മുംബൈ: ഇന്ത്യ സഖ്യമെന്നാല്‍ അഴിമതിയുടെ കൂട്ടായ്‌മയാണെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ. മുംബൈയിൽ നടന്ന ബിജെപി യോഗത്തിലാണ് നദ്ദയുടെ പരാമര്‍ശം. രണ്ട് ദിവസത്തെ സന്ദർശനത്തിനായാണ് നദ്ദ മുംബൈയിലെത്തിയത്. മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയെയും ദേവേന്ദ്ര ഫഡ്‌നാവിസിനെയും കണ്ട് ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജനം സംബന്ധിച്ച് ജെപി നദ്ദ ചര്‍ച്ച നടത്തി. ഇരുവരുമായി നദ്ദ ഒരു മണിക്കൂർ ചര്‍ച്ച നടത്തിയതായാണ് വിവരം. മുംബൈയിലെ ബൂത്ത് മേധാവികളുടെ യോഗത്തിലും നദ്ദ പങ്കെടുത്തു. ഈ യോഗത്തിൽ വെച്ചാണ് ഇന്ത്യ മുന്നണിക്കെതിരെ രൂക്ഷ വിമര്‍ശനം നടത്തിയത്.
ഇന്ത്യന്‍ സാമ്പത്തിക മേഖലയെ ആഗോള തലത്തില്‍ മൂന്നാം സ്ഥാനത്തെത്തിക്കാന്‍ നരേന്ദ്ര മോദിയെ മൂന്നാം തവണയും തെരഞ്ഞെടുക്കണമെന്നും നദ്ദ പറഞ്ഞു.
'മുംബൈയിലെ മഹാരാഷ്ട്രയിലാണ് ഞാന്‍ എത്തിയിരിക്കുന്നത്. ഹിന്ദു സ്വരാജ്യത്തിന്‍റെ സ്ഥാപകനായ ഛത്രപതി ശിവജി മഹാരാജിന്‍റെ വാക്കുകളോടെയാണ് ഇവിടെ ഞാൻ എന്‍റെ പ്രസംഗം ആരംഭിക്കുന്നത്. നമ്മുടെ ഭരണഘടനയ്ക്ക് രൂപം നൽകുകയും രാജ്യത്തിന് ദിശാബോധം നൽകുകയും ചെയ്‌ത ഭാരതരത്ന ഡോ. ഭീംറാവു അംബേദ്‌കറിനെയും ഞാൻ ആദരിക്കുന്നു. 'അന്ധകാരം നീങ്ങും, സൂര്യൻ ഉദിക്കും, താമര വിരിയും' (അന്ധേര ഹതേഗാ, സൂരജ് നിക്ലേഗാ ഔർ കമൽ ഖിലേഗാ) എന്ന് 1980-ൽ ഭാരതരത്‌ന അടൽ ബിഹാരി വാജ്‌പേയി പറഞ്ഞു. ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ രാജ്യത്ത് പൂർണ്ണമായും താമര വിരിഞ്ഞു. നമുക്ക് രണ്ട് എംപിമാര്‍ മാത്രമുള്ള കാലം നമ്മൾ കണ്ടിട്ടുണ്ട്. ഇന്ന് നമ്മൾ രാജ്യത്തെ ഏറ്റവും വലിയ പാർട്ടിയായി മാറിയിരിക്കുകയാണ്. ഇത് നമുക്ക് വളരെ അഭിമാനകരമായ കാര്യമാണ്.
കഴിഞ്ഞ 10 വർഷത്തിനുള്ളിൽ പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ നമ്മള്‍ നിരവധി നേട്ടങ്ങൾ കൈവരിച്ചു.നമ്മുടെ ഉത്തരവാദിത്തവും അതോടൊപ്പം വർദ്ധിച്ചു. അന്ന് 8 വയസ്സ് പ്രായമുണ്ടായിരുന്ന ഒരു വ്യക്തിക്ക് ഇന്ന് 18 വയസ്സ് തികയുകയും വോട്ടവകാശം വിനിയോഗിക്കാനാവുകയും ചെയ്യും. അവന്‍ യുപിഎയുടെ അഴിമതി കണ്ടിട്ടുണ്ടാവില്ല. അവന് 2 ജി, 3 ജി, 4ജി ഒന്നും അറിയുമായിരിക്കില്ല. യുപിഎയുടെ ഏറ്റവും അഴിമതി നിറഞ്ഞ കാലഘട്ടം പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്‍റെ കാലമായിരുന്നു'-നദ്ദ പറഞ്ഞു.
Also Read: സമരത്തിനിടെ യുവ കര്‍ഷകന്‍ കൊല്ലപ്പെട്ട സംഭവം; കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാക്കൾ