ന്യൂഡല്‍ഹി: രാജ്യസഭാ അധ്യക്ഷൻ ജഗ്‌ദീപ് ധൻഖറിനെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിച്ച കോൺഗ്രസ് നേതൃത്വത്തിലുള്ള ഇന്ത്യാ സഖ്യം. ഇന്ത്യയുടെ പാർലമെന്‍ററി ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരത്തിലൊരു നടപടി. സമാജ്‌വാദി പാർട്ടിയും (എസ്‌പി), തൃണമൂൽ കോൺഗ്രസും ആം ആദ്‌മിയും, സിപിഐ, സിപിഎം ഉൾപ്പെടെ ഇന്ത്യാ സഖ്യത്തിലെ പ്രധാന കക്ഷികളുടെ പിന്തുണയോടെ കോൺഗ്രസാണ് പ്രമേയം അവതരിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്. 65 പേരുടെ പിന്തുണയോടെയാണ് പ്രമേയം അവതരിപ്പിച്ചതെന്ന് പ്രതിപക്ഷ പാർട്ടികളിലൊന്നിലെ വൃത്തങ്ങൾ അറിയിച്ചു.
രാജ്യസഭയിൽ നടക്കുന്ന ചർച്ചകളിൽ ചെയർമാൻ പക്കഷപാതപരമായി പെരുമാറുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷ സഖ്യം അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. തിങ്കളാഴ്‌ച രാജ്യസഭയിൽ ജോർജ് സോറോസ് വിഷയത്തിൽ നടന്ന ചർച്ചക്കിടെ പ്രതിപക്ഷ അംഗങ്ങൾ ചെയർമാനുമായി നിരവധി തവണ വാക്കുതർക്കത്തിൽ ഏർപ്പെട്ടിരുന്നു. പ്രതിപക്ഷ അംഗങ്ങളുടെ പ്രസംഗങ്ങൾ ഇടയ്ക്കിടെ തടസപ്പെടുത്തുന്നുവെന്നും നിർണായക വിഷയങ്ങളിൽ മതിയായ സംവാദങ്ങൾ അനുവദിക്കാൻ വിസമ്മതിക്കുന്നുവെന്നും പ്രതിപക്ഷം ആരോപിച്ചിരുന്നു. വിവാദ ചർച്ചകളിൽ ഭരണകക്ഷിയെ ചെയർമാൻ അനുകൂലിക്കുന്നതായും പ്രതിപക്ഷ അംഗങ്ങൾ പരാതി ഉന്നയിച്ചു.
ഇതിനുപിന്നാലെയാണ് ഇന്ത്യാ സഖ്യം അവിശ്വാസ പ്രമേയം അവതരിപ്പിച്ചത്. അതേസമയം, രാജ്യസഭയിലും ലോക്‌സഭയിലും ഇന്ത്യാ സഖ്യത്തിന് കേവലഭൂരിപക്ഷമില്ലാത്തതിനാല്‍ പ്രമേയം വിജയിക്കാൻ സാധ്യതയില്ല. രാജ്യസഭയില്‍ എൻഡിഎയ്‌ക്ക് 124 സീറ്റുകളാണ് ഉള്ളത്, കേവലഭൂരിപക്ഷം 119 ആണ്. ലോക്‌സഭയില്‍ എൻഡിഎയ്‌ക്ക് 295 എംപിമാരാണ് ഉള്ളത്, കേവലഭൂരിപക്ഷം 272 ആണ് ആവശ്യം. ഇരുസഭകളിലും ഏറ്റവും വലിയ മുന്നണി എൻഡിഎ ആയതിനാല്‍ പ്രമേയം വിജയിക്കില്ല.