഭ്യമാകേണ്ട സ്ഥാനത്ത് 287.1 മില്ലിമീറ്റർ മഴയാണ് ഓഗസ്റ്റിൽ രേഖപ്പെടുത്തിയത്. എന്നാല്‍ കേരളത്തില്‍ സാധാരണ നിലയില്‍ ലഭ്യമാകുന്ന മഴ ലഭിച്ചില്ല.
2001ന് ശേഷം ഇന്ത്യയില്‍ രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ മഴ നിരക്കാണിതെന്ന് കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി. ജൂൺ ഒന്നിന് മൺസൂൺ ആരംഭിച്ചതിന് ശേഷം ഇന്ത്യയിൽ സാധാരണ ലഭ്യമാകുന്ന 701 മില്ലിമീറ്റന് പകരം 749 മില്ലിമീറ്റർ മഴ ലഭിച്ചു. ഇന്ത്യയുടെ വടക്കുപടിഞ്ഞാറൻ മേഖലയില്‍ മാത്രം 253.9 മില്ലിമീറ്റർ മഴ ഈ മാസം രേഖപ്പെടുത്തി.
എന്നാല്‍ ഹിമാലയന്‍ താഴ്‌വരയിലെയും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെയും പല പ്രദേശങ്ങളിലും സാധാരണയിലും കുറവ് മഴയാണ് ഈ കാലവര്‍ഷം ലഭിച്ചത്. കേരളത്തിലും മഹാരാഷ്ട്രയിലുമാണ് ഈ മാസം കുറവ് മഴ ലഭിച്ചത്. മഹാരാഷ്ട്രയിലെ വിദർഭയാണ് ഏറ്റവും കുറവ് മഴ രേഖപ്പെടുത്തിയ പ്രദേശം.
ഓഗസ്റ്റിൽ ആറ് ന്യൂനമർദങ്ങള്‍ രൂപപ്പെട്ടു. ന്യൂനമർദം ബാധിക്കപ്പെട്ട 17 ദിവസങ്ങളാണ് ഈ മാസം ഉണ്ടായത്. സാധാരണ 16.3 ദിവസങ്ങളെ അപേക്ഷിച്ച് ഇത് കൂടുതലാണ്. നോ-ബ്രേക്ക് മൺസൂൺ ആണ് ഈ മാസം ഉണ്ടായത്.
മാസത്തിൻ്റെ രണ്ടാം പകുതിയിൽ മാഡൻ-ജൂലിയൻ ഓസിലേഷൻ (എംജെഒ) വളരെ സജീവമായിരുന്നു. ഇതാണ് ഇന്ത്യൻ മേഖലയിൽ നല്ല മഴയ്ക്ക് കാരണമായത്. ആഫ്രിക്കയിലെ ഉഷ്‌ണമേഖലയില്‍ നിന്ന് ഉത്ഭവിച്ച് കിഴക്കോട്ട് സഞ്ചരിക്കുന്ന വലിയ തോതിലുള്ള അന്തരീക്ഷ അസന്തുലിതാവസ്ഥയാണ് എംജെഒ. സാധാരണയായി 30 മുതൽ 60 ദിവസം വരെ ഇവ നീണ്ടുനിൽക്കും.
Also Read: മണ്‍സൂണില്‍ അസാധാരണം; അറബിക്കടലില്‍ 'അസ്‌ന', കനത്ത ജാഗ്രത