ന്യൂഡല്‍ഹി: പ്രതിരോധമേഖലയില്‍ ഇന്ത്യയും ഇന്തോനേഷ്യയും തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിരോധ ഉത്പാദന- വിതരണ ശൃംഖല മേഖലയിലാകും പ്രധാനമായും സഹകരണമെന്നും പ്രധാമന്ത്രി വ്യക്തമാക്കി. ഇന്തോനേഷ്യന്‍ പ്രസിഡന്‍റ് പ്രബോവോ സുബിയാന്തോയുമായുള്ള കൂടിക്കാഴ്‌ചയ്ക്ക് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്.
ഇന്ത്യയുടെ ആദ്യ റിപ്പബ്ലിക് ദിനത്തില്‍ ഇന്തോനേഷ്യ ആയിരുന്നു മുഖ്യാതിഥി എന്നും പ്രധാനമന്ത്രി ഓര്‍മ്മിച്ചു. ഇപ്പോഴിതാ 75-ാം റിപ്പബ്ലിക് ദിനത്തിലും ഇന്തോനേഷ്യ തന്നെ മുഖ്യാതിഥിയായിരിക്കുന്നുവെന്നത് അഭിമാനകരമായ കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്തോനേഷ്യ ഒരിക്കല്‍ കൂടി നമ്മുടെ ഈ ചരിത്ര മുഹൂര്‍ത്തത്തില്‍ പങ്കാളികളാകുന്നു. താന്‍ പ്രസിഡന്‍റ് പ്രബോവോ സുബിയാന്തിനെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉഭയകക്ഷി സഹകരണത്തെക്കുറിച്ചുള്ള വിവിധ വിഷയങ്ങള്‍ പ്രബോവോ സുബിയാന്തോയുമായി ചര്‍ച്ച ചെയ്‌തതായി പ്രധാനമന്ത്രി മോദി വ്യക്തമാക്കി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
2018ല്‍ താന്‍ ഇന്തോനേഷ്യ സന്ദര്‍ശിച്ചപ്പോല്‍ തന്ത്രപരമായ പങ്കാളിത്തത്തിന് സമഗ്ര ചര്‍ച്ച നടത്തിയിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്നും സഹകരണത്തിന്‍റെ വിവിധ വിഷയങ്ങളില്‍ സമഗ്ര ചര്‍ച്ച നടന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രതിരോധ ഉത്പാദനത്തിലും വിതരണ ശൃംഖലയിലും സഹകരണം മെച്ചപ്പെടുത്തി പ്രതിരോധ രംഗത്തെ സഹകരണം വര്‍ധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.
സമുദ്ര സുരക്ഷ, സൈബര്‍ സുരക്ഷ, ഭീകരവിരുദ്ദ പോരാട്ടങ്ങള്‍, തീവ്രവാദം ഉന്‍മൂലനം ചെയ്യല്‍ തുടങ്ങിയ മേഖലകളില്‍ സഹകരണം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ചും ചര്‍ച്ച ചെയ്‌തു. ഇന്ന് സമുദ്ര സുരക്ഷ കരാറില്‍ ഒപ്പിടുന്നതോടെ ഈ രംഗത്തെ സഹകരണം കുറ്റകൃത്യം തടയല്‍, തെരച്ചില്‍, ശേഷി വര്‍ധിപ്പിക്കല്‍ എന്നിവ കൂടുതല്‍ ശക്തമാകുമെന്നും മോദി കൂട്ടിച്ചേര്‍ത്തു.
ഉഭയകക്ഷി വാണിജ്യം കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി വേഗതയാര്‍ജ്ജിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞ കൊല്ലമിത് 3000 കോടി ഡോളറിലെത്തി. ഇതിന് പുറമെ വിപണി വൈവിധ്യവത്ക്കരണത്തെക്കുറിച്ചുള്ള ചര്‍ച്ചകളും നടന്നു.
ഫിന്‍ടെക്, നിര്‍മ്മിത ബുദ്ധി, ഇന്‍റര്‍നെറ്റ്, ഡിജിറ്റല്‍ പബ്ലിക് ഇന്‍ഫ്രാസ്‌ട്രക്‌ചര്‍ തുടങ്ങിയമേഖലകളിലും സഹകരണം ശക്തമാക്കാന്‍ തീരുമാനമായി. ആരോഗ്യം, ഭക്ഷ്യ സുരക്ഷ എന്നിവ സംബന്ധിച്ച വിജ്ഞാന പങ്കിടലിനും ധാരണയായിട്ടുണ്ട്. ഇരുരാജ്യങ്ങളിലെയും ദുരന്ത നിവാരണ സേനകള്‍ ഒരു സംയുക്ത പ്രകടനത്തിലും പങ്കാളികളാകും. ഇന്ത്യയും ഇന്തോനേഷ്യയും തമ്മിലുള്ള ബന്ധം പതിനായിരക്കണക്കിന് വര്‍ഷം പഴക്കമുള്ളതാണ്. ഇന്തോനേഷ്യയിലെ ബോറോബുദുര്‍ ബുദ്ധ ക്ഷേത്രത്തിന് പിന്നാലെ പ്രമ്പനന്‍ ഹിന്ദു ക്ഷേത്രം സംരക്ഷിക്കാനും നാം സംഭാവന നല്‍കുന്നുവെന്നത് ഏറെ സന്തോഷകരമായ കാര്യമാണെന്നും മോദി വ്യക്തമാക്കി.
നമ്മുടെ റിപ്പബ്ലിക് ദിന പരേഡില്‍ ആദ്യമായി ഇന്തോനേഷ്യയുടെ സൈന്യം പരേഡ് ചെയ്യുന്നത് കാണാന്‍ ആകാംഷയോടെ കാത്തിരിക്കുകയാണ്. താങ്കളെയും താങ്കളുടെ പ്രതിനിധി സംഘത്തെയും ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2024 ഒക്‌ടോബറില്‍ ചുമതലയേറ്റ ഇന്തോനേഷ്യന്‍ പ്രസിഡന്‍റിന്‍റെ ആദ്യ വിദേശയാത്ര കൂടിയാണിത്. നേരത്തെ ഇരുനേതാക്കളും ഡല്‍ഹിയിലെ ഹൈദരാബാദ് ഹൗസില്‍ കൂടിക്കാഴ്‌ച നടത്തിയിരുന്നു. ഇരുവരും പരസ്‌രപം ഊഷ്‌മളമായി ആശംസകള്‍ അര്‍പ്പിക്കുകയും ഹസ്‌തദാനം ചെയ്യുകയും ചെയ്‌തു.
പ്രബോവോ സുബിയാന്തോ രാജ്‌ഘട്ടിലെത്തി രാഷ്‌ട്രപതി മഹാത്മാഗാന്ധിക്ക് ആദരമര്‍പ്പിച്ചു. സന്ദര്‍ശക പുസ്‌തകത്തില്‍ ഒപ്പ് വയ്ക്കുകയും ചെയ്‌തു. വിദേശകാര്യ സഹമന്ത്രി പബിത്ര മാര്‍ഗരിത്തയും അദ്ദേഹത്തെ അനുഗമിച്ചു. രാഷ്‌ട്രപതി ഭവനില്‍ അദ്ദേഹത്തിന് ആചാരപരമായ വരവേല്‍പ്പ് നല്‍കി.
Also Read: റിപബ്ലിക് ദിനത്തിൽ മുഖ്യാതിഥി ഇന്തോനേഷ്യന്‍ പ്രസിഡന്‍റ്; മുന്‍ വർഷങ്ങളിലെ അതിഥികളെ അറിയാം