ന്യൂഡൽഹി: സിറിയയ്ക്ക് സഹായവുമായി ഇന്ത്യ. 1400 കിലോ ആന്‍റി കാൻസർ മരുന്നുകൾ സിറിയയിലേക്ക് അയച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇന്ത്യ സിറിയയ്ക്ക് മാനുഷിക സഹായം അയക്കുന്നതായി എംഇഎയുടെ ഔദ്യോഗിക വക്താവ് രൺധീർ ജയ്‌സ്വാളും എക്‌സിൽ കുറിച്ചു.
'ഇന്ത്യ സിറിയയിലേക്ക് മാനുഷിക സഹായം അയക്കുന്നു. സിറിയയോടുള്ള രാജ്യത്തിൻ്റെ പ്രതിബദ്ധത കണക്കിലെടുത്ത് 1400 കിലോ ക്യാൻസർ വിരുദ്ധ മരുന്നുകൾ സിറിയയിലേക്ക് അയച്ചിട്ടുണ്ട്' എന്ന് രൺധീർ ജയ്‌സ്വാൾ പോസ്‌റ്റിൽ വ്യക്തമാക്കി.
ഇന്ത്യ-സിറിയ ബന്ധം പരമ്പരാഗതമായി സൗഹൃദപരമാണ്. സിറിയയില്‍ സംഘർഷം നടക്കുന്ന സമയത്ത് മുഴുവനും സിറിയയിലെ ഇന്ത്യൻ എംബസി തുറന്ന് പ്രവര്‍ത്തിച്ചിരുന്നു. ഐടിഇസി പ്രോഗ്രാമിന്‍റെ ഭാഗമായ സ്കോളർഷിപ്പുകളിലൂടെയും പരിശീലന കോഴ്‌സുകളിലൂടെയും വർഷങ്ങളായി സിറിയൻ യുവാക്കളുടെ വളര്‍ച്ചയ്‌ക്ക് ഇന്ത്യ പിന്തുണ നല്‍കുന്നുണ്ട്.
അടുത്തിടെ സിറിയയുടെ പ്രഥമ വനിത അസ്‌മ അസദിന് കാന്‍സര്‍ സ്ഥിരീകരിച്ചതായി പ്രസിഡൻ്റിൻ്റെ ഓഫീസ് അറിയിച്ചിരുന്നു. നിരവധി വൈദ്യപരിശോധനകൾക്ക് ശേഷം പ്രഥമവനിതയ്ക്ക് 'അക്യൂട്ട് മൈലോയ്‌ഡ് ലുക്കീമിയ' ആണെന്ന് കണ്ടെത്തുകയായിരുന്നു. നേരത്തെ സ്‌തനാർബുദം ബാധിച്ചിരുന്ന അസ്‌മ അതില്‍ നിന്ന് സുഖം പ്രാപിച്ചിരുന്നു